മണ്ഡലകാലത്തിന് മുൻപ് നവംബറോടെ ശബരിമല റോഡുകളും അനുബന്ധ റോഡുകളും മെച്ചപ്പെടുത്താനുള്ള നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ
Thiruvananthapuram , 16 ജൂലൈ (H.S.) മണ്ഡലകാലത്തിന് മുൻപ് നവംബറോടെ ശബരിമല റോഡുകളും അനുബന്ധ റോഡുകളും മെച്ചപ്പെടുത്താനുള്ള നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ജില്ലകളിലെ പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥ
PK BASHEER ON SABARIMALA ROADS


Thiruvananthapuram , 16 ജൂലൈ (H.S.)

മണ്ഡലകാലത്തിന് മുൻപ് നവംബറോടെ ശബരിമല റോഡുകളും അനുബന്ധ റോഡുകളും മെച്ചപ്പെടുത്താനുള്ള നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ജില്ലകളിലെ പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥരുടെ അവലോകനയോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

2021 മുതൽ ശബരിമല റോഡുകളുടെ നവീകരണം കൃത്യമായി നടന്നിരുന്നില്ല. ജൽജീവൻ മിഷൻ്റെ പൈപ്പുകൾ സ്ഥാപിച്ചതിലുള്ള കാലതാമസം ശബരിമല റോഡുകളേയും ബാധിച്ചു. എന്നാൽ, ഇത്തവണ മുഴുവൻ ശബരിമല റോഡുകളും പൂർണമായി ഗുണനിലവാരത്തോടെ നന്നാക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡുകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ സുരക്ഷക്കും പ്രാധാന്യം നൽകും. അതിൻ്റെ ഭാഗമായി റോഡ് മാർക്കിങ്ങ്, ദിശാ ബോർഡുകൾ സ്ഥാപിക്കൽ, മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ റോഡ് നിർമ്മാണത്തോടൊപ്പം നടപ്പിലാക്കും.

റോഡ് നന്നാക്കുന്നതിനായി പുതിയ നിർദേശങ്ങൾ ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും ഈ മേഖലയിലെ റസ്റ്റ് ഹൗസുകളുടെ നവീകരണം, മറ്റ് അറ്റകുറ്റപണികൾ എന്നിവ നവംബർ മാസത്തോടെ പൂർത്തിയാക്കണമെന്നും മന്ത്രി പി കെ ബഷീർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ മാസം 21ന് പമ്പയിൽ ശബരിമല മണ്ഡലകാല പ്രവർത്തനങ്ങളുടെ അവലോകന യോഗം നടത്തുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് അഡിഷണൽ സെക്രട്ടറി വി ആർ വിനോദ്, ചീഫ് എഞ്ചിനീയർമാർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തിരുന്നു.

ശബരിമലയിലേക്കുള്ള പ്രധാനപ്പെട്ട ഏഴ് പാതകൾ ദേശീയപാതയാക്കി ഉയർത്താൻ തീരുമാനമായിട്ടുണ്ട്. നിലവിലെ സംസ്ഥാനപാതകളാണ് ദേശീയപാതയായി ഉയർത്തുക. ഇതിനായി സംസ്ഥാന ഗതാഗത മന്ത്രാലയം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് ശിപാർശ നൽകും. ശിപാർശ ലഭിച്ചാൽ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയിട്ടുണ്ട്. ദേശീയ പാതയായി ഉയർത്തുന്നതോടെ പാതകൾക്ക് വീതി കൂട്ടുന്നതും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും അടക്കമുള്ള നിരവധി സൗകര്യങ്ങൾ ലഭ്യമാകും.

കൂടാതെ, കൂടുതൽ മികച്ച പരിപാലനവും ലഭിക്കും. മികച്ച രീതിയിലുള്ള ഡ്രെയിനേജ് സംവിധാനങ്ങളും വിശ്രമ കേന്ദ്രങ്ങളുമെല്ലാം ഇതോടൊപ്പം വരും. ശബരിമല പാതയായതിനാൽ ദേശീയപാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ കൂടുതൽ മികവുറ്റതാക്കാനുള്ള പദ്ധതികൾക്കും സാധ്യത ഏറെയാണ്. നിലവിലുള്ള സംസ്ഥാന പാതയിലെ വളവുകൾ നിവർത്താനും അതിന് ആവശ്യമെങ്കിൽ സ്ഥലം ഏറ്റെടുക്കാനുമെല്ലാം ദേശീയപാതാ അതോറിറ്റിക്ക് സാധിക്കും. ശബരിമല തീർത്ഥാടനം തുടങ്ങുന്നതിനു മുൻപുതന്നെ പദ്ധതിയുടെ ആദ്യനടപടികളിലേക്ക് കടക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ ശ്രമം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News