Enter your Email Address to subscribe to our newsletters

Thiruvananthapuram , 16 ജൂലൈ (H.S.)
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കിൻ്റെ ആരോഗ്യനില ഗുരുതരമായത് ആശങ്കാജനകമാണെന്നും കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ശരീരഭാരം കുറഞ്ഞ്, അവയവങ്ങളുടെ പ്രവർത്തനം തന്നെ തകരാറിലാകുന്ന അപകടകരമായ അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടും കേന്ദ്ര സർക്കാർ ഇതുവരെ ചർച്ചയ്ക്ക് തയാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 19 ദിവസമായി രാജ്യതലസ്ഥാനത്ത് യുവാക്കൾ പ്രതിക്ഷേധം നടത്തുകയാണ്. കേന്ദ്ര സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയിൽ നിന്നും അഴിമതിയിൽ നിന്നും വിദ്യാഭ്യാസ മേഖലയുടെ മോചനമാണ് അവർ ആവശ്യപ്പെടുന്നത്. പരീക്ഷാ ക്രമക്കേടുകൾ കാരണം സ്വപ്നങ്ങൾ തകർന്ന് ജീവനൊടുക്കിയ തങ്ങളുടെ സഹോദരങ്ങൾക്ക് നീതി ലഭിക്കാനായാണ് അവർ ഒത്തുചേർന്നിരിക്കുന്നത്. ബിജെപിയുടെ സ്തുതിപാഠകരായ മാധ്യമങ്ങൾ അവഗണിച്ചിട്ടും ഈ സമരം ഈ രാജ്യത്തിൻ്റെ ആകെ പ്രതിഷേധശബ്ദമായി വളർന്നിരിക്കുന്നു.
എന്നാൽ, വിദ്യാർഥികളുടെ കണ്ണീരിനോട് മാത്രമല്ല, മരണത്തെ മുഖാമുഖം കാണുന്ന ഒരു പോരാളിയുടെ ജീവനോടും കേന്ദ്ര സർക്കാർ തികഞ്ഞ നിസ്സംഗതയാണ് പുലർത്തുന്നത്. സർക്കാരിൻ്റെ ഈ കടുത്ത അനാസ്ഥയ്ക്കെതിരെ ഡൽഹി ഹൈക്കോടതിക്ക് തന്നെ ശക്തമായി ഇടപെടേണ്ടി വന്നത് ഭരണകൂടത്തിൻ്റെ പരാജയത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഒരു പൗരൻ്റെ ജീവൻ സംരക്ഷിക്കാൻ രാജ്യത്തെ പരമോന്നത നീതിപീഠങ്ങൾക്ക് സർക്കാരിനെ ശാസിക്കേണ്ടി വരുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് തീർത്തും ലജ്ജാകരമാണ്.
സോനം വാങ്ചുക്കിൻ്റെ ജീവൻ ഈ രാജ്യത്തിന് വിലപ്പെട്ടതാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനില ഇനിയും വഷളാകാൻ കേന്ദ്രസർക്കാർ അനുവദിക്കരുത്. അതോടൊപ്പം അഴിമതികളാൽ തകർന്നടിഞ്ഞ വിദ്യാഭ്യാസ സംവിധാനത്തെ ശുദ്ധീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം. ഈ സമരം ലക്ഷ്യം കാണേണ്ടത് നമ്മുടെ നാടിൻ്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഈ ജനകീയ പോരാട്ടത്തിനും അതിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയാറായി മുന്നോട്ടുവന്ന സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം സോനം വാങ്ചുക്കിന്റെ ആരോഗ്യനില നിരീക്ഷിക്കണമെന്ന് സര്ക്കാരിനോട് ഡല്ഹി ഹൈക്കോടതി നിര്ദേശിച്ചിരുന്നു. പൗരന്മാരുടെ ജീവന് അമൂല്യമാണെന്നും ജീവന് സംരക്ഷിക്കാന് ആവശ്യമായ എല്ലാ വൈദ്യവൃത്തികളും ചെയ്യണമെന്നും കോടതി നിര്ദേശിച്ചു. സര്ക്കാര് ഡോക്ടര്മാര് വാങ്ചുക്കിന്റെ ആരോഗ്യം നിരന്തരം നിരീക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയയും ജസ്റ്റിസ് തേജസ് കാരിയയും ഉള്പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR