Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ജൂലൈ (H.S.)
ഹിന്ദുഐക്യവേദി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെന്ന സിപിഎം എംഎല്‍എ മുഹമ്മദ് റിയാസിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശന്‍. ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് ഒളിച്ചല്ല. താന്‍ അവരെ ഓഫീസ് മുറിയില്‍ ഇരുത്തിയാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തനിക്കെതിരെ വ്യാപക പ്രചാരണം നടത്തിയവര്‍ ഉള്‍പ്പെടെയുള്ളവരാണ് നിവേദനം നല്‍കാന്‍ വന്നത്. അവരെ കാണാന്‍ പറ്റില്ലെന്ന് പറയാന്‍ കഴിയില്ല. താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയല്ല. അതിനാല്‍ കാണാന്‍ വരുന്നവരോട് സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സംഘപരിവാര്‍ നേതാക്കളെ കണ്ടത് രഹസ്യമായാണ്. ഔദ്യോഗിക വാഹനം മാറ്റി മറ്റൊരു വാഹനത്തില്‍ മസ്‌കറ്റ് ഹോട്ടലില്‍ എത്തി മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ ശേഷം ഒളിച്ചു കണ്ടതുപോലെയല്ല താന്‍ നടത്തിയ കൂടിക്കാഴ്ച. ഗവണ്‍മെന്റിനെതിരെ സമരംചെയ്യുന്ന എന്‍.ജി.ഒ യൂണിയന്‍ നേതാക്കളും സി.പി.എം അനുകൂല അധ്യാപക സംഘടനകളും താന്‍ ഹിന്ദു ഐക്യവേദി നേതാക്കളെ ഇരുത്തിയ അതേ കസേരയില്‍ വന്നിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ സ്വാഭാവികമാണ്. ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ആലുവയിലെ വസതിയില്‍വന്ന് കണ്ടിരുന്നു. അതുപോലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ കാര്യങ്ങള്‍ സംസാരിക്കാന്‍ വന്നിട്ടുണ്ട്. കൂടാതെ നിരവധി ബിഷപ്പുമാരും സമസ്തയുടെ നേതാക്കളും തങ്ങളുടെ സാമൂഹിക പ്രശ്‌നങ്ങളും സ്ഥാപനങ്ങളുടെ കാര്യങ്ങളും സംസാരിക്കാന്‍ വരാറുണ്ടെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. ആരുവന്നാലും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഒരു ജനപ്രതിനിധിയുടെ കടമയാണെന്നും ഇത്തരം കൂടിക്കാഴ്ചകളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ കാണാന്‍ അനുമതി നിഷേധിച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ബജറ്റ് തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം തന്റെ പി.എയെ വിളിച്ചിരുന്നു. പിന്നീട് താന്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ച് സംസാരിക്കുകയും കാണാമെന്ന് സമ്മതിക്കുകയും ചെയ്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം താന്‍ അനുമതി നല്‍കിയില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വരികയാണുണ്ടായതെന്നും അദ്ദേഹം നേരിട്ട് ഇത്തരമൊരു പരാതി പറഞ്ഞതായി കണ്ടിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. നേതാക്കളെ കാണുന്നത് എപ്പോഴും പരസ്യമായിട്ടാണെന്നും അനുമതി നിഷേധിച്ചാല്‍ മാത്രമാണ് അത് വാര്‍ത്തയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S