Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 ജൂലൈ (H.S.)
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങള്‍. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് നേതാക്കള്‍ക്ക് ഫോണിലൂടെ വിളിയെത്തിയത്. മൂന്നു കോടി രൂപ നല്‍കിയാല്‍ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രി ആക്കാം എന്ന് എലത്തൂരിലെ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് വാട്‌സാപ് കോളില്‍ ആദ്യം വാഗ്ദാനം വന്നു. ഇതോടെയാണ് ഇത്തരമൊരു സംഘം പ്രവര്‍ത്തിക്കുന്നു എന്ന് പുറത്തറിഞ്ഞത്.
വിദ്യക്ക് പിന്നാലെ ഇതേ നമ്പറില്‍ നിന്ന് എംപിമാരായ ഷാഫി പറമ്പിലും ഡീന്‍ കുര്യാക്കോസിനും വിളിയെത്തി. പ്രിയങ്ക ഗാന്ധിയുടെ ഓഫിസില്‍ നിന്നെന്നു പറഞ്ഞാണ് കോളുകള്‍ വന്നത്. സംഭവത്തില്‍ ആള്‍മാറാട്ടത്തിന് കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫിസില്‍ നിന്ന് നല്‍കിയ പരാതിയില്‍ കല്‍പറ്റ സൈബര്‍ പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തി അന്വേഷണം തുടങ്ങി.
വിദ്യാ ബാലകൃഷ്ണന് വ്യാജ കോള്‍ എത്തിയ പരാതിയില്‍ കോഴിക്കോട് സൈബര്‍ സെല്ലും കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചിരുന്നു. വ്യത്യസ്ത പരാതികളില്‍ ഇരു ജില്ലകളിലെയും സൈബര്‍ സെല്‍ വിഭാഗങ്ങള്‍ സമാന്തരമായാകും അന്വേഷണം നടത്തുക എന്നാണ് വിവരം. വ്യാജ കോളിന്റെ ഉറവിടം ഡല്‍ഹി ആണെന്ന് കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്.രാജ്കുമാര്‍ വയനാട് എസ്പിക്ക് നല്‍കിയ പരാതിയിലാണ് കല്‍പറ്റ സൈബര്‍ പൊലീസ് ബുധനാഴ്ച എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. 9540575524 എന്ന നമ്പറില്‍ നിന്ന് എംപിമാര്‍ക്കും വ്യാജ കോള്‍ വന്നതായി എഫ്‌ഐആറിലുണ്ട്. അതേസമയം, സൈബര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ വടകര എംപി ഷാഫി പറമ്പിലിനെ 'പാലക്കാട് എംപി' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രിയങ്കയുടെ ഓഫിസില്‍ നിന്നാണെന്നു പറഞ്ഞാണ് ഈ മാസം ആറിന് വാട്‌സാപ്പില്‍ കോള്‍ വന്നത്. ഇത് സംബന്ധിച്ച് വിദ്യാ ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ മ്യൂള്‍ അക്കൗണ്ട് ഉപയോഗിച്ചാണ് വ്യാജ കോള്‍ നടത്തിയത് എന്നാണ് സൂചന. ഫോണ്‍ നമ്പറിന്റെ യഥാര്‍ഥ ഉടമയാകില്ല വിളിച്ചതെന്നും ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്താനാകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാകും കോള്‍ നടത്തിയതെന്നാണ് വിലയിരുത്തല്‍. ഷാഫി പറമ്പിലിനും ഡീന്‍ കുര്യാക്കോസിനും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു തന്നെയാണ് കോള്‍ ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ സ്ഥിരീകരിച്ചു. വിദ്യയ്ക്കും മറ്റ് രണ്ട് എംപിമാര്‍ക്കും ഒരേ തരത്തിലാണ് കോള്‍ ലഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നതിനാല്‍ കേരളത്തിലും അതുണ്ടാകുമെന്നാകാം തട്ടിപ്പുകാര്‍ കരുതിയതെന്നും പൊലീസ് അന്വേഷണത്തിലൂടെ തട്ടിപ്പുകാരെ കണ്ടെത്താന്‍ ആകുമെന്നാണ്
വ്യാജ കോള്‍ വന്നിരുന്നതായും പാര്‍ട്ടി നേതൃത്വം പറഞ്ഞതു പ്രകാരമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും വിദ്യാ ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരം നിരവധി തട്ടിപ്പുകള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. സാധാരണക്കാര്‍ ഇത്തരം തട്ടിപ്പുകളില്‍ വീണു പോകാന്‍ ഇടയുണ്ട്. അത്തരം ആളുകളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനാണ് പരാതി നല്‍കിയത്. അന്വേഷണത്തിനിടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യം ഒരുക്കും എന്നതിനാല്‍ ഇതൊരു വാര്‍ത്ത ആക്കാന്‍ താല്‍പര്യമില്ലായിരുന്നു. ഈ സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതുണ്ടെങ്കില്‍ അത് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ഉണ്ടാകുമെന്നുമാണ് വിദ്യ പറഞ്ഞത്.
---------------
Hindusthan Samachar / Sreejith S