Enter your Email Address to subscribe to our newsletters

Palakkad, 15 ജൂലൈ (H.S.)
നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതിയുടെ ശിക്ഷാവിധി നാളെ. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷായാണ് നാളെ വിധിക്കുക. പാലക്കാട് നാലാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് കേസില്‍ വിധി പറയുക. കൊലപാതകം നടന്ന് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിധി വരുന്നത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം.
പോത്തുണ്ടി ബോയന്‍ കോളനിയിലെ തിരുത്തന്‍പാടം സുധാകരന്‍ (50), അമ്മ ലക്ഷ്മി (75) എന്നിവരെ 2025 ജനുവരി 27ന് വെട്ടിക്കൊലപ്പെടുത്തിയതാണ് കേസ്. തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സുധാകരന്റെ കുടുംബമാണെന്നും, അവര്‍ ചെയ്ത ദുര്‍മന്ത്രവാദമാണ് തനിക്ക് വിനയായതെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിക്കെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ഉള്ളതിനാല്‍ വധശിക്ഷ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലെന്നും, പ്രതിക്ക് മാനസാന്തരപ്പെടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം വധശിക്ഷയെ എതിര്‍ത്തു. ബിഹാര്‍, രാജസ്ഥാന്‍ ഹൈക്കോടതികളുടെ മുന്‍കാല വിധികള്‍ പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. അര മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ശിക്ഷാവിധി നാളത്തേക്ക് മാറ്റിയത്. നാളെ പ്രതിയെ നേരിട്ട് ഹാജരാക്കില്ലെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ഹാജരാക്കുകയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മലമ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റിയ പ്രതിയെ, നാളത്തെ വിധിക്ക് ശേഷം വിയ്യൂര്‍ ജയിലിലേക്ക് മാറ്റും.
സുധാകരന്റെ ഭാര്യ സജിതയെ 2019 ഓഗസ്റ്റ് 31ന് വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ സെപ്റ്റംബര്‍ രണ്ടിന് ഇയാള്‍ പൊലീസിന്റെ പിടിയിലായി. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് ഇരട്ട ജീവപര്യന്തവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഈ കേസില്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ചെന്താമര 2022ല്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഇയാള്‍ പോത്തുണ്ടിയില്‍ താമസിച്ചിരുന്നത്. പ്രതി നാട്ടിലെത്തിയ വിവരം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ജാമ്യത്തിലിറങ്ങിയ ഇയാള്‍ സുധാകരന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പരാതികള്‍ പൊലീസ് മുഖവിലയ്ക്കെടുത്തില്ല. പൊലീസിന്റെ ഈ അശ്രദ്ധയും കെടുകാര്യസ്ഥതയുമാണ് ഇരട്ടക്കൊലപാതകത്തിന് കാരണമായതെന്ന് സംഭവത്തിന് പിന്നാലെ വ്യാപക ആരോപണം ഉയര്‍ന്നിരുന്നു.
ഇരട്ടക്കൊലപാതക കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎന്‍എസ് 103(1) പ്രകാരമുള്ള കൊലപാതകം, 126(2) പ്രകാരമുള്ള അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയപ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ തികച്ചും നിസംഗനായാണ് ചെന്താമര നിന്നത്. തനിക്ക് ഒന്നും പറയാനില്ലെന്നും വേണമെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ എന്നും പ്രതി കോടതിയോട് പറഞ്ഞു. താന്‍ ഗാന്ധിജിയല്ലെന്നും പ്രതി കോടതിയില്‍ വിളിച്ചുപറഞ്ഞു. കോടതി വരാന്തയിലിരിക്കുമ്പോഴും പൊലീസുകാരോട് ഇയാള്‍ സാധാരണ നിലയില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ചെന്താമര പുറത്തിറങ്ങിയാല്‍ തങ്ങളുടെ ജീവന് ഭീഷണിയാണെന്നും അതിനാല്‍ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
---------------
Hindusthan Samachar / Sreejith S