Enter your Email Address to subscribe to our newsletters

Thrissur , 16 ജൂലൈ (H.S.)
ഫുട്ബോൾ മത്സരത്തിനിടെ വൈദ്യുതി നിലച്ചതിനെ തുടർന്ന് തൃശൂർ അന്നമനടയിലെ കെഎസ്ഇബി ഓഫിസിലും സബ്സ്റ്റേഷനിലും നാട്ടുകാരുടെ ആക്രമണം. അതിക്രമത്തിൽ പരിക്കേറ്റ താത്കാലിക ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അർജൻ്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനൽ മത്സരം നടക്കുന്നതിന് മുൻപാണ് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടത്. ഇതേത്തുടർന്ന് പ്രകോപിതരായ ഒരു സംഘം ആളുകൾ അന്നമനട കെഎസ്ഇബി ഓഫിസിലും 33 കെവി സബ്സ്റ്റേഷനിലും അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. വൈദ്യുതി മുടങ്ങിയതിൻ്റെ പേരിൽ ഓഫിസിലെത്തിയ സംഘം ജീവനക്കാരെ അസഭ്യം പറയുകയും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് ഇത് വലിയ കൈയാങ്കളിയിലേക്ക് വഴിമാറി. സബ്സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാരനായ നിതിനാണ് മർദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിസിടിവി ദൃശ്യങ്ങൾ നിർണായകംകെഎസ്ഇബി ഓഫിസിലെയും സബ്സ്റ്റേഷനിലെയും കാമറകളിൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ ഈ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. അതേസമയം ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവനക്കാരെ ആക്രമിച്ചതിലും സർക്കാർ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയതിലും കെഎസ്ഇബി ജീവനക്കാരും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുമുതൽ നശിപ്പിച്ചതും ജീവനക്കാരെ മർദിച്ചതും അതീവ ഗൗരവമുള്ള കാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. അക്രമികൾക്കെതിരെ കർശന നിയമനടപടി ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർ മാള പൊലീസ് സ്റ്റേഷനിൽ ഔദ്യോഗിക പരാതി നൽകും.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിഅതേസമയം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യമാണുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. പ്രതിസന്ധി മറികടക്കാൻ രാത്രി സമയങ്ങളിലെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഫാൻ, ലൈറ്റ് തുടങ്ങിയവ ആവശ്യത്തിന് മാത്രം ഉപയോഗിച്ച് സഹകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. നിലവിൽ സംസ്ഥാനത്ത് ഘട്ടം ഘട്ടമായി രണ്ടു മണിക്കൂർ വരെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാത്രിയിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രതിസന്ധി ഇതേ രീതിയിൽ തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
രാജ്യത്തുടനീളം വൈദ്യുതി ആവശ്യം വർധിച്ച സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചുകൾ വഴിയുള്ള വിതരണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ 600 മെഗാവാട്ടിൻ്റെ വരെ കുറവുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മഴക്കുറവ് കാരണം സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതികളിലെല്ലാം ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും ആഭ്യന്തര ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുറത്തുനിന്ന് ഉയർന്ന വില കൊടുത്ത് വൈദ്യുതി വാങ്ങിയാണ് നിലവിൽ വിതരണം സുഗമമാക്കുന്നത്. ഈ സാഹചര്യം തുടരുകയാണെങ്കിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടേക്കാം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR