അഴിമതി നടത്തിയാല് സ്ഥാനം തെറിക്കും; മന്ത്രിമാര്ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്
Chennai, 16 ജൂലൈ (H.S.) മന്ത്രി തലത്തില്‍ നിന്നടക്കം അഴിമതി തൂത്തെറിയാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. അഴിമതി ആരോപണത്തില്‍ കുടുങ്ങിയാല്‍ മന്ത്രിമാരെ ഉടന്‍ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. .
vijay


Chennai, 16 ജൂലൈ (H.S.)

മന്ത്രി തലത്തില്‍ നിന്നടക്കം അഴിമതി തൂത്തെറിയാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. അഴിമതി ആരോപണത്തില്‍ കുടുങ്ങിയാല്‍ മന്ത്രിമാരെ ഉടന്‍ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. . ചെന്നൈ സെക്രട്ടേറിയറ്റില്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.

മന്ത്രിമാരുടെ പ്രവര്‍ത്തനം, ഭരണപരമായ അച്ചടക്കം, സുതാര്യത, അഴിമതി തടയല്‍ എന്നിവയെക്കുറിച്ചുള്ള സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കി.

മന്ത്രിമാരുമായോ അവരുടെ വകുപ്പുകളുമായോ അഴിമതി, കൈക്കൂലി അല്ലെങ്കില്‍ തെറ്റായ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികള്‍ ഉണ്ടായാല്‍ അവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കും. തെറ്റായ പെരുമാറ്റം സ്ഥിരീകരിച്ചാല്‍ ബന്ധപ്പെട്ട മന്ത്രിയെ സ്ഥാനത്തുനിന്ന് മാറ്റാന്‍ മടിക്കില്ല.

ടിവികെ സര്‍ക്കാര്‍ അഴിമതിരഹിത സര്‍ക്കാരാണെന്ന് ഉറപ്പാക്കാന്‍ ദൃഢനിശ്ചയം ഉണ്ടായിരിക്കണമെന്നും എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കണമെന്നും ഒരു തരത്തിലുള്ള ക്രമക്കേടുകളും അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാര്‍ പൂര്‍ണമായും സുതാര്യതയോടെ പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. മന്ത്രിമാര്‍ ആരായാലും എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അനാവശ്യ പരിശോധനകള്‍ നടത്തരുതെന്നും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും ജില്ലകളിലെ ചുമതലയുള്ള മന്ത്രിമാര്‍ക്കും വകുപ്പുതല പരിശോധനകള്‍ നടത്താമെങ്കിലും അനാവശ്യ പരിശോധനകള്‍ ഒഴിവാക്കണം. പരിശോധനയുടെ പേരില്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്നതും റീലുകള്‍ ഉള്‍പ്പെടെയുള്ള പ്രമോഷന്‍ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണം. ജില്ലകള്‍ സന്ദര്‍ശിക്കുമ്പോള്‍ പൊതുജനങ്ങളോട് ഉത്തരവാദിത്തത്തോടെയും ബഹുമാനത്തോടെയും പെരുമാറണമെന്നും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഊന്നിപ്പറഞ്ഞു.

അഴിമതിയും ദുഷ്പ്രവൃത്തിയും സംബന്ധിച്ച പരാതികള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ വകുപ്പുകളിലും ഭരണം ശക്തിപ്പെടുത്താന്‍ ശ്രദ്ധിക്കണം. മുന്‍ ഭരണകാലത്ത് സംഭവിച്ച വരുമാനനഷ്ടങ്ങളും പോരായ്മകളും തിരിച്ചറിഞ്ഞ് ഓരോ വകുപ്പിലും സര്‍ക്കാരിന് അധിക വരുമാനം ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. അതേസമയം, ചില മന്ത്രിമാരുടെ പരിശോധനയ്ക്കിടെ അടുത്തിടെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍, സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടന്ന ചില അനഭിലഷണീയ സംഭവങ്ങള്‍, തദ്ദേശ സ്വയംഭരണ കൗണ്‍സില്‍ അംഗങ്ങള്‍ക്കെതിരായ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിജയ് ഈ കര്‍ശന മുന്നറിയിപ്പുകള്‍ നല്‍കിയതെന്ന് ചീഫ് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News