സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒളിവിൽ പോയ വിവാദ യൂട്യൂബർ തൊപ്പിക്കായി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി
Ernakulam , 16 ജൂലൈ (H.S.) സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒളിവിൽ പോയ വിവാദ യൂട്യൂബർ തൊപ്പിക്കായി (മുഹമ്മദ് നിഹാദ്) പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്
YOUTUBER THOPPI NIHAD CASE


Ernakulam , 16 ജൂലൈ (H.S.)

സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒളിവിൽ പോയ വിവാദ യൂട്യൂബർ തൊപ്പിക്കായി (മുഹമ്മദ് നിഹാദ്) പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു.

പൊലീസിൻ്റെ ഔദ്യോഗിക ശിപാർശയുടെയും പ്രത്യേക റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ നിഹാദിൻ്റെ പ്രധാന യൂട്യൂബ് ചാനൽ കമ്പനി പൂർണമായും നീക്കം ചെയ്തു. ഡിജിറ്റൽ മാധ്യമങ്ങളിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് യൂട്യൂബിൻ്റെ ഈ നിർണായക നടപടി. ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരുണ്ടായിരുന്ന ചാനലാണ് പൂട്ടിച്ചത്. ഇതിനിടെ, അറസ്റ്റ് തടയുകയെന്ന ലക്ഷ്യത്തോടെ നിഹാദ് എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കി പൊലീസ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.

ഗുരുതരമായ നിയമലംഘനങ്ങൾ

അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ റൂറൽ സൈബർ പൊലീസ് ഐ.ടി നിയമത്തിലെ വിവിധ കർശന വകുപ്പുകൾ പ്രകാരം നിഹാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേവലം ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നത് മാത്രമല്ല ഇയാൾക്കെതിരെയുള്ള കുറ്റം. കുട്ടികളെ സ്വാധീനിക്കുന്ന രീതിയിലുള്ള നിയമലംഘനങ്ങൾ മുൻനിർത്തിയുള്ള പോക്സോ നിയമം, മയക്കുമരുന്ന് ഉപയോഗം, ശാരീരിക-മാനസിക പീഡനങ്ങൾ, പരസ്യമായ അശ്ലീലപ്രദർശനം, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങി അതീവ ഗുരുതരമായ നിരവധി ആരോപണങ്ങളാണ് തൊപ്പിക്കും കൂടെയുള്ള സംഘത്തിനുമെതിരെ നിലനിൽക്കുന്നത്.

ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് അടക്കം നേരത്തെതന്നെ പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ഒട്ടനവധി പരാതികൾ ലഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ വലിയ സ്വാധീനമുള്ള ഇത്തരം വ്യക്തികൾ നടത്തുന്ന നിയമലംഘനങ്ങൾ യുവതലമുറയെ വഴി തെറ്റിക്കുന്നുവെന്ന വിമർശനം ശക്തമാണ്. തൊപ്പിയുടെ വിഡിയോകൾ കാണുന്നവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർഥികളാണ് എന്നത് ഗൗരവമുള്ള വിഷയമായി പൊലീസ് ചൂണ്ടിക്കാണിക്കുന്നു. മുൻപ് വളാഞ്ചേരിയിൽ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ഗതാഗത തടസം സൃഷ്ടിച്ചതിനും അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്ന് അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

നിലവിലെ കേസിൽ നിർണായകമായ അന്വേഷണത്തിൻ്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് പ്രതിക്ക് ഔദ്യോഗികമായി നോട്ടിസ് നൽകിയിരുന്നു. എന്നാൽ, പൊലീസിൻ്റെ നിർദേശങ്ങൾ പൂർണമായി അവഗണിച്ച നിഹാദ് ഒളിവിൽ പോവുകയായിരുന്നു. ഇയാളെ നേരിട്ട് പിടികൂടാനുള്ള നീക്കങ്ങൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും പരിശോധന കർശനമാക്കി.

തൊപ്പിയുടെ മുൻ സുഹൃത്തുക്കളാണ് ഇയാൾക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് പ്രതികാരമെന്ന നിലയിൽ ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ തൊപ്പി തൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ഈ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകൾ കണ്ടിരുന്നു. തുടർന്നാണ് സുഹൃത്തുക്കൾ പൊലീസിനെ സമീപിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News