Enter your Email Address to subscribe to our newsletters

Kozhikkode, 15 ജൂലൈ (H.S.)
ആര്‍എസ്എസിന്റെ തലവന് മുന്നില്‍ കുമ്പിട്ട് നിന്ന് നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സഖാവ് പിണറായി വിജയനും സിപിഎം പ്രസ്ഥാനത്തിനും ഉള്ളതെന്ന് പി.എ. മുഹമ്മദ് റിയാസ്. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുപകരം വിഷയം വഴിതിരിച്ചുവിടുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.പ്ലീഡര്‍ നിയമന വിഷയം സിപിഎം മാത്രം ഉന്നയിച്ചതല്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും കെഎസ്യുവും ഇതേ വിഷയം പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘപരിവാര്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കുന്നതില്‍ ആരും തെറ്റ് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും, എന്നാല്‍ സംഘപരിവാര്‍ നേതാക്കളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുവെന്ന വിമര്‍ശനമാണ് ഉയര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് മറുപടിയായി മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, വസ്തുതകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിയാസ് പറഞ്ഞു.കഴിഞ്ഞ അന്‍പത് ദിവസത്തിനിടെ ബിജെപി സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ സ്വീകരിക്കുമായിരുന്ന നിരവധി തീരുമാനങ്ങളാണ് നിലവിലെ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാതെ ജനങ്ങളോട് വ്യക്തമായ മറുപടി പറയുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി നേതാക്കളുമായി മുഖ്യമന്ത്രി ചര്ച്ച നടത്തിയെന്ന സിപിഎം എംഎല്എ മുഹമ്മദ് റിയാസിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞിരുന്നു്. ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് ഒളിച്ചല്ല. താന് അവരെ ഓഫീസ് മുറിയില് ഇരുത്തിയാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തനിക്കെതിരെ വ്യാപക പ്രചാരണം നടത്തിയവര് ഉള്‌പ്പെടെയുള്ളവരാണ് നിവേദനം നല്കാന് വന്നത്. അവരെ കാണാന് പറ്റില്ലെന്ന് പറയാന് കഴിയില്ല. താന് ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയല്ല. അതിനാല് കാണാന് വരുന്നവരോട് സംസാരിക്കാതിരിക്കാന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പിണറായി വിജയന് മുഖ്യമന്ത്രി ആയിരുന്നപ്പോള് സംഘപരിവാര് നേതാക്കളെ കണ്ടത് രഹസ്യമായാണ്. ഔദ്യോഗിക വാഹനം മാറ്റി മറ്റൊരു വാഹനത്തില് മസ്‌കറ്റ് ഹോട്ടലില് എത്തി മാധ്യമപ്രവര്ത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ ശേഷം ഒളിച്ചു കണ്ടതുപോലെയല്ല താന് നടത്തിയ കൂടിക്കാഴ്ച. ഗവണ്മെന്റിനെതിരെ സമരംചെയ്യുന്ന എന്.ജി.ഒ യൂണിയന് നേതാക്കളും സി.പി.എം അനുകൂല അധ്യാപക സംഘടനകളും താന് ഹിന്ദു ഐക്യവേദി നേതാക്കളെ ഇരുത്തിയ അതേ കസേരയില് വന്നിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചകള് സ്വാഭാവികമാണ്. ബി.ഡി.ജെ.എസ് നേതാവ് തുഷാര് വെള്ളാപ്പള്ളി ആലുവയിലെ വസതിയില്വന്ന് കണ്ടിരുന്നു. അതുപോലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ കാര്യങ്ങള് സംസാരിക്കാന് വന്നിട്ടുണ്ട്. കൂടാതെ നിരവധി ബിഷപ്പുമാരും സമസ്തയുടെ നേതാക്കളും തങ്ങളുടെ സാമൂഹിക പ്രശ്‌നങ്ങളും സ്ഥാപനങ്ങളുടെ കാര്യങ്ങളും സംസാരിക്കാന് വരാറുണ്ടെന്നും വി.ഡി. സതീശന് വ്യക്തമാക്കി. ആരുവന്നാലും അവര്ക്ക് പറയാനുള്ളത് കേള്ക്കുക എന്നത് ഒരു ജനപ്രതിനിധിയുടെ കടമയാണെന്നും ഇത്തരം കൂടിക്കാഴ്ചകളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയാണ് റിയാസിന്റെ പ്രതികരണം
---------------
Hindusthan Samachar / Sreejith S