അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ പ്രതിസന്ധിയിലായി വയനാട് മാനന്തവാടി റൂസ ഗവ. മോഡൽ ഡിഗ്രി കോളജ്.
Wayanad , 16 ജൂലൈ (H.S.) അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ പ്രതിസന്ധിയിലായി വയനാട് മാനന്തവാടി റൂസ ഗവ. മോഡൽ ഡിഗ്രി കോളജ്. താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളജിൽ യാതൊരു തരത്തിലുമുള്ള വികസന പ്രവർത്തനങ്ങളും ഇതുവരെ നടപ്പിലായിട്ടില്ല. രണ്ടാം ബാച്
RUSA MODEL DEGREE COLLEGE


Wayanad , 16 ജൂലൈ (H.S.)

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ പ്രതിസന്ധിയിലായി വയനാട് മാനന്തവാടി റൂസ ഗവ. മോഡൽ ഡിഗ്രി കോളജ്. താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളജിൽ യാതൊരു തരത്തിലുമുള്ള വികസന പ്രവർത്തനങ്ങളും ഇതുവരെ നടപ്പിലായിട്ടില്ല. രണ്ടാം ബാച്ചിലേക്കുള്ള പ്രവേശനം പുരോഗമിക്കുമ്പോഴും പുതിയ വിദ്യാർഥികളെ എവിടെ പഠിപ്പിക്കുമെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.

വയനാട്ടിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ അവസരങ്ങൾ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിക്ക് കീഴിൽ 2025ൽ ഗവ. മോഡൽ ഡിഗ്രി കോളജ് പ്രവർത്തനം ആരംഭിച്ചത്. ജില്ലയിൽ ആദ്യമായി ബിഎസ്സി സൈക്കോളജി ആൻഡ് ന്യൂറോ സയൻസ്, ജിയോ ഇൻഫർമാറ്റിക്സ് ആൻഡ് റിമോട്ട് സെൻസിങ്, ബിഎ മലയാളം, ബിഎ ഇംഗ്ലീഷ്, ബി.കോം ഫിനാൻസ് വിത്ത് ഫോറൻസിക് അക്കൗണ്ടിങ് തുടങ്ങിയ മികച്ച കോഴ്സുകളാണ് ഇവിടെ അനുവദിച്ചത്.

എന്നാൽ താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളജിൽ ആവശ്യത്തിന് ക്ലാസ് മുറികളോ അധ്യാപകർക്കും വിദ്യാർഥികൾക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നാണ് പ്രധാന പരാതി. ലൈബ്രറി പോലും പ്രവർത്തനസജ്ജമാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. രണ്ടാം ബാച്ചിലേക്കുള്ള പ്രവേശനം ഈ മാസം പൂർത്തിയാകാനിരിക്കെ പുതിയ വിദ്യാർഥികളെ എവിടെ പഠിപ്പിക്കുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചത് മുതൽ നിരവധി വിദ്യാർഥികളാണ് ഇവിടെ എത്തുന്നത്. എന്നാൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞതുകൊണ്ടുതന്നെ അതെല്ലാം താത്കാലികമാണ്. രക്ഷിതാക്കൾ നിരവധി തവണ അധ്യാപകരോട് കോളജിൻ്റെ സൗകര്യങ്ങളെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്ന് വിദ്യാർഥിയായ ഹൃഷികേശ് പറഞ്ഞു. നിലവിൽ അഞ്ച് ക്ലാസുകൾ മാത്രമാണ് ഇവിടെ നടത്തുന്നത്. പുതിയ കുട്ടികൾ വന്നാൽ അവർക്ക് ഇരിക്കാനുള്ള ക്ലാസ് മുറികളോ മറ്റ് സൗകര്യങ്ങളോ ഒന്നും തന്നെ ഇവിടെ ഇല്ല. ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ അവസ്ഥയും വളരെ ശോചനീയമാണെന്നും ഹൃഷികേശ് വ്യക്തമാക്കി.

ജീവനക്കാരുടെ കുറവും കോളജിൻ്റെ ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ വർക്കിങ് അറേഞ്ച്മെൻ്റിൽ നിയമിച്ച ജീവനക്കാരെ തിരിച്ചുവിളിച്ചതോടെ ഓഫിസ് പ്രവർത്തനങ്ങൾ പൂർണമായും ഒരു ക്ലർക്കിൻ്റെ ചുമതലയിലായി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം കഴിഞ്ഞ ബാച്ചിലെ ചില വിദ്യാർഥികൾ ടിസി വാങ്ങി മറ്റ് കോളജുകളിലേക്ക് മാറിയതായും വിവരമുണ്ട്. മികച്ച കോഴ്സുകൾ പഠിക്കാൻ ആഗ്രഹിച്ചെത്തിയ വിദ്യാർഥികളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിൻ്റെ പേരിൽ കൊഴിഞ്ഞുപോകുന്നത്.

സ്ഥിരം ക്യാമ്പസ് യാഥാർഥ്യമായില്ലതൃശിലേരിയിൽ റൂസ കോളജിനായി ഏറ്റെടുത്ത അഞ്ച് ഏക്കർ ഭൂമിയിൽ സ്ഥിരം ക്യാമ്പസ് നിർമിക്കാനുള്ള പദ്ധതി ഇതുവരെ യാഥാർഥ്യമായിട്ടില്ല. 12 കോടി രൂപയുടെ പദ്ധതി പിന്നീട് 27 കോടിയായി ഉയർന്നെങ്കിലും ധനസമാഹരണത്തിലും നിർമാണ നടപടികളിലും അന്തിമ തീരുമാനമായിട്ടില്ല. ഇതിനിടെ സമീപത്തെ അസാപ് സ്കിൽ പാർക്കിൽ ആവശ്യമായ ക്ലാസ് സൗകര്യങ്ങൾ ഉള്ളതിനാൽ പുതിയ വിദ്യാർഥികൾക്ക് താത്കാലികമായി അവിടെ പഠന സൗകര്യം ഒരുക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. പ്രവേശന നടപടികൾ പുരോഗമിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം റൂസ കോളജിൻ്റെ ഭാവിയെ തന്നെ ചോദ്യചിഹ്നമാക്കുകയാണ്. സ്ഥിരം ക്യാമ്പസ് യാഥാർഥ്യമാകുന്നതുവരെ വിദ്യാർഥികളുടെ പഠനം തടസപ്പെടാതിരിക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News