Enter your Email Address to subscribe to our newsletters

Malappuram , 16 ജൂലൈ (H.S.)
വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചു എന്ന ആരോപണത്തിൽ കേസെടുത്ത് പൊലീസ്. 'ബ്രഹ്മ കോഗ്നിഷ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് മന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്.
പോസ്റ്റ് പ്രചരിപ്പിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ പൊലീസ് സ്റ്റേഷനിലേയ്ക്ക് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ മലപ്പുറം സൈബർ പൊലീസ് തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മതപരമായ ആശയങ്ങൾ ഉൾപ്പെടുത്തി
മന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളോടൊപ്പം തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങിൽ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും നിലവിളക്ക് കൊളുത്തുന്ന ദൃശ്യങ്ങളും ആ വീഡിയോയിൽ ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അപകീർത്തികരമായ ഭാഷാപ്രയോഗത്തിന് പുറമേ, മതസൗഹാർദ്ദത്തെ ബാധിച്ചേക്കാവുന്ന രീതിയിൽ മന്ത്രിയുമായി ബന്ധപ്പെടുത്തി 'ഹലാൽ', 'ഹറാം' തുടങ്ങിയ പദങ്ങൾ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. മതപരമായ ആശയങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിദ്വേഷവും ശത്രുതയും വളർത്താൻ ശ്രമിച്ചു എന്നും ആരോപണങ്ങളുണ്ട്.
യൂട്യൂബ് ചാനലിനെതിരെ യൂത്ത് ലീഗ് നേതാക്കൾ രംഗത്തുവന്നിരുന്നു. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ഷാഫി കാടേങ്ങൽ മലപ്പുറം സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. എങ്കിലും വീഡിയോയും അതിലെ ഉള്ളടക്കവും കേരള പൊലീസ് സൈബർഡോം ശ്രദ്ധയിൽപ്പെടുത്തിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കെ എം ഷാജിക്കെതിരെയും വ്യാജ പോസ്റ്റ്
നേരത്തെ, കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചതായി പ്രചരിച്ച വ്യാജ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ ഫോട്ടോ ഉൾകൊള്ളിച്ചായിരുന്നു വ്യാജ പോസ്റ്റ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് പ്രാബല്യത്തിൽ വന്ന കെട്ടിട നിർമാണ പെർമിറ്റ് ഫീസിൻ്റെ വർധനവ് തദ്ദേശ സ്വയംഭരണ വകുപ്പ് പിൻവലിച്ചു എന്നായിരുന്നു പോസ്റ്റ്. തുടർന്ന് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഇൻഫർമേഷൻ ടെക്നോളജി ആക്ട് ,കേരള പൊലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തില് വ്യാജരേഖ ഉണ്ടാക്കിയെന്ന വകുപ്പ് അടക്കം ചുമത്തിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR