മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാബാലകൃഷ്ണന് പുറമേ എംപിമാർക്കും ഫോൺ കോൾ വന്നതായി റിപ്പോര്ട്ട്
Kozhikode , 16 ജൂലൈ (H.S.) മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാബാലകൃഷ്ണന് പുറമേ എംപിമാർക്കും ഫോൺ കോൾ വന്നതായി റിപ്പോര്ട്ട്. ഡീൻകുര്യാക്കോസ്, ഷാഫി പറമ്പിൽ, എം കെ രാഘവൻ എന്നിവർക്കാണ് വാട്സാപ്പ് കോളിൽ ഇത്തര
MINISTER POST FOR THREE CRORE


Kozhikode , 16 ജൂലൈ (H.S.)

മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാബാലകൃഷ്ണന് പുറമേ എംപിമാർക്കും ഫോൺ കോൾ വന്നതായി റിപ്പോര്ട്ട്. ഡീൻകുര്യാക്കോസ്, ഷാഫി പറമ്പിൽ, എം കെ രാഘവൻ എന്നിവർക്കാണ് വാട്സാപ്പ് കോളിൽ ഇത്തരമൊരു ഓഫർ എത്തിയതായി വിവരം ലഭിച്ചത്.

പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് തന്നെ ഫോണിൽ ബന്ധപ്പെട്ടതായി ഡീൻകുര്യാക്കോസ് പറഞ്ഞു. മന്ത്രിസഭാ പുന:സംഘടന ഉടൻ ഉണ്ടാകുമെന്നും ഇടുക്കി ജില്ലയിൽ നിന്ന് ഒരാൾക്ക് സാധ്യതയുണ്ടെന്നും ജില്ലയിലെ എല്ലാ സീറ്റുകളും വിജയിപ്പിച്ച വ്യക്തിയെന്ന നിലയിൽ തനിക്ക് സാധ്യതയുണ്ടെന്നും പറഞ്ഞായിരുന്നു കോൾ. ഇംഗ്ലീഷിലാണ് വിളിച്ചയാൾ സംസാരിച്ചത്. അപ്പോൾ തന്നെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ താൻ വിവരം അറിയിച്ചുവെന്നും ഡീൻ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ ഓഫീസ് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രിയുമായി അവർ സംസാരിച്ചിട്ടുണ്ടെന്നും ഡീൻ സ്ഥിരീകരിച്ചു.

ഇതുപോലുള്ള ഒരു കോൾ തന്റെ ഫോണിലേക്ക് വന്നതായി എം കെ രാഘവൻ എം. പിയും പറഞ്ഞു. തൻ്റെ പി.എ ആണ് കോൾ അറ്റൻഡ് ചെയ്തത്. അപ്പോൾ തന്നെ അത് കട്ട് ചെയ്യുകയും ചെയ്തു. ഇതുപോലുള്ള നിരവധി വ്യാജ കോളുകൾ വരുന്നതുകൊണ്ട് അതിനെ വലിയ കാര്യമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മലബാർ മേഖലയിലെ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയും തട്ടിപ്പിനിരയായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് 20 ലക്ഷത്തിൽപ്പരം രൂപ നൽകാമെന്നും അത് കൊണ്ടുവരുന്നതിന്റെ ചെലവായി 120000 രൂപ അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും കാട്ടി എഐസിസിയിൽ നിന്നാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് കോൾ ലഭിച്ചു. ഇതനുസരിച്ച് പണം അവർ പറഞ്ഞ അക്കൗണ്ടിൽ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഒരു ഫോൺ കോളും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അടുത്ത വൃത്തങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.

വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് വ്യാജൻ നേതാക്കളെ ബന്ധപ്പെട്ടത്.

തട്ടിപ്പിന്റെ രീതി:

മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ വരാനിരിക്കുന്ന സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നായിരുന്നു എലത്തൂർ എംഎൽഎ വിദ്യാബാലകൃഷ്ണന് ലഭിച്ച വാഗ്ദാനം. ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാനമായ രീതിയിൽ ഉന്നത പദവികൾ വാഗ്ദാനം ചെയ്താണ് കോളുകൾ എത്തിയത്. ഷാഫി പറമ്പിൽ പക്ഷേ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

കോളിന്റെ ഉറവിടം:

ഡൽഹി കേന്ദ്രീകരിച്ചുള്ള നമ്പറുകളിൽ നിന്നാണ് ഈ വാട്സാപ്പ് കോളുകൾ വന്നിട്ടുള്ളതെന്ന് സൈബർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്കുമാർ എന്ന് പരിചയപ്പെടുത്തിയ വ്യക്തി ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് നേതാക്കളോട് സംസാരിച്ചത്.

നിയമനടപടികൾ:

ഈ സംഭവത്തിൽ എഐസിസി നേതൃത്വവും പ്രിയങ്ക ഗാന്ധിയുടെ ഓഫീസും അന്വേഷണം നടത്തുകയും ഇത് വ്യാജ കോളുകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഡൽഹി പൊലീസിലും കേരള ഡിജിപിക്കും പരാതി നൽകിയതായി പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിദ്യാബാലകൃഷ്ണന് എംഎൽഎ നൽകിയ പരാതിയിൽ കോഴിക്കോട് സൈബർ പൊലീസും അന്വേഷണം ഊർജിതമാക്കി.

സൈബർ തട്ടിപ്പ് വാർത്തയാക്കിയതിനെതിരെ വിദ്യ ബാലകൃഷ്ണൻ

അതേസമയം സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ വിവരങ്ങളും അന്വേഷണത്തെ ബാധിക്കുന്ന തെളിവുകളും മാധ്യമങ്ങൾ സെൻസേഷൻ വാർത്തകളാക്കി മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യ ബാലകൃഷ്ണൻ രംഗത്ത് എത്തി. തനിക്ക് സൈബർ തട്ടിപ്പുകാരിൽ നിന്ന് വ്യാജ കോൾ വന്ന വിവരം അന്നുതന്നെ പൊലീസിനെ അറിയിച്ചിരുന്നതായും പിന്നീട് പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് സെക്രട്ടറിയുടെ ഉൾപ്പെടെയുള്ള നിർദ്ദേശപ്രകാരമാണ് ഔദ്യോഗികമായി പരാതി നൽകിയതെന്നും വിദ്യ ഫേസ്ബുക്കിൽ കുറിച്ചു.

അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ വിവരങ്ങൾ വാർത്തയാക്കരുതെന്ന് മാധ്യമപ്രവർത്തകനോട് നേരിട്ട് അഭ്യർഥിച്ചിട്ടും അതൊന്നും വകവെയ്ക്കാതെ പൊടിപ്പും തൊങ്ങലും വച്ച് വാർത്ത പ്രസിദ്ധീകരിച്ചതിനെതിരെയാണ് വിദ്യയുടെ വിമർശനം.

എഫ് ബി പോസ്റ്റ് ഇങ്ങനെ

സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ടു കാൾ വന്ന ദിവസം തന്നെ പൊലീസിനെ ഇൻഫോം ചെയ്തിരുന്നു. പിന്നീട് പലർക്കും ഇങ്ങനെ ഉള്ള കോളുകൾ പോയത് മൂലം പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് സെക്രട്ടറിയുടെ ഉൾപ്പടെ ഉള്ള നിർദേശപ്രകാരം ആണ് പ്രസ്തുത വിഷയത്തിൽ പരാതി കൊടുത്തത് .

14/7/2026 ന് വൈകിട്ട് മാതൃഭൂമി ലേഖകൻ ഈ വിഷയത്തിൽ പരാതി കൊടുത്തിരുന്നോ എന്ന് ചോദിച്ചു എന്നെ വിളിച്ചിരുന്നു.

അദ്ദേഹത്തോട് ഈ വിഷയം വാർത്ത ആക്കരുത് എന്നും അത് അനേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പറഞ്ഞു സംസാരം അവസാനിപ്പിച്ചു.

15/7/2026 ന് ആ വാർത്ത ചില പൊടിപ്പും തൊങ്ങലും വച്ചു പ്രസിദ്ധീകരിക്കപ്പെട്ടു.

തുടർന്ന് കേരളത്തിന് പുറത്തുള്ള പല മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു.

ഇന്ന് അതെ പത്രത്തിൽ എനിക്ക് വന്ന വാട്സാപ്പ് കാൾ നമ്പർ ഉൾപ്പടെ വച്ചുള്ള വാർത്ത ശ്രദ്ധയിൽ പെട്ടു.

മാധ്യമങ്ങൾക്ക് ഇത് ഒരു ദിവസത്തെ സെൻസഷൻ വാർത്ത ആയിരിക്കും. ഇതിലൂടെ രക്ഷപ്പെടുന്നത് ഇത്തരം ക്രൈം നടത്തുന്ന ക്രിമിനൽസ് ആണ്. മാധ്യമ പ്രവർത്തനം ഇത്തരം ക്രിമിനലുകളെ രക്ഷപ്പെടുത്താൻ ഉള്ളത് ആകരുത്.

ആ വാർത്ത പുറത്തു വിട്ടതിലും ആ നമ്പർ ഷെയർ ചെയ്തതിലും ഉള്ള ശക്തമായ പ്രതിഷേധം ഇവിടെ കുറിക്കുന്നു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News