വാണിയംകുളത്ത് നിന്നും കാണാതായ മൂന്നംഗ കുടുംബത്തെ എട്ടാം ദിവസം കണ്ടെത്തി.
Palakkad , 16 ജൂലൈ (H.S.) വാണിയംകുളത്ത് നിന്നും കാണാതായ മൂന്നംഗ കുടുംബത്തെ എട്ടാം ദിവസം കണ്ടെത്തി. ഷൊർണൂർ പോലീസിൻ്റെ പ്രത്യേക അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താനായത്. വാണിയംകുളം പനയൂർ സ്വദേശികളായ ബാബു ഭാസ്കർ ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കഴിഞ
Vaniyankulam missing case


Palakkad , 16 ജൂലൈ (H.S.)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നംഗ കുടുംബത്തെ എട്ടാം ദിവസം കണ്ടെത്തി. ഷൊർണൂർ പോലീസിൻ്റെ പ്രത്യേക അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താനായത്. വാണിയംകുളം പനയൂർ സ്വദേശികളായ ബാബു ഭാസ്കർ ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കഴിഞ്ഞ ഏഴു ദിവസമായി കാണാതിരുന്നത്.

കർണാടകയിലെ ചാംരാജ് നഗറിൽ വാടക വീട് എടുത്ത് താമസിച്ചുവരികയായിരുന്നു ഇവർ. കുടുംബത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് നാടുവിട്ടു പോകാൻ കാരണമായതെന്ന് പൊലീസിനോട് പറഞ്ഞു. ഇവർക്കായി ഷൊർണൂർ പൊലീസ് പ്രത്യേകമായി രണ്ട് അന്വേഷണ സംഘങ്ങളെ രൂപീകരിച്ച് പഴുതടച്ച അന്വേഷണം നടത്തിയിരുന്നു.

ഈ മാസം ഒൻപതിന് പുലർച്ചെ വാണിയംകുളം പനയൂരിലെ വീട്ടിൽ നിന്നും സ്വന്തം പിക്കപ്പ് വാഹനത്തിൽ യാത്ര തുടങ്ങിയ കുടുംബം ചെറുപ്പുളശ്ശേരി വഴി മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചതായി പൊലീസിൻ്റെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മൂവരുടെയും മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആയിരുന്നത് പൊലീസിൻ്റെ അന്വേഷണത്തെ വലച്ചു. ഒടുവിൽ സിസിടിവി ക്യാമറകൾ മാത്രമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള ഏകമാർഗം. നാടുകാണി ചുരം വഴി ഇവർ സഞ്ചരിച്ച വാഹനം കർണാടക ബോർഡർ കടന്നതായും മണിക്കൂറുകൾക്കുശേഷം അതേ വാഹനം തിരികെ വന്നതായും പൊലീസ് കണ്ടെത്തി.

വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനെയും അമ്മയെയും ചാംരാജ് നഗറിലെ വാടകവീട്ടിൽ സുരക്ഷിതരാക്കിയ വിഷ്ണു വാഹനം നാടുകാണി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. വാഹനത്തിൻ്റെ പേരിൽ സാമ്പത്തിക ബാധ്യതയുള്ള ധനമിടപാട് സ്ഥാപനം വാഹനം ഏറ്റെടുത്തോട്ടെ എന്ന ലക്ഷ്യത്തിലാണ് റോഡിൽ ഉപേക്ഷിച്ചത്. അന്ന് രാത്രി വിഷ്ണു വാഹനത്തിൽ തന്നെ കിടന്നുറങ്ങി. ഉപേക്ഷിച്ച സ്ഥലത്തുനിന്നും പിറ്റേദിവസം രാവിലെ ബസിൽ വാടക വീട്ടിലെത്തുകയായിരുന്നു.

മുന്നൂറോളം സിസിടിവി ക്യാമറകളാണ് ഇവർക്ക് വേണ്ടി പൊലീസ് പരിശോധിച്ചത്. കേരളത്തിലെയും കർണാടകയിലെയും ഉൾപ്പെടെ പല ആരാധനാലയങ്ങളിലും ലോഡ്ജുകളിലും പൊലീസ് അന്വേഷിച്ചു. ഒടുവിലാണ് കർണാടക മൈസൂർ റോഡിൽ നിന്നും ഏഴ് കിലോമീറ്റർ ഓളം മാറി ഉൾൾ ഗ്രാമത്തിൽ ഒരു തോട്ടത്തിനുള്ളിലെ വാടകവീട്ടിൽ നിന്ന് ഇവരെ കണ്ടെത്തിയത്.

എസ്ഐ കെപി അശ്വിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീഷ്, സിവിൽ പൊലീസ് ഓഫിസർ സുജി ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘവും സർക്കിൾ ഇൻസ്പെക്ടർ പി വിഷ്ണു, എഎസ് ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർ സന്ദീപ്, സുഭാഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളും ചേർന്ന മറ്റൊരു സംഘവുമാണ് കാണാതായവർക്കായി അന്വേഷണം നടത്തിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News