ഹോര്മുസ് വഴി ഇന്ത്യന് നാവികരെ നിയോഗിക്കരുത്; കപ്പല് കമ്പനികള്ക്ക് കേന്ദ്രസര്ക്കാരിന്റെ മുന്നറിയിപ്പ്
New delhi, 16 ജൂലൈ (H.S.) പശ്ചിമേഷ്യന്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഹോര്‍മുസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ വിന്യസിക്കുന്നത് ഒഴിവാക്കണമെന്ന്
Iran USA conflict


New delhi, 16 ജൂലൈ (H.S.)

പശ്ചിമേഷ്യന്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഹോര്‍മുസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ വിന്യസിക്കുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിംഗ് കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശം നല്‍കി.. കപ്പല്‍ ഉടമകള്‍, കപ്പല്‍ മാനേജര്‍മാര്‍, പേഴ്സ ണല്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിലാണ് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ നിയോഗിക്കരുതെന്ന് ഡിജിഎംഎ മുന്നറിയിപ്പ് നല്‍കിയത്.

സംഘര്‍ഷബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിലവിലെ നടപടി. ഇന്ത്യന്‍ നാവികരുടെവ സുരക്ഷ, ക്ഷേമം എന്നിവ സംരക്ഷിക്കുന്നതിനാണ് ഈ നീക്കമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മാരിടൈം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

അടിയന്തര സഹായത്തിനായി, ഡിജി കമ്മ്യൂണിക്കേഷന്‍ സെന്ററുമായോ (എംഎംഡിഎസി) ഇന്ത്യന്‍ നാവികസേനയുടെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍-ഇന്ത്യന്‍ ഓഷ്യന്‍ റീജിയനുമായോ (ഐഎഫ്സി-ഐഒആര്‍) ഉടന്‍ ബന്ധപ്പെടാന്‍ ഡിജിഎംഎ നാവികരോടും കപ്പലുകളോടും ആവശ്യപ്പെട്ടു.

'ഗള്‍ഫ് മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷന്‍ 2026ലെ ഡിജിഎംഎ സര്‍ക്കുലര്‍ നമ്പര്‍ 36 വഴി കപ്പല്‍ ഉടമകള്‍ക്കും കപ്പല്‍ മാനേജര്‍മാര്‍ക്കും ആര്‍പിഎസ്എല്‍ കമ്പനികള്‍ക്കും ഹോര്‍മുസ് കടലിടുക്കിലൂടെ സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ഇന്ത്യന്‍ നാവികരെ നിയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,' ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് പ്രസ്താവനയില്‍ അറിയിച്ചു.

പേര്‍ഷ്യന്‍ ഗള്‍ഫ്, ഹോര്‍മുസ് കടലിടുക്ക്, അതിനോട് ചേര്‍ന്നുള്ള മറ്റ് ജലാശയങ്ങള്‍ എന്നിവടങ്ങളില്‍ സര്‍വീസ് നടത്തുന്ന കപ്പലുകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നാവിക മുന്നറിയിപ്പുകളും സുരക്ഷാ നിര്‍ദ്ദേശങ്ങളും സസൂക്ഷ്മം നിരീക്ഷിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News