Enter your Email Address to subscribe to our newsletters

Newdelhi , 16 ജൂലൈ (H.S.)
പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സ്ഥാപക അധ്യക്ഷന് ഇ അബുബക്കറിന്റെ ജാമ്യഹര്ജി തള്ളി ഡല്ഹി കോടതി. 2047ഓടെ ഇന്ത്യന് സര്ക്കാരിനെ അട്ടിമറിച്ച് രാജ്യത്ത് ഒരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാന് ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തനിക്കെതിരെ ശക്തമായ കേസൊന്നും ഇല്ലെന്നും തന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അബുബക്കര് സമര്പ്പിച്ച ജാമ്യഹര്ജി പ്രത്യേക എന്ഐഎ കോടതി ജഡ്ജി പ്രശാന്ത് ശര്മ്മയാണ് പരിഗണിച്ചത്.
ഈ കേസിലെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിക്കുമ്പോള് ജാമ്യം നല്കാന് യാതൊരു വ്യവസ്ഥകളും താന് കാണുന്നില്ലെന്ന് ജഡ്ജി തന്റെ വിധി ന്യായത്തില് പറയുന്നു. അത് കൊണ്ട് തന്നെ അബുബക്കറിന്റെ ഹര്ജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. തന്റെ കക്ഷിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും അബുബക്കറിന്റെ അഭിഭാഷകന് വാദിച്ചു. കേസില് നടപടികള് ഇതിനകം തന്നെ വൈകിയിരിക്കുന്നുവെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്റെ വലിപ്പം, കോടതിയുടെ ജോലിഭാരം, കേസില് ഉള്പ്പെട്ടിട്ടുള്ള പ്രതികള്, പ്രതികള്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകര് തുടങ്ങിയ സാഹചര്യങ്ങള് കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം പ്രതിയുടെ അഭിഭാഷകനോട് നടപടികള് വൈകുന്നതിനെക്കുറിച്ചുള്ള ഇക്കാര്യങ്ങള് വിശദീകരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
കുറ്റപത്രം സമര്പ്പിച്ചിട്ടുണ്ടോയെന്ന് മാത്രമാണ് കോടതിയുടെ പരിഗണന. കാലതാമസവും ഭരണപരമായ വിഷയങ്ങളും പ്രതിയുടെ അഭിഭാഷകന് അറിയേണ്ടതില്ല. വിചാരണയിലെ കാലതാമസത്തില് കാര്യമില്ല. ഇത്തരം കാര്യങ്ങള് കോടതി തള്ളുന്നു.
മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റം ചാര്ത്തിയിരിക്കുന്നതെന്ന് ദേശീയ അന്വേഷണ ഏജന്സിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് രാഹുല് ത്യാഗി കോടതിയെ ബോധിപ്പിച്ചു. പ്രതിക്ക് മതിയായ ആരോഗ്യ പരിരക്ഷ ജയിലില് നല്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയും പ്രതിക്ക്ക ജാമ്യം നിഷേധിച്ചതാണ്. ആ സാഹചര്യങ്ങള്ക്കൊന്നും നിലവില് യാതൊരു മാറ്റങ്ങളുമില്ല. പ്രതിയുടെ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് കോടതി തള്ളുന്നത്. പ്രതിക്കെതിരെയുള്ള കുറ്റങ്ങള് മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. അത് കൊണ്ട് തന്നെ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി പ്രസ്താവിച്ചു.
നിരോധിത സംഘടനയായ പിഎഫ്ഐയുടെ മുതിര്ന്ന നേതാക്കള്ക്കെതിരെ കേസെടുക്കാന് ഡല്ഹി കോടതി കഴിഞ്ഞ മാസം ഉത്തവിട്ടിരുന്നു. ഇന്ത്യന് സര്ക്കാരിനെ അട്ടിമറിച്ച് ഒരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാന് വലിയ ഗൂഢാലോചന നടക്കുന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു ഉത്തരവ്.
ഇന്ത്യന് ശിക്ഷാ നിയമം, യുഎപിഎ എന്നിവ പ്രകാരം പിഎഫ്ഐയുടെ 25 നേതാക്കള്ക്കെതിരെ കേസെടുക്കാനായിരുന്നു ഉത്തരവ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR