വയനാട് ജില്ലയിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുന്നു.
Wayanad , 16 ജൂലൈ (H.S.) ജില്ലയിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുന്നു. പുൽപ്പള്ളി-മാനന്തവാടി റോഡിലെ പാക്കം-കുറിച്ചിപ്പറ്റ ഭാഗത്താണ് കാട്ടാനകൾ യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീഷണി സൃഷ്ടിക്കുന്നത്. വാഹനങ്ങൾക്ക് നേരെ ആനകൾ പാഞ്ഞടുക്കുന്നത് പതിവായതോട
Wild elephant


Wayanad , 16 ജൂലൈ (H.S.)

ജില്ലയിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുന്നു. പുൽപ്പള്ളി-മാനന്തവാടി റോഡിലെ പാക്കം-കുറിച്ചിപ്പറ്റ ഭാഗത്താണ് കാട്ടാനകൾ യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീഷണി സൃഷ്ടിക്കുന്നത്. വാഹനങ്ങൾക്ക് നേരെ ആനകൾ പാഞ്ഞടുക്കുന്നത് പതിവായതോടെ അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.

പുൽപ്പള്ളി-മാനന്തവാടി റോഡിലെ കുറിച്ചിപ്പറ്റ ഇറക്കം മുതൽ പാക്കം വരെയുള്ള വനമേഖലയിലാണ് കാട്ടാനകളുടെ സാന്നിധ്യം സ്ഥിരം ഭീഷണിയായി മാറിയിരിക്കുന്നത്. റോഡരികിൽ പതുങ്ങിനിൽക്കുന്ന ആനകൾ വാഹനങ്ങൾ അടുത്തെത്തുമ്പോൾ പാഞ്ഞടുക്കുന്ന സാഹചര്യമാണുള്ളത്. വനപാതയിൽ ആനകൾ ദീർഘസമയം തങ്ങിനിൽക്കുന്നതിനാൽ ഗതാഗതം തടസപ്പെടുകയും അപകടസാധ്യത വർധിക്കുകയും ചെയ്യുന്നുവെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഈ വഴി സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസവും കാറിൽ സഞ്ചരിച്ചവർ ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കാടുമൂടി റോഡുകൾരാത്രി സമയങ്ങളിൽ പ്രദേശത്ത് വനംവകുപ്പിൻ്റെ വാച്ചർമാരുടെ സേവനം ലഭ്യമാണ്. പ്രദേശത്ത് ആനയുണ്ടെന്ന് അറിഞ്ഞാൽ ഇവർ എത്തിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, കാർ തുടങ്ങിയ ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് ഇവിടെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് പ്രദേശവാസിയായ ബാബു വ്യക്തമാക്കി. റോഡിൻ്റെ ഇരുവശങ്ങളിലും കാട് വളർന്നുനിൽക്കുന്നതിനാൽ ദൂരെയുള്ള കാഴ്ചകൾ കാണാൻ സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ കാടുകൾ വെട്ടിമാറ്റിയാൽ തന്നെ വലിയ തോതിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാക്കം-കുറിച്ചിപ്പറ്റ റോഡിൻ്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണെന്ന് യാത്രക്കാരനായ സണ്ണി പറഞ്ഞു. റോഡിൻ്റെ രണ്ടുഭാഗത്തും കാട് മൂടിക്കിടക്കുകയാണ്. രാത്രി സമയത്ത് പല വാഹനങ്ങളെയും ആന തടയുന്ന സാഹചര്യമുണ്ട്. ഒരുവിധത്തിലും ഈ വഴി യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. അടിയന്തരമായി ഈ റോഡിലെ കാട് വെട്ടിമാറ്റിയില്ലെങ്കിൽ വലിയ അപകടങ്ങൾ സംഭവിച്ചേക്കാം. ഈ പ്രശ്നത്തിൽ അധികൃതർ അടിയന്തര ശ്രദ്ധ കാണിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ അപകടങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശാശ്വത പരിഹാരം വേണംവയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വന്യജീവി-മനുഷ്യ സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ പാക്കം-കുറിച്ചിപ്പറ്റ റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. വേനൽ കടുക്കുന്നതോടെ വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും കുറയുന്നതാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്കും റോഡുകളിലേക്കും ഇറങ്ങാൻ പ്രധാന കാരണം. ഇതിനുപുറമെ, വനാതിർത്തികളിലെ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ തകർച്ചയും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ശല്യക്കാരായ ആനകളെ ഉൾവനത്തിലേക്ക് തുരത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വലിയൊരു അപകടം സംഭവിക്കുന്നതിന് മുൻപ് തന്നെ അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടാകണമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News