Enter your Email Address to subscribe to our newsletters

Mumbai, 16 ജൂലൈ (H.S.)
അച്ഛന്‍ മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനേക്കാള്‍ ഞെട്ടിക്കുന്നതും ക്രൂരവുമായ മറ്റൊരു കുറ്റകൃത്യമില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിന് പ്രതിക്ക് ലഭിച്ച ശിക്ഷ ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
ഒരു മകള്‍ക്ക് അച്ഛന്റെ മടിത്തട്ട് വിട്ടുപോകേണ്ടി വന്നേക്കാം. എന്നാല്‍ അച്ഛന്റെ ഹൃദയത്തില്‍ അവള്‍ക്കുള്ള സ്ഥാനം ഒരിക്കലും നഷ്ടപ്പെടുന്നില്ലയെന്നും കോടതി പറഞ്ഞു. 12 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 43-കാരന്‍ സമര്‍പ്പിച്ച അപ്പീല്‍ ജസ്റ്റിസുമാരായ ഊര്‍മിള ജോഷി ഫാല്‍ക്കെ, നിവേദിത മേത്ത എന്നിവരടങ്ങുന്ന ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ജൂലൈ 15-ലെ വിധിന്യായത്തിലൂടെ തള്ളി.
മകളെ വഴക്കുപറയാറുണ്ടായിരുന്നതിനാലാണ് തന്നെ ഈ കേസില്‍ കുടുക്കിയതെന്ന് പ്രതി തന്റെ ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ വാദം തള്ളിക്കളഞ്ഞ കോടതി ഇരയായ പെണ്‍കുട്ടി കടുത്ത മാനസികാഘാതത്തിന് വിധേയയായെന്നും പ്രതി സ്വന്തം പിതാവ് തന്നെയായതിനാല്‍ സംഭവം ആരോടും വെളിപ്പെടുത്താന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെതിരെ വിട്ട് വീഴ്ചയില്ലാത്ത സമീപനമാണ് ബോംബെ ഹൈക്കോടതി സ്വീകരിച്ചത്. ഒരു കുട്ടിക്ക് തന്റെ പിതാവിനോടുള്ള വിശ്വാസത്തെയാണ് പ്രതി വഞ്ചിച്ചത്. കുട്ടിയുടെ സംരക്ഷകനാകേണ്ട അച്ഛന്‍ തന്നെയാണ് മകളുടെ ജീവിതം തകര്‍ത്തത്. നിസ്സഹായയായ ആ പെണ്‍കുട്ടിയുടെ മനസിനെയാണ് അയാള്‍ മുറിപ്പെടുത്തിയതെന്ന് ഹൈക്കോടതി പറഞ്ഞു.ബലാത്സംഗം എന്നത് കേവലം ശാരീരിക ആക്രമണമല്ല, മറിച്ച് ഇരയുടെ വ്യക്തിത്വത്തെ തന്നെ തകര്‍ക്കുന്ന ഒന്നുകൂടിയാണെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയുടെ മേല്‍ വിശ്വാസവും ആധിപത്യവുമുള്ള അച്ഛന്‍ സാഹചര്യങ്ങള്‍ ദുരുപയോഗം ചെയ്യുകയും തന്റെ കാമവാഞ്ഛ പൂര്‍ത്തീകരിക്കുന്നതിനായി ക്രൂരമായ കുറ്റകൃത്യം ചെയ്തുവെന്ന് അപ്പീല്‍ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഭാവി ജീവിതത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒരു മുറിപ്പാടുമായാണ് ഇരയ്ക്ക് ജീവിക്കേണ്ടി വരുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഇരയായ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെയാണ് കുഞ്ഞിന്റെ പിതാവെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. വയറുവേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2021 ഏപ്രിലിലാണ് പ്രതിക്കെതിരെ കേസെടുത്തത്. പിതാവ് തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പിന്നീട് ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയിരുന്നു.
---------------
Hindusthan Samachar / Sreejith S