Enter your Email Address to subscribe to our newsletters

New delhi, 15 ജൂലൈ (H.S.)
പെണ്‍കുട്ടിയുടെ പൈജാമയുടെ വള്ളിയഴിക്കുന്നതും മാറിടത്തില്‍ സ്പര്‍ശിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാനാവില്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ലൈംഗികാതിക്രമ കേസുകളില്‍ ജഡ്ജിമാര്‍ പുലര്‍ത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീംകോടതിയുടേയും എല്ലാ ഹൈക്കോടതികളുടേയും വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
പെണ്‍കുട്ടിയുടെ പൈജാമയുടെ വള്ളിയഴിക്കുന്നതും മാറിടത്തില്‍ സ്പര്‍ശിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാനാവില്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത്തരം സംഭവങ്ങള്‍ അടിക്കടിയുണ്ടാകുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീയുടെ സല്‍വാര്‍ അഴിക്കുന്നതും മാറിടത്തില്‍ സ്പര്‍ശിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന് ജൂലായ് ഒമ്പതിന് പട്ന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ ജഡ്ജിമാര്‍ക്ക് ബോധവത്കരണം നല്‍കണമെന്ന് നിര്‍ദേശിച്ചുള്ള സുപ്രീംകോടതിയുടെ മുന്‍ വിധി പട്ന ഹൈക്കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നോ എന്ന് ജസ്റ്റിസ് വി. മോഹന ആരാഞ്ഞു. പട്ന ഹൈക്കോടതിയുടെ ഉത്തരവ് പരാമര്‍ശിച്ചുകൊണ്ട്, ഇത്തരം വിഷയങ്ങളില്‍ ഗവേഷണം നടത്തേണ്ട ഉത്തരവാദിത്വം ജഡ്ജിമാര്‍ക്കുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
കോടതികളെല്ലാം റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും ഈ നിര്‍ദേശങ്ങള്‍ അടങ്ങിയ ഹാന്‍ഡ്ബുക്കുകള്‍ പിന്തുടരാന്‍ സംസ്ഥാനങ്ങള്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കണം. ഇതുമായി ബന്ധപ്പെട്ട് വിശദമായ വിധിന്യായം പിന്നീട് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്ത്രീയുടെ സല്‍വാര്‍ അഴിക്കുന്നതും മാറിടത്തില്‍ സ്പര്‍ശിക്കുന്നതും ബലാത്സംഗ ശ്രമം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നായിരുന്നു പട്ന ഹൈക്കോടതിയുടെ നിരീക്ഷണം. ഇത്തരം പ്രവൃത്തികള്‍ സ്ത്രീത്വത്തിനുനേര്‍ക്കുള്ള അപമാനം എന്ന രീതിയിലാണ് കണക്കാക്കേണ്ടതെന്നും കടുത്ത ശിക്ഷ ലഭിക്കാവുന്ന ബലാത്സംഗശ്രമമായി കാണാനാവില്ലെന്നും ജസ്റ്റിസ് പൂര്‍ണേന്ദു സിങ് വ്യക്തമാക്കിയിരുന്നു. ബലാത്സംഗശ്രമത്തിന് ഒരാള്‍ക്ക് വിചാരണക്കോടതി നല്‍കിയ ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് പട്ന ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്
---------------
Hindusthan Samachar / Sreejith S