Enter your Email Address to subscribe to our newsletters

Ernakulam, 16 ജൂലൈ (H.S.)
വ്യാജരേഖ ചമച്ച് നിയമവിരുദ്ധമായി അവയവക്കച്ചവടം നടത്തിയ കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ വി.പി.എസ് ലേക്ഷോറിനെതിരെ കൂടുതൽ നിർണായക തെളിവുകൾ പുറത്ത്. അവയവക്കടത്ത് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് നജീബിൻ്റെ ഉടമസ്ഥതയിലുള്ള 'കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡു'മായി ലേക്ഷോർ ആശുപത്രി മാനേജ്മെൻ്റ് ഒപ്പുവെച്ച ഔദ്യോഗിക കരാറിൻ്റെ പകർപ്പുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ കേസിൽ ലേക്ഷോർ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരിലേക്കും ഉന്നത ജീവനക്കാരിലേക്കും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കി.
കമ്മീഷൻ വ്യവസ്ഥകൾ വ്യക്തമാക്കുന്ന കരാർ രേഖകൾ പുറത്ത്
2025 ഒക്ടോബർ 17 മുതൽ പ്രാബല്യത്തിൽ വന്ന കരാർ പ്രകാരം, കല്ലട്രാസ് മെഡിക്കൽ ടൂറിസത്തെ ഒന്നാം കക്ഷിയായും ലേക്ഷോർ ആശുപത്രിയെ രണ്ടാം കക്ഷിയായുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കരൾ മാറ്റ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ എത്തിച്ചാൽ ഒരു ലക്ഷം രൂപയും, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള രോഗികൾക്കായി 50,000 രൂപയും കമ്മീഷനായി കൈമാറുമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ.
പേഷ്യൻ്റ് ഫെസിലിറ്റേറ്റർ എന്ന പേരിലാണ് ഈ കരാർ ഉണ്ടാക്കിയിട്ടുള്ളത്.
അവയവമാറ്റ ശസ്ത്രക്രിയകൾക്ക് പുറമെ, മറ്റ് ഇൻ-പേഷ്യൻ്റ് ശസ്ത്രക്രിയകൾക്കായി എത്തിക്കുന്ന രോഗികളിൽ നിന്ന് ആശുപത്രി ഈടാക്കുന്ന ആകെ ബില്ലിൻ്റെ 10 ശതമാനം തുക 'ഫെസിലിറ്റേഷൻ ഫീസ്' എന്ന പേരിൽ കമ്മീഷനായി നൽകണമെന്നും കരാറിലുണ്ട്.
കൂടാതെ, അവയവ ദാതാവിനെയും സ്വീകർത്താവിനെയും എത്തിച്ച് ആശുപത്രിയിൽ നടത്തുന്ന ഓരോ പരിശോധനകൾക്കും ഈ റാക്കറ്റിന് കൃത്യമായി കമ്മീഷൻ ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കല്ലട്രാസ് മെഡിക്കൽ ടൂറിസത്തിന് വേണ്ടി അതിൻ്റെ മാനേജിംഗ് ഡയറക്ടറും, ലേക്ഷോർ ഹോസ്പിറ്റലിന് വേണ്ടി ഹെൽത്ത് കെയർ പ്രമോഷൻസ് എ.ജി.എമ്മുമാണ് ഈ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.
എന്നാൽ, പേഷ്യൻ്റ് ഫെസിലിറ്റേറ്റർ എന്ന കരാർ വ്യവസ്ഥകൾക്ക് അപ്പുറം കോടിക്കണക്കിന് രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ ഇരു കൂട്ടർക്കുമിടയിൽ നടന്നിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം.
പ്രമുഖ ഡോക്ടർമാരെ ചോദ്യം ചെയ്യുന്നു; ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിൽ
അവയവക്കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലേക്ഷോർ ആശുപത്രിയിലെ പ്രമുഖ ഡോക്ടർമാരായ ഡോ. ജോൺ അലക്സാണ്ടർ, ഡോ. ശ്രീജ പിള്ള എന്നിവരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. നേരത്തെ ഇതേ ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റ് മുഹമ്മദ് ഇഖ്ബാൽ, ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ്.കെ അബ്ദുള്ള എന്നിവരെയും ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു.
അതേ സമയം രാജഗിരി ആശുപത്രിയിലെ ഡോൺ സെബസ്റ്റ്യൻ, സോണിയ ജോയ് എന്നിവരെയാണ് ഇഡി ഇന്ന് ചോദ്യം ചെയ്യുന്നത്. നിയമവിരുദ്ധമായി വ്യാജരേഖകൾ ചമച്ച് നടത്തിയ അവയവ ശസ്ത്രക്രിയകൾക്ക് പിന്നിൽ ഡോക്ടർമാർക്ക് വ്യക്തിപരമായി കമ്മീഷൻ തുകകൾ ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. സംശയനിഴലിലുള്ള ഡോക്ടർമാരുടെയും മാനേജ്മെൻ്റ് പ്രതിനിധികളുടെയും ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, സ്രോതസ്സ് വെളിപ്പെടുത്താത്ത സ്വത്തുവിവരങ്ങൾ എന്നിവയെല്ലാം പൂർണ്ണമായി പരിശോധിക്കാൻ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
വ്യാപക റെയ്ഡും ഡിജിറ്റൽ തെളിവുകളും
കേസുമായി ബന്ധപ്പെട്ട് കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ പ്രമുഖ ആശുപത്രികളിൽ ഇ.ഡി ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിർണായക വിവരങ്ങളടങ്ങിയ രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിരുന്നു. ആശുപത്രി അധികൃതരും അവയവദാന റാക്കറ്റുകളും തമ്മിൽ വലിയ തോതിലുള്ള അവിശുദ്ധ സാമ്പത്തിക ബന്ധമുണ്ടെന്നാണ് ഈ തെളിവുകൾ സൂചിപ്പിക്കുന്നത്.
നിയമവിരുദ്ധമായ അവയവദാനത്തിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും നിർമ്മിച്ചതായും വലിയ തുകകൾ കമ്മീഷനായി കൈമാറ്റം ചെയ്യപ്പെട്ടതായും അന്വേഷണസംഘം ഉറച്ചു വിശ്വസിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ശക്തമായ നടപടികളിലേക്കാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നീങ്ങുന്നത്. വരും ദിവസങ്ങളിൽ മെഡിക്കൽ രംഗത്തെ കൂടുതൽ പ്രമുഖരെ ചോദ്യം ചെയ്യുമെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ വലിയ അറസ്റ്റുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്നുമാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR