Enter your Email Address to subscribe to our newsletters

Thiruvananthapuram , 16 ജൂലൈ (H.S.)
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാത്രി സമയങ്ങളിലെ വൈദ്യുതി ഉപഭോഗം ജനങ്ങൾ പരമാവധി കുറയ്ക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. അനാവശ്യമായ ആഡംബര വിളക്കുകൾ ഒഴിവാക്കണമെന്നും ഫാൻ, ലൈറ്റ് എന്നിവയുടെ ഉപയോഗം അത്യാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ടെന്നും പ്രതിസന്ധി മറികടക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ പത്തു വർഷമായി സംസ്ഥാനത്ത് പവർകട്ട് ഉണ്ടായിരുന്നില്ലെന്ന എ.കെ ബാലൻ്റെ വാദങ്ങളെ മന്ത്രി തള്ളി. നിയമസഭയിൽ റൂൾ 300 അനുസരിച്ച് താൻ നൽകിയ പ്രസ്താവനയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിൽ മാസത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ്, എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് തന്നെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മേയ് 10, 11 തീയതികളിലും നിയന്ത്രണമുണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സഭയിൽ ഇത് കേട്ടതാണെന്നും ആരും അതിന് മറുപടി പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ വൈദ്യുതി പ്രതിസന്ധി ആരും പുതുതായി ഉണ്ടാക്കിയതല്ല. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉണ്ടാക്കിയ കരാർ നടപ്പിലാക്കിയിരുന്നെങ്കിൽ ഈ പ്രതിസന്ധി ഇത്ര രൂക്ഷമാകില്ലായിരുന്നു. നിലവിൽ ഘട്ടം ഘട്ടമായി രണ്ടു മണിക്കൂർ വരെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധി തുടർന്നാൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തൃശൂർ പൂരത്തിനിടെ രാത്രിയിലുണ്ടായ വൈദ്യുതി മുടക്കത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചതിനെയും മന്ത്രി വിമർശിച്ചു. ആര്യാടൻ മുഹമ്മദിൻ്റെ കരാർ നിലവിലുണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും ആരോടാണ് പ്രതിഷേധിക്കേണ്ടതെന്ന് അവർ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സോളാർ വൈദ്യുതി പകൽ സമയത്ത് ഒരു പൈസയ്ക്ക് ലഭിക്കുമ്പോൾ, രാത്രി പത്തു രൂപ കൊടുത്താൽ പോലും കിട്ടാത്ത അവസ്ഥയാണ്. സോളാർ എനർജി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും രാത്രി ഉപയോഗത്തിനായി അത് സംഭരിച്ച് വയ്ക്കാൻ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളില്ല. ഇതിനായി നിയോഗിച്ച കമ്മിറ്റിക്ക് ആറു മാസം സമയം നൽകിയിട്ടും ഫലമുണ്ടായില്ല. എല്ലാ ജില്ലകളിലും താൻ സന്ദർശനം നടത്തിയെന്നും എറണാകുളത്ത് നടപ്പിലാക്കിയ മോഡൽ പരീക്ഷണം വിജയകരമാണെന്നും മന്ത്രി പറഞ്ഞു. കാസർകോട് മയിലാട്ടിയിലെ ബാറ്ററി സ്റ്റോറേജ് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിൻ്റെ പുരോഗതി വിലയിരുത്താൻ വരുന്ന 20ന് മയിലാട്ടിയിലും ശ്രീകണ്ഠപുരത്തും സന്ദർശനം നടത്തുമെന്നും മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR