സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി
Thiruvananthapuram, 16 ജൂലൈ (H.S.) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വിലയിൽ വർധന ഉണ്ടായതിന് ശേഷമാണ് ഇന്ന് വീണ്ടും കുറഞ്ഞത്. പവന് 200 രൂപ കുറഞ്ഞ് 1,05,080 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ
Gold rate increased


Thiruvananthapuram, 16 ജൂലൈ (H.S.)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വിലയിൽ വർധന ഉണ്ടായതിന് ശേഷമാണ് ഇന്ന് വീണ്ടും കുറഞ്ഞത്. പവന് 200 രൂപ കുറഞ്ഞ് 1,05,080 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,135 രൂപയായി. കഴിഞ്ഞ ദിവസം പവന് 1,05,280 രൂപയിലും ഗ്രാമിന് 13,160 രൂപയിലുമാണ് വ്യാപാരം നടന്നത്. സ്വർണത്തിന് വില ഇടിയുന്നത് ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വിവാഹ സീസൺ ഉൾപ്പെടെ വരാനിരിക്കുന്ന സാഹചര്യത്തിൽ ഈ വിലക്കുറവ് വിപണിയിൽ ഉണർവുണ്ടാക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നവരും വിലക്കുറവിൻ്റെ ഈ അവസരം പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ട്.

വിവിധ കാരറ്റുകളിലെ നിരക്ക്വിവിധ കാരറ്റുകളിലുള്ള സ്വർണവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,790 രൂപയും പവന് 86,320 രൂപയുമാണ്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,410 രൂപയും പവന് 67,280 രൂപയുമാണ് നിരക്ക്. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,425 രൂപയും പവന് 43,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കും ഡയമണ്ട് ആഭരണങ്ങൾക്കും പ്രധാനമായും 18 കാരറ്റ് സ്വർണമാണ് ഉപയോഗിക്കുന്നത് എന്നതിനാൽ ഈ വിഭാഗത്തിലും ആവശ്യക്കാർ വർധിച്ചേക്കാം.

പണിക്കൂലിയും നികുതിയുംസംസ്ഥാനത്ത് സ്വർണാഭരണങ്ങൾക്ക് വില ഈടാക്കുന്നത് സ്വർണവില, പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്കിങ് ചാർജ് എന്നിവ ചേർത്താണ്. ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന ആഭരണത്തിൻ്റെ ഡിസൈനുകളും നിർമാണവും അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. മെഷീൻ ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ആൻ്റിക്, കട്ടിങ് ഡിസൈനുകളുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലായിരിക്കും. ഇതിനുപുറമെ എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിച്ച ആഭരണങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന കർശന നിർദേശവും നിലവിലുണ്ട്. ഇത് ഉപഭോക്താക്കൾക്ക് സ്വർണത്തിൻ്റെ പരിശുദ്ധി ഉറപ്പാക്കാൻ സഹായിക്കുന്നു

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ആഗോള തലത്തിൽ യുഎസ് ഡോളർ ശക്തി പ്രാപിച്ചതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളുമാണ് സ്വർണവില കുത്തനെ കുറയാനുള്ള കാരണമായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഡോളറിൻ്റെ മൂല്യം ഉയരുമ്പോൾ മറ്റ് രാജ്യങ്ങളിലെ നിക്ഷേപകർക്ക് സ്വർണം വാങ്ങുന്നത് ചെലവേറിയതായി മാറുകയും ഇത് ആഗോള വിപണിയിൽ സ്വർണത്തിനുള്ള ഡിമാൻഡ് കുറയ്ക്കുകയും ചെയ്യുന്നു.

ഇതിനുപുറമെ ഇന്ത്യൻ വിപണികളിൽ സ്വർണത്തിൻ്റെ ഇറക്കുമതിക്ക് ഡിമാൻഡ് കുറഞ്ഞതും ആളുകൾ ഉയർന്ന വില കണ്ട് കൈവശമുള്ള പഴയ സ്വർണം വിറ്റ് പണമാക്കാൻ തയാറാകുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണവില നിർണയിക്കുന്നതിൽ നിർണായകമാണ്. വരാനിരിക്കുന്ന ഉത്സവ സീസണുകൾ പ്രാദേശിക വിപണിയിൽ ആവശ്യക്കാർ വർധിക്കാൻ കാരണമാകുമെങ്കിലും ആഗോള സാമ്പത്തിക നയങ്ങളാകും വിലയെ പ്രധാനമായും നിയന്ത്രിക്കുക. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും രാജ്യാന്തര തലത്തിലെ പണപ്പെരുപ്പ നിരക്കുകളും വരും ദിവസങ്ങളിൽ സ്വർണവിലയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News