Enter your Email Address to subscribe to our newsletters

Kottayam, 15 ജൂലൈ (H.S.)
മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടു എന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഇനി ഫോട്ടോയില്‍ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാന്‍ കഴിയാതിരുന്നതെങ്കില്‍ അത് അന്നുതന്നെ പറയാമായിരുന്നു. ഇപ്പോള്‍ ന്യായീകരണം പറയുന്നതില്‍ കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. താന്‍ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞെന്നും തനിക്ക് ഇനി ആരെയും കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ എന്‍എസ്എസ് നേതൃത്വം അനുമതി തേടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍, കാണാനുള്ള തീയതിയോ സമയമോ അറിയിച്ചില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞു. സുകുമാരന്‍ നായര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനുപിന്നാലെയാണ് പ്രതികരണം.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ കാണാന്‍ അനുമതി നിഷേധിച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. ബജറ്റ് തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം തന്റെ പി.എയെ വിളിച്ചിരുന്നെന്നും പിന്നീട് താന്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ച് സംസാരിക്കുകയും കാണാമെന്ന് സമ്മതിക്കുകയും ചെയ്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം താന്‍ അനുമതി നല്‍കിയില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വരികയാണുണ്ടായതെന്നും അദ്ദേഹം നേരിട്ട് ഇത്തരമൊരു പരാതി പറഞ്ഞതായി കണ്ടിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. നേതാക്കളെ കാണുന്നത് എപ്പോഴും പരസ്യമായിട്ടാണെന്നും അനുമതി നിഷേധിച്ചാല്‍ മാത്രമാണ് അത് വാര്‍ത്തയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാണ് സുകുമാരന്‍ നായര്‍ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയോടുള്ള നീരസം കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സുകുമാരന്‍ നായരുടെ പ്രതികരണം.
---------------
Hindusthan Samachar / Sreejith S