ലോട്ടറി ചരിത്രം തിരുത്തി തിരുവോണം ബംപർ പ്രകാശനം ചെയ്തു
Thiruvananthapuram , 16 ജൂലൈ (H.S.) ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകാൻ മോഹിക്കുന്ന മലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ട്, രാജ്യത്തെ ലോട്ടറി ചരിത്രത്തിലെ സകല റെക്കോഡുകളും കടപുഴക്കി 30 കോടി രൂപയുടെ തിരുവോണം ബംപർ എത്തുന്നു. ഇന്ത്യയിൽ തന്നെ ഇത്രയും ഉയർന
KERALA LOTTERY BUMPER 2026


Thiruvananthapuram , 16 ജൂലൈ (H.S.)

ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകാൻ മോഹിക്കുന്ന മലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ട്, രാജ്യത്തെ ലോട്ടറി ചരിത്രത്തിലെ സകല റെക്കോഡുകളും കടപുഴക്കി 30 കോടി രൂപയുടെ തിരുവോണം ബംപർ എത്തുന്നു. ഇന്ത്യയിൽ തന്നെ ഇത്രയും ഉയർന്ന സമ്മാനത്തുക നൽകുന്ന ഏക സംസ്ഥാനമായി കേരളം മാറുമ്പോൾ, മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് ഉച്ചയ്ക്ക് ടിക്കറ്റ് പ്രകാശനം നിർവഹിക്കുന്നതോടെ ഈ വർഷത്തെ ഭാഗ്യപരീക്ഷണത്തിന് ഔദ്യോഗികമായി തുടക്കമാകും.

ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ചേംബറിൽ നടക്കുന്ന ചടങ്ങിലാണ് ടിക്കറ്റിൻ്റെ ഔദ്യോഗിക പ്രകാശനം നിർവഹിക്കുന്നത്. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റഴിക്കുന്ന ഏജൻ്റിന് മൂന്ന് കോടി രൂപയുടെ ഏജൻസി കമ്മിഷൻ നൽകും. 500 രൂപയാണ് ടിക്കറ്റിൻ്റെ വില.

പ്രകാശനച്ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെഎസ്, അഡീഷണൽ ഡയറക്ടർമാരായ ഷാജു പിഎ, അനിൽകുമാർ കെഎസ് തുടങ്ങിയവർ പങ്കെടുക്കും. ജൂലൈ 20 തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വിൽപന ഔദ്യോഗികമായി ആരംഭിക്കുന്നത്. ടിക്കറ്റ് വിലയിൽ മാറ്റമില്ലാതെ 500 രൂപ തന്നെ തുടരും. അടിസ്ഥാന വിലയായ 357.14 രൂപയും 40 ശതമാനം ജിഎസ്ടിയും ഉൾപ്പെടെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏജൻ്റുമാർക്ക് നൽകാനായി 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ആവശ്യകത അനുസരിച്ച് കൂടുതൽ പ്രിൻ്റ് ചെയ്യും. ടിഎ, ടിബി, ടിസി, ടിഡി, ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎൽ എന്നിങ്ങനെ 10 സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കുന്നത്.

ഒന്നാം സമ്മാനം 25 കോടിയിൽനിന്ന് 30 കോടിയായി സർക്കാർ ഉയർത്തിയപ്പോൾ, 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമായി കുറച്ചു. ആകെ 125 കോടി 54 ലക്ഷം രൂപയാണ് ഭാഗ്യശാലികൾക്കായി സമ്മാനത്തുകയായി നൽകുന്നത്. 2026 സെപ്റ്റംബർ 26ന് തിരുവനന്തപുരത്താണ് മഹാബംപറിൻ്റെ നറുക്കെടുപ്പ് നടക്കുക.

സമ്മാനഘടനയുടെ പൂർണവിവരങ്ങൾ

ഒന്നാം സമ്മാനം: 30 കോടി രൂപ (ഒരാൾക്ക്).

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും രണ്ട് വീതം).

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും രണ്ട് വീതം).

നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം 10 പേർക്ക് (ഓരോ സീരീസിലും ഒന്നു വീതം).

അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 10 പേർക്ക് (ഓരോ സീരീസിലും ഒന്നു വീതം).

ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേർക്ക്.

ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേർക്ക്.

എട്ടാം സമ്മാനം: 1000 രൂപ വീതം 1,24,200 പേർക്ക്.

ഒൻപതാം സമ്മാനം: 500 രൂപ വീതം 2,75,400 പേർക്ക്.

സമാശ്വാസ സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം ഒൻപത് പേർക്ക്.

ഓൺലൈൻ വിൽപനയ്ക്ക് വിലക്ക്

അംഗീകൃത ഏജൻ്റുമാരിൽനിന്നോ വിൽപനക്കാരിൽനിന്നോ നേരിട്ട് അച്ചടിച്ച ടിക്കറ്റുകൾ മാത്രമേ വാങ്ങാവൂ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാട്സാപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴിയോ ഡിജിറ്റൽ പേയ്മെൻ്റ് ലിങ്കുകളിലൂടെയോ ഉള്ള ഓൺലൈൻ ലോട്ടറി വിൽപന പൂർണമായും വ്യാജവും നിയമവിരുദ്ധവുമാണെന്ന് ലോട്ടറി ഡയറക്ടറേറ്റ് കർശന മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാരിൻ്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ലോട്ടറിയിലൂടെ ലഭിക്കുന്ന തുക കാരുണ്യ ഉൾപ്പെടെയുള്ള വിവിധ ജനക്ഷേമ പദ്ധതികൾക്കാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഓണം ബംപറിന് ലഭിച്ച വൻ സ്വീകാര്യത ഇത്തവണയും ആവർത്തിക്കുമെന്നാണ് ലോട്ടറി വകുപ്പിൻ്റെ പ്രതീക്ഷ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News