Enter your Email Address to subscribe to our newsletters

Kozhikode , 16 ജൂലൈ (H.S.)
ഒരു പ്രസവത്തിൽ മൂന്ന് കിടാങ്ങൾക്ക് ജന്മം നൽകിയ പശുവും കുട്ടികളും അപൂർവ്വ കാഴ്ചയാകുന്നു. വടകര വില്യാപ്പള്ളിക്കടുത്ത് മംഗലാട് ചെട്ട്യാൻ വീട്ടിൽ ഇബ്രാഹിമിന്റെ വീട്ടിലാണ് ഈ കൗതുക കാഴ്ച. തള്ളപ്പശുവിന്റെ മൂന്നാം പ്രസവത്തിലാണ് മൂന്ന് പശുക്കുട്ടന്മാർ പിറവിയെടുത്തത്.
മൂന്നുപേരും പൂർണ്ണ ആരോഗ്യവാന്മാരുമാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് പശുവിന് പ്രസവവേദന അനുഭവപ്പെട്ടത്. സാധാരണയിൽ കൂടുതൽ വയർ ഉള്ളതുകൊണ്ട് തന്നെ ഡോക്ടറെ വിളിച്ചു വരുത്തുകയായിരുന്നു. ആദ്യം ഒരു കിടാവ് പുറത്തേക്ക് വന്നു. പിന്നീടും പശു അസ്വസ്ഥത കാണിച്ചതോടെ രണ്ടാമത്തെ കുട്ടിയെ ഡോക്ടർ വലിച്ചെടുക്കുകയായിരുന്നു.
തുടർന്ന് ഡോക്ടർ ആശുപത്രിയിലേക്ക് തിരിച്ചുപോയി. ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഒരു കുട്ടി കൂടി ഉണ്ടെന്ന് മനസ്സിലായത്. പെട്ടെന്ന് ഡോക്ടറെ വിവരമറിയിച്ചു. അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ച് ആ കിടാവിനെ ഇബ്രാഹിം തന്നെ പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു.
ജേഴ്സി ക്രോസ് ഇനത്തിൽപ്പെട്ട പശുവിന് ഒരു കമ്പോണ്ടർ വന്നാണ് ഗർഭധാരണത്തിനുള്ള ഇഞ്ചക്ഷൻ നടത്തിയത്. എട്ടുമാസം കഴിഞ്ഞതോടെ പശുവിന് സാധാരണയിൽ കൂടുതലുള്ള വയര് ഉണ്ടായിരുന്നു. ആ സമയത്ത് തന്നെ ചില സംശയങ്ങൾ ഉണ്ടായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു. രാത്രി ഉറങ്ങാതെ കാവൽ ഇരുന്നും കഴിഞ്ഞ ദിവസങ്ങളിൽ പശുവിനെ നിരീക്ഷിക്കുമായിരുന്നു. പ്രശ്നങ്ങളൊന്നും ഇല്ലാതെ പ്രസവം നടന്നതിന്റെ സന്തോഷത്തിലാണ് സി വി ഇബ്രാഹിമും ഫാത്തിയും.
24 വർഷത്തോളം പ്രവാസിയായിരുന്ന ഇബ്രാഹിം നാട്ടിലെത്തിയതോടെയാണ് പശു വളർത്തൽ ഒരു തൊഴിലാക്കിയത്. ഒരു കന്നുകുട്ടിയെ വാങ്ങി പരിപാലിച്ച അദ്ദേഹത്തിൻ്റെ തൊഴുത്തിൽ ഇപ്പോൾ നാല് പശുക്കൾ ഉണ്ട്. മംഗലാട് ക്ഷീര സഹകരണ സംഘത്തിൽ അംഗങ്ങളാണ് ഈ ദമ്പതികൾ. കഴിഞ്ഞ കാൽ നൂറ്റാണ്ടായി പശു വളർത്തുന്ന ഇവർ, പരിപാലനത്തിനായി സർക്കാർ സഹായം അഭ്യർത്ഥിക്കുകയാണ്. കാലിത്തീറ്റയടക്കം എല്ലാറ്റിനും വില കുത്തനെ കൂടി. പാലിന് ലിറ്ററിന് ശരാശരി 50 രൂപ ലഭിക്കും. പാൽ വില ചെറിയതോതിൽ വർധിപ്പിച്ച സമയത്തും പശുവിനെ തീറ്റിപ്പോറ്റാനുള്ള ചെലവ് അതിൻ്റെ പതിൻമടങ്ങാണ് വർദ്ധിച്ചത്.
പരിപാലിക്കാൻ വിഷമമായതുകൊണ്ട് തന്നെ കൗതുക കാഴ്ച തന്ന പശുവിനെയും കിടാങ്ങളെയും വിൽക്കാനാണ് ഇബ്രാഹിം തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 20 ലിറ്റർ പാൽ ഈ പശുവിന് കഴിഞ്ഞ പ്രസവത്തിൽ ലഭിച്ചിട്ടുണ്ട്. അന്ന് ഒരു കുട്ടിയെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ മൂന്ന് പശുക്കുട്ടന്മാർക്ക് കൂടി പാല് കൊടുക്കുന്നതോടെ പിന്നെ വിൽക്കാൻ ഒന്നുമുണ്ടാകില്ല. എല്ലാംകൂടി താങ്ങാനുള്ള ശേഷിയില്ലെന്നും 64കാരനായ ഇബ്രാഹിം പറഞ്ഞു. അമ്മപ്പശുവിന്റെ സ്നേഹത്തണലിൽ തുള്ളിച്ചാടി നടക്കുന്ന കന്നുകുട്ടികൾ കൗതുകമാകുമ്പോഴും വേറെ മാർഗ്ഗങ്ങളില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം.
ഇത് അത്യപൂർവമായി സംഭവിക്കുന്നതാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷറഫുദ്ദീൻ പറഞ്ഞു. പശുവിന്റെ ഹോർമോൺ ഘടനയിൽ ഉണ്ടാകുന്ന വ്യത്യാസം ആണ് ഇതിന് കാരണമാകുന്നത്. ഒന്നിലേറെ അണ്ഡങ്ങളുമായി ബീജ സങ്കലനം നടക്കുന്ന വേളയിലാണ് ഇത് സംഭവിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ എറണാകുളത്താണ് ഇതുപോലെ ഒരു കേസ് റിപ്പോർട്ട് ചെയ്തത്. ഇരട്ടക്കുട്ടികൾ തന്നെ അപൂർവമായിട്ടാണ് ഉണ്ടാകാറുള്ളത് അദ്ദേഹം പറഞ്ഞു.
പശുക്കളിൽ മൾട്ടിപ്പിൾ ഓവുലേഷൻലേഷൻ അപൂർവ സംഭവമാണെന്ന് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബേബി പറഞ്ഞു. മൂന്ന് കിടാങ്ങൾ ഉണ്ടാകുന്ന സമയത്ത് മൂന്നും ഒരേ ലിംഗത്തിൽ പെട്ടതാണെങ്കിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല. എന്നാൽ വ്യത്യസ്ത ലിംഗമുള്ള കിടാങ്ങളാണെങ്കില് കാര്യങ്ങള് അങ്ങനെയല്ല.
ഒന്നിച്ച് പിറക്കുന്ന കിടാങ്ങളിലൊന്ന് പെൺകിടാവാണെങ്കിൽ അതിന് ഗർഭപാത്രം ഉണ്ടാകില്ല. ഈ അവസ്ഥയെ ഫ്രീ മാർട്ടിൻ എന്നാണ് വിളിക്കുന്നത്. കാഴ്ചയിൽ പെൺകിടാവിന്റെ അവയവങ്ങളൊക്കെ പുറത്തു കാണുമെങ്കിലും ഗർഭധാരണം സാധ്യമാകാത്ത അവസ്ഥയാണിത്.
മൾട്ടിപ്പിൾ ഓവുലേഷൻ
ചില സമയങ്ങളിൽ പശുക്കളുടെ ശരീരത്തിൽ സ്വാഭാവികമായി തന്നെ ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ഒന്നിൽക്കൂടുതൽ അണ്ഡങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും അവ ബീജസങ്കലനത്തിന് വിധേയമാവുകയും ചെയ്താൽ പശുക്കൾ ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നു. ഉയർന്ന അളവിൽ പാൽ തരുന്ന പശുക്കളിലും പ്രായം കൂടിയ പശുക്കളിലും, ഹോർമോൺ വ്യതിയാനങ്ങൾ മൂലവും ഇത് സംഭവിക്കാം. സ്വാഭാവികമായ ഇരട്ട പ്രസവം പലപ്പോഴും പശുക്കളുടെ ആരോഗ്യത്തെയും വീണ്ടും ഗർഭം ധരിക്കാനുള്ള ശേഷിയെയും ബാധിക്കാറുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR