Enter your Email Address to subscribe to our newsletters

Kochi , 16 ജൂലൈ (H.S.)
സമുദ്ര സുരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്. കൊച്ചിയിൽ കോസ്റ്റ്ഗാർഡ് ട്രെയിനിങ് സെന്ററിന്റെ അത്യാധുനിക സമുച്ചയമൊരുങ്ങി. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പരിശീലന മികവ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സജ്ജമാക്കിയ അത്യാധുനിക കോസ്റ്റ് ഗാർഡ് ട്രെയിനിങ് സെന്റർ സമുച്ചയം ഉദ്ഘാടനം ചെയ്തു. കോസ്റ്റ് ഗാർഡ് റീജിയൻ കമാൻഡർ ഇൻസ്പെക്ടർ ജനറൽ ഭീഷ്മം ശർമ്മയാണ് പുതിയ സമുച്ചയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. കേരള ആൻഡ് മാഹി കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റ് ആസ്ഥാനമായ കൊച്ചിയിലാണ് ഈ പുതിയ അത്യാധുനിക പരിശീലന കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
മികവിന്റെ കേന്ദ്രമായി സിജിടിസി
സമുദ്ര സുരക്ഷാ നിയമപാലന രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾക്ക് സമഗ്രവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സമുച്ചയം നിർമിച്ചിരിക്കുന്നത്. കോസ്റ്റ് ഗാർഡ് ട്രെയിനിങ് സെന്ററിനെ ഈ മേഖലയിലെ ഏറ്റവും മികച്ച ഒരു ‘സെന്റർ ഓഫ് എക്സലൻസ്’ ആയി ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ. ആധുനിക ക്ലാസ് മുറികൾ, മികച്ച സാങ്കേതിക സൗകര്യങ്ങൾ, പ്രായോഗിക പരിശീലനത്തിനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഈ സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്.
മഹാസാഗർ' ദൗത്യത്തിന് കരുത്തേകുന്നു
ദേശീയ തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് പുറമെ അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള ട്രെയിനികൾക്കും ഇവിടെ ഉയർന്ന നിലവാരത്തിലുള്ള പരിശീലനം നൽകും. സമുദ്ര മേഖലയിലെ പ്രാദേശിക സഹകരണവും സുരക്ഷയും ലക്ഷ്യമിട്ടുള്ള ഭാരത സർക്കാരിന്റെ സുപ്രധാന ദൗത്യമായ ‘മഹാസാഗർ’ എന്ന കാഴ്ചപ്പാടിന് പുതിയ സമുച്ചയം വലിയ സംഭാവനകൾ നൽകും. സമുദ്ര അതിർത്തികളിലെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും പ്രാദേശിക സമുദ്ര സുരക്ഷാ ശേഷി വർധിപ്പിക്കുന്നതിനും ഈ കേന്ദ്രം നിർണായക പങ്ക് വഹിക്കും.
വിവിധ സുരക്ഷാ ഏജൻസികളുടെ പരിശീലന കേന്ദ്രംവർഷങ്ങളായി വിവിധ സമുദ്ര സുരക്ഷാ പങ്കാളികളുടെയും ഏജൻസികളുടെയും പ്രധാന പരിശീലന കേന്ദ്രമായി സിജിടിസി പ്രവർത്തിച്ച് വരുന്നു. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് പുറമെ കോസ്റ്റൽ മറൈൻ പൊലീസ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയ സുപ്രധാന വിഭാഗങ്ങൾക്കും ഇവിടെ മികച്ച രീതിയിൽ പരിശീലനം നൽകുന്നുണ്ട്.
സമുദ്ര അതിർത്തികളുടെ സുരക്ഷ ശക്തമാക്കുന്നതിനൊപ്പം ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാനുള്ള പ്രവർത്തന സജ്ജത വർധിപ്പിക്കുക എന്നതിനാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് എപ്പോഴും മുൻഗണന നൽകുന്നത്. പുതിയ സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടെ, ഉദ്യോഗസ്ഥരുടെ കാര്യശേഷി വർധിപ്പിക്കുന്നതിനും ഉയർന്ന നിലവാരമുള്ള ശാസ്ത്രീയ പരിശീലനം നൽകുന്നതിനുമുള്ള കോസ്റ്റ് ഗാർഡിന്റെ സന്നദ്ധതയാണ് വീണ്ടും വ്യക്തമാകുന്നത്. ഉദ്ഘാടന ചടങ്ങിൽ കോസ്റ്റ് ഗാർഡിലെ ഉയർന്ന ഉദ്യോഗസ്ഥരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR