വൈദ്യുതി നിയന്ത്രണത്തെ രാഷ്ട്രീയവത്കരിക്കരുത്, പ്രതിസന്ധി രൂക്ഷമാണെന്ന് മന്ത്രി സണ്ണി ജോസഫ്
Thiruvanathapuram, 16 ജൂലൈ (H.S.) സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും തുടരുമെന്ന് വൈദ്യുതമന്ത്രി സണ്ണി ജോസഫ്. അത്രയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഉത്പാദനത്തില്‍ കുറവുണ്ട്. ലഭ്യതയും കുറവാണ്. അതുകൊണ്ട് തന്നെ നിയന്ത്രണം
Sunny Joseph


Thiruvanathapuram, 16 ജൂലൈ (H.S.)

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും തുടരുമെന്ന് വൈദ്യുതമന്ത്രി സണ്ണി ജോസഫ്. അത്രയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഉത്പാദനത്തില്‍ കുറവുണ്ട്. ലഭ്യതയും കുറവാണ്. അതുകൊണ്ട് തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തുക അല്ലാതെ മറ്റ് വഴികളൊന്നും മുന്നില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

വൈദ്യുത നിയന്ത്രണത്തെ രാഷ്ട്രീയവത്കരിക്കരുത്.യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതുകൊണ്ടുള്ള നിയന്ത്രണമല്ല ഇതെന്നും രാജ്യമെമ്പാടും നിലനില്‍ക്കുന്ന സമാനമായ സാഹചര്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ വൈദ്യുതി ഉപഭോഗത്തില്‍ ആയിരം മെഗാവാട്ടിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കടുത്ത ചൂടും മഴയുടെ കുറവുമൂലം ഉല്‍പാദനത്തിലുണ്ടായ ഇടിവുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി വിശദീകരിച്ചു.

രാത്രികാലങ്ങളില്‍ വൈദ്യുതിയുടെ അനാവശ്യ ഉപഭോഗം കുറയ്ക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രി അഭ്യര്‍ഥിച്ചു. എസിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നത് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, രാത്രികാലങ്ങളില്‍ അയണ്‍ ബോക്‌സ്, മോട്ടോറുകള്‍ തുടങ്ങിയവയുടെ ഉപയോഗം പരമാവധി ഒഴിവാക്കി പകല്‍ സമയത്തേക്ക് മാറ്റണമെന്നും കടകളിലും വീടുകളിലും അനാവശ്യമായി ലൈറ്റുകള്‍ പ്രകാശിപ്പിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു. വൈകിട്ട് ആറുമണിക്ക് ശേഷമുള്ള പീക്ക് അവറുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സോളാര്‍ വൈദ്യുതി ഉല്‍പാദനം മികച്ച പരിഹാരമാണെങ്കിലും പകല്‍ ലഭിക്കുന്ന വൈദ്യുതി സംഭരിക്കാനുള്ള സംവിധാനത്തിന്റെ കുറവ് വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി അടിയന്തരമായ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ നടത്തിവരികയാണ്. മുന്‍പ് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കടംവാങ്ങിയ വൈദ്യുതി തിരിച്ചുനല്‍കേണ്ട സമയമാണിതെങ്കിലും ഉല്‍പാദനക്കുറവ് മൂലം അതിനും തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിവിധികള്‍ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ദിവസങ്ങളായി വൈദ്യുത നിയന്ത്രണം തുടരുകയാണ്. വൈകുന്നേരം ഏഴു മണിക്ക് ശേഷമുള്ള ഈ നിയന്ത്രണങ്ങള്‍ ഒരു മണിക്കൂറോളം നീണ്ടു നില്‍ക്കുന്നുണ്ട്. ഇതില്‍ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. പിണറായി സര്‍ക്കാര്‍ 10 വര്‍ഷം ഭരിച്ചിട്ടും പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് സിപിഎം പ്രചരണം.

---------------

Hindusthan Samachar / Sreejith S


Latest News