മണ്ഡലകാലത്തിന് മുന്പ് ശബരിമലയിലേക്കുള്ള റോഡുകള് പൂര്ണ സജ്ജമാകും; മന്ത്രി പി കെ ബഷീര്
Thiruvanathapuram, 16 ജൂലൈ (H.S.) മണ്ഡലകാലത്തിന് മുന്‍പ് നവംബറോടെ ശബരിമല റോഡുകളും അനുബന്ധ റോഡുകളും മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍. ശബരിമലയുമായി ബന്ധപ്പെട്ട ജില്ലകളിലെ പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥരുടെ
pk


Thiruvanathapuram, 16 ജൂലൈ (H.S.)

മണ്ഡലകാലത്തിന് മുന്‍പ് നവംബറോടെ ശബരിമല റോഡുകളും അനുബന്ധ റോഡുകളും മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍. ശബരിമലയുമായി ബന്ധപ്പെട്ട ജില്ലകളിലെ പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥരുടെ അവലോകനയോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

2021 മുതല്‍ ശബരിമല റോഡുകളുടെ നവീകരണം കൃത്യമായി നടന്നിരുന്നില്ല. ജല്‍ജീവന്‍ മിഷന്റെ പൈപ്പുകള്‍ സ്ഥാപിച്ചതിലുള്ള കാലതാമസം ശബരിമല റോഡുകളേയും ബാധിച്ചു. എന്നാല്‍, ഇത്തവണ മുഴുവന്‍ ശബരിമല റോഡുകളും പൂര്‍ണമായി ഗുണനിലവാരത്തോടെ നന്നാക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ സുരക്ഷക്കും പ്രാധാന്യം നല്‍കും. അതിന്റെ ഭാഗമായി റോഡ് മാര്‍ക്കിങ്ങ്, ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ റോഡ് നിര്‍മ്മാണത്തോടൊപ്പം നടപ്പിലാക്കും.

റോഡ് നന്നാക്കുന്നതിനായി പുതിയ നിര്‍ദേശങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും ഈ മേഖലയിലെ റസ്റ്റ് ഹൗസുകളുടെ നവീകരണം, മറ്റ് അറ്റകുറ്റപണികള്‍ എന്നിവ നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പി കെ ബഷീര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ മാസം 21ന് പമ്പയില്‍ ശബരിമല മണ്ഡലകാല പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് അഡിഷണല്‍ സെക്രട്ടറി വി ആര്‍ വിനോദ്, ചീഫ് എഞ്ചിനീയര്‍മാര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു.

ശബരിമലയിലേക്കുള്ള പ്രധാനപ്പെട്ട ഏഴ് പാതകള്‍ ദേശീയപാതയാക്കി ഉയര്‍ത്താന്‍ തീരുമാനമായിട്ടുണ്ട്. നിലവിലെ സംസ്ഥാനപാതകളാണ് ദേശീയപാതയായി ഉയര്‍ത്തുക. ഇതിനായി സംസ്ഥാന ഗതാഗത മന്ത്രാലയം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് ശിപാര്‍ശ നല്‍കും. ശിപാര്‍ശ ലഭിച്ചാല്‍ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ പാതയായി ഉയര്‍ത്തുന്നതോടെ പാതകള്‍ക്ക് വീതി കൂട്ടുന്നതും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും അടക്കമുള്ള നിരവധി സൗകര്യങ്ങള്‍ ലഭ്യമാകും.

കൂടാതെ, കൂടുതല്‍ മികച്ച പരിപാലനവും ലഭിക്കും. മികച്ച രീതിയിലുള്ള ഡ്രെയിനേജ് സംവിധാനങ്ങളും വിശ്രമ കേന്ദ്രങ്ങളുമെല്ലാം ഇതോടൊപ്പം വരും. ശബരിമല പാതയായതിനാല്‍ ദേശീയപാതയോരങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള പദ്ധതികള്‍ക്കും സാധ്യത ഏറെയാണ്. നിലവിലുള്ള സംസ്ഥാന പാതയിലെ വളവുകള്‍ നിവര്‍ത്താനും അതിന് ആവശ്യമെങ്കില്‍ സ്ഥലം ഏറ്റെടുക്കാനുമെല്ലാം ദേശീയപാതാ അതോറിറ്റിക്ക് സാധിക്കും. ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുന്‍പുതന്നെ പദ്ധതിയുടെ ആദ്യനടപടികളിലേക്ക് കടക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

---------------

Hindusthan Samachar / Sreejith S


Latest News