ദക്ഷിണേന്ത്യയില് ഐ.എസ് സാന്നിധ്യം ഉറപ്പിക്കാന് അല്-ഹിന്ദ് ഭീകര ഗൂഢാലോചന: മുഖ്യപ്രതിക്ക് എഴുവര്ഷം തടവ്
Bengaluru, 15 ജൂലൈ (H.S.) ദക്ഷിണേന്ത്യയില്‍ ഐ.എസ് (ISIS) സാന്നിധ്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച അല്‍-ഹിന്ദ് ഭീകര ഗൂഢാലോചന കേസില്‍ മുഖ്യപ്രതികളിലൊരാള്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 48,000 രൂപ പിഴയും. ബെംഗളൂരുവിലെ എന്‍.ഐ.എ (NIA) പ്രത്യേക കോ
nia


Bengaluru, 15 ജൂലൈ (H.S.)

ദക്ഷിണേന്ത്യയില്‍ ഐ.എസ് (ISIS) സാന്നിധ്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച അല്‍-ഹിന്ദ് ഭീകര ഗൂഢാലോചന കേസില്‍ മുഖ്യപ്രതികളിലൊരാള്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 48,000 രൂപ പിഴയും. ബെംഗളൂരുവിലെ എന്‍.ഐ.എ (NIA) പ്രത്യേക കോടതിയുടേതാണ് വിധി. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുഹമ്മദ് ഹനീഫ് ഖാനെയാണ് കോടതി ശിക്ഷിച്ചത്.

കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ പ്രതിയാണ് മുഹമ്മദ് ഹനീഫ് ഖാന്‍. ഇതുവരെ 20 പ്രതികള്‍ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. നിലവില്‍ ഈ 20 പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. 2020 ജനുവരി 10ന് ബെംഗളൂരു സിറ്റി പൊലീസാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദിവസങ്ങള്‍ക്കകം എന്‍.ഐ.എ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലുമായി നിരവധി യുവാക്കളെ റിക്രൂട്ട് ചെയ്ത് ദക്ഷിണേന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലുള്ള ശിവനസമുദ്ര, ഗുണ്ടല്‍പേട്ട് തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഭീകരര്‍ക്ക് ഒളിത്താവളങ്ങള്‍ നിര്‍മിക്കാനും പരിശീലനം നല്‍കാനും അനുയോജ്യമായ കൊടുംകാടുകള്‍ കണ്ടെത്താന്‍ ശ്രമിച്ച സംഘത്തില്‍ ഹനീഫ് ഖാനും ഉള്‍പ്പെട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ദക്ഷിണേന്ത്യയില്‍ 'ഐ.എസ്/ദായേഷ് പ്രവിശ്യ' സ്ഥാപിക്കുക എന്നതായിരുന്നു ഈ ഗൂഢാലോചനയുടെ പ്രധാന ലക്ഷ്യമെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ഇതിനായി കര്‍ണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു പദ്ധതി.

ഈ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരനായ മെഹബൂബ് പാഷ ബെംഗളൂരുവിലെ ഗുരപ്പനപാളയയിലുള്ള തന്റെ വസതിയില്‍ നിരവധി രഹസ്യ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ യോഗങ്ങളിലാണ് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും, ദേശവിരുദ്ധ അജണ്ടകള്‍ പ്രചരിപ്പിക്കാനും, പ്രമുഖ വ്യക്തികളെ ലക്ഷ്യമിട്ട് കൊലപ്പെടുത്താനും ഗൂഢാലോചന നടന്നത്. ഐ.എസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും സംഭരിക്കാന്‍ പാഷയും കൂട്ടാളികളും കരാറിലേര്‍പ്പെട്ടിരുന്നു.

പാഷ നേരിട്ട് രണ്ട് പിസ്റ്റളുകളും 60 വെടിയുണ്ടകളും ഹനീഫിന് കൈമാറിയിരുന്നു. കൂടാതെ, മറ്റ് പ്രതികള്‍ക്ക് ബെംഗളൂരുവില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് വാടക കാറില്‍ രക്ഷപ്പെടാന്‍ ഹനീഫ് സഹായം നല്‍കിയതായും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഹിന്ദു നേതാക്കളെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതിയായ ഖാജാ മൊയ്തീനുമായി ചേര്‍ന്നാണ് മെഹബൂബ് പാഷ അല്‍-ഹിന്ദ് മൊഡ്യൂളിന് രൂപം നല്‍കിയത്.

---------------

Hindusthan Samachar / Sreejith S


Latest News