Enter your Email Address to subscribe to our newsletters

Thiruvananthapuram , 16 ജൂലൈ (H.S.)
സർക്കാർ സ്ഥാപനമായ മെഡിക്കൽ സർവീസ് കോർപ്പറേഷൻ തിരുവനന്തപുരം ടെന്നീസ് ക്ലബിൽ അംഗത്വമെടുത്ത് സംബന്ധിച്ച് ചോദ്യമുയരുന്നു.. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് സർക്കാർ സ്ഥാപനം ടെന്നീസ് ക്ലബിൽ എന്തിന് അംഗതവമെടുത്തുവെന്ന ചോദ്യമാണ് വകുപ്പിനുള്ളിലും പുറത്തും ഉയരുന്നത്. ഇതു സംബന്ധിച്ച് നിയമസഭയിൽ 2022 ഡിസംബർ 12ന് സനീഷ് കുമാർ ജോസഫ് ഉന്നയിച്ച ചോദ്യത്തിന് അന്നത്തെ ആരോഗ്യ മന്ത്രി നൽകിയ മറുപടിയിൽ നിന്നും അംഗത്വം സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാകുന്നുണ്ട്.
2017 ഏപ്രിലിലാണ് ക്ലബിൽ കോർപ്പറേഷൻ അംഗത്വമെടുത്തത്. ഇതിനായി 1150000 രൂപയാണ് പ്രവേശന ഫീസായി നൽകിയത്. ടെന്നിസ് ക്ലബിൽ സർക്കാർ സ്ഥാപനങ്ങൾ അംഗത്വം എടുക്കാറില്ല. ഇതിനായി പ്രത്യേക ഫണ്ടും സർക്കാർ നൽകാറില്ല. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് 2017 ഏപ്രിലിൽ മെഡിക്കൽ സർവിസ് കോർപറേഷൻ കോർപറേറ്റ് അംഗമായത്. ഇതിനുള്ള സാഹചര്യം എന്തായിരുന്നുവെന്ന ചോദ്യത്തിന് അത് കോർപ്പറേഷൻ വ്യക്തമാക്കിയിട്ടില്ലെന്നും ചെയർമാൻ്റെ നിർദേശ പ്രകാരമാണ് അംഗത്വമെന്നും ഇതിൽ പറയുന്നു.
മെമ്പർഷിപ്പ് എടുത്തത് രാജീവ് സദാനന്ദൻ്റെ നിർദേശ പ്രകാരമെന്ന് സൂചന
മെഡിക്കൽ സർവീസസ് കോർപറേഷൻ ചെയർമാനും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന രാജീവ് സദാനന്ദനാണ് ടെന്നിസ് ക്ലബിൽ മെമ്പർഷിപ്പ് എടുക്കണമെന്ന് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. നവജ്യോത് ഖോസെ ഐഎഎസിന് നിർദേശം നൽകിയത്. അംഗത്വം എടുക്കുന്നതിനുള്ള അടിയന്തര നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് 2017 ഏപ്രിൽ 11ന് രാജീവ് സദാനന്ദൻ ഖോസെക്ക് കത്ത് നൽകി.
തുടർന്നാണ് 11.50 ലക്ഷം രൂപ മെമ്പർഷിപ്പ് ഫീസ് നൽകി ടെന്നിസ് ക്ലബിൽ കോർപ്പറേഷൻ അംഗത്വമെടുത്തത്. 2017 - 18 ൽ 11.50 ലക്ഷം മെമ്പർഷിപ്പ് ഫീസായും 1,93,833 രൂപ മാസവരി, മീറ്റിങ് ചെലവുകൾക്കും ടെന്നിസ് ക്ലബിന് നൽകി. 2018 - 19 ന് 2,59,709 രൂപയും 2019 -20 ൽ 2,69,938 രൂപയും 2020-21 ൽ 14660 രൂപയും 2021 - 22 ൽ 14660 രൂപയും 2022 ഓഗസ്ത് വരെ 10990 രൂപയും നൽകിയിട്ടുണ്ട്. ശൈലജ ടീച്ചറിൻ്റെ കാലത്ത് 18,88,140 രൂപയാണ് ക്ലബിന് നൽകിയത്. വീണ ജോർജ് ആരോഗ്യ വകുപ്പിൻ്റെ തലപ്പത്ത് വന്നതിനുശേഷം ടെന്നിസ് ക്ലബിന് നൽകിയത് 25,560 രൂപയാണ്.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ
സർക്കാർ ആശുപത്രികളിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൃത്യസമയത്ത് ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ (Medical Services Corporation). ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞവിലയ്ക്ക് വാങ്ങി സർക്കാർ ആശുപത്രികളിലൂടെ രോഗികൾക്ക് സൗജന്യമായോ കുറഞ്ഞ ചെലവിലോ വിതരണം ചെയ്യുന്നു. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, ലാബ് സാമഗ്രികൾ എന്നിവ ടെൻഡർ വഴി സംഭരിക്കലും അവയുടെ കൃത്യമായ അറ്റകുറ്റപ്പണികളും ഉറപ്പാക്കുന്നു. അഴിമതി ഒഴിവാക്കി മികച്ച മരുന്നുകൾ ലഭ്യമാക്കാൻ പ്രത്യേക ഗുണനിലവാര പരിശോധനകളും കോർപ്പറേഷൻ നടത്താറുണ്ട്. ഇതിന് പുറമേ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ വഴി സാധാരണക്കാർക്ക് ബ്രാൻഡഡ് മരുന്നുകൾ വലിയ വിലക്കുറവിൽ ലഭ്യമാക്കുന്നതും ഇതിൻ്റെ കീഴിലാണ്
കൊവിഡ് കാല പർച്ചേസും ആരോപണങ്ങളും അന്വേഷണവും
കൊവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടത്തിയ മെഡിക്കൽ ഉപകരണങ്ങളുടെയും സുരക്ഷാ സാമഗ്രികളുടെയും പർച്ചേസുകൾ വലിയ അഴിമതി ആരോപണങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ അടിയന്തരമായി വാങ്ങിയവയിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (C&AG) കണ്ടെത്തിയിരുന്നു.
ഉയർന്ന വിലയ്ക്ക് പിപിഇ കിറ്റുകൾ (PPE KIT) വാങ്ങിയതിലൂടെ സംസ്ഥാനത്തിന് 10.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നു. വിപണിയിൽ 545 രൂപയ്ക്ക് ലഭ്യമായിരുന്ന കിറ്റുകൾക്ക് 1,550 രൂപ വരെ നൽകി. മുൻ പരിചയമില്ലാത്ത കമ്പനികൾക്ക് ചട്ടങ്ങൾ ലംഘിച്ച് മുൻകൂറായി മുഴുവൻ തുകയും നൽകി.
2020 മാർച്ചിനു ശേഷം ഓരോ ദിവസവും കോടിക്കണക്കിനു രൂപയുടെ പർച്ചേസ് ഓർഡറുകളാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസിൽനിന്ന് ഇറക്കിയിരുന്നത്. ബ്ലീച്ചിങ് പൗഡർ മുതൽ 15 ലക്ഷത്തോളം വിലയുള്ള വെൻ്റിലേറ്റർ യൂണിറ്റുകളും കൊവിഡ് പരിശോധനാ യന്ത്രങ്ങളും വരെ ദിവസങ്ങൾക്കുള്ളിൽ വാങ്ങിക്കൂട്ടി. പിപിഇ കിറ്റിനും മറ്റ് അവശ്യ വസ്തുക്കൾക്കുമായി 301 കോടി രൂപയും വെൻ്റിലേറ്റർ, ഐസിയു കിടക്കകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾക്കായി 306 കോടി രൂപയും അടിയന്തരമായി അനുവദിക്കാനായിരുന്നു മെഡിക്കൽ കോർപറേഷൻ ശുപാർശ നൽകിയത്. ഇതിൽ ഭൂരിഭാഗവും സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു.കൊവിഡ് കാലത്ത് അടിയന്തര സാഹചര്യം കണക്കിലെടുത്താണ് പർച്ചേസുകൾ നടത്തിയതെന്നാണ് സർക്കാർ വിശദീകരണം. തുടർച്ചയായ പരാതികളെ തുടർന്ന്, ആരോഗ്യ വകുപ്പിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നടന്ന പർച്ചേസുകളെയും അഴിമതി ആരോപണങ്ങളെയും കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അന്വേഷണ കമ്മിറ്റിയുടെ അധ്യക്ഷൻ. നാഷണൽ ഹെൽത്ത് മിഷൻ്റെ എസ്എംഡി, കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് എംഡി, ഡിഎംഇ, ഡിഎച്ച്എസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും കമ്മിറ്റിയിൽ അംഗങ്ങളാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR