'ഉദ്യോഗസ്ഥര്ക്ക് വീട്ടില് ഭാര്യയും മക്കളുമുള്ളതാണ്'; വനംവകുപ്പ് ഉദ്യോഗസ്ഥരെ വിരട്ടി എംഎംമണി ; 'പ്രായം' പറഞ്ഞ് വനംമന്ത്രിയുടെ മറുപടി
Idukki , 16 ജൂലൈ (H.S.) മലയോര മേഖലയിലെ ഭൂമി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന പ്രസംഗവുമായി സിപിഎം നേതാവ് എം എം മണി. ഇതിന് മറുപിടിയുമായി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണും എത്തിയതോടെ വലിയ വാക്‌പോരിന് തിരികൊളുത്
MM Mani


Idukki , 16 ജൂലൈ (H.S.)

മലയോര മേഖലയിലെ ഭൂമി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന പ്രസംഗവുമായി സിപിഎം നേതാവ് എം എം മണി. ഇതിന് മറുപിടിയുമായി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണും എത്തിയതോടെ വലിയ വാക്‌പോരിന് തിരികൊളുത്തിയിരിക്കുകയാണ്.

ഇടുക്കി കഞ്ഞിക്കുഴിയില്‍ വനംവകുപ്പിനും പൊലീസിനുമെതിരെ 'അടിച്ചാല്‍ തിരിച്ചടിക്കും' എന്ന കടുത്ത ഭാഷയില്‍ എം എം മണി പരസ്യ ഭീഷണി മുഴക്കിയപ്പോള്‍, മണിയുടെ പ്രായം കണക്കിലെടുത്ത് താന്‍ ഇതിനോട് പ്രതികരിക്കുന്നില്ലെന്ന പരിഹാസ മറുപടിയുമായി മന്ത്രി ഷിബു ബേബി ജോണും രംഗത്തെത്തി. റവന്യൂ ഭൂമി വനംവകുപ്പ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ സിപിഎം കഞ്ഞിക്കുഴിയില്‍ നടത്തിയ ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവെയായിരുന്നു മണിയുടെ വിവാദ പ്രസംഗം.

ജനങ്ങളെ ഉപദ്രവിക്കാന്‍ വന്നാല്‍ വനംവകുപ്പിനെയും പൊലീസിനെയും ശക്തമായി നേരിടുമെന്നാണ് എം എം മണി പ്രഖ്യാപിച്ചത്. നൂറോ നൂറ്റമ്പതോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്നക്കനാലും കട്ടപ്പനയുമെല്ലാം വനമായിരുന്നു എന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ മേലേക്ക് കുതിരകയറാന്‍ വരേണ്ടതില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ഞങ്ങള്‍ക്ക് നിയമമൊക്കെ നന്നായി അറിയാം. അതുകൊണ്ട് നിയമം മാങ്ങാതൊലി എന്നൊന്നും പറഞ്ഞ് ഇങ്ങോട്ട് വരേണ്ടതില്ല,' എന്ന് മണി തുറന്നടിച്ചു.

'ഫോറസ്റ്റുകാര്‍ക്കും പൊലീസുകാര്‍ക്കും ഒക്കെ വീട്ടില്‍ ഭാര്യയും മക്കളും ഉള്ളതാണ്. ഞങ്ങള്‍ക്ക് ഭാര്യയും മക്കളും ഒക്കെയുണ്ട്, എന്നാല്‍ അവരോടൊപ്പം സുഖമായി ജീവിക്കാം എന്ന് കരുതിയല്ല ഞങ്ങള്‍ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. വരുന്നിടത്ത് വച്ച് കാണാം എന്ന മനോഭാവമാണ് ഞങ്ങള്‍ക്കുള്ളത്,' എം.എം. മണി കൂട്ടിച്ചേര്‍ത്തു. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും മാധ്യമങ്ങള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

'ചോദിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക, നാല് ചീത്ത പറയുക എന്നതാണ് അദ്ദേഹത്തിന് അറിയാവുന്നത്. അങ്ങനെ അത് ശീലിച്ചുപോയി. അദ്ദേഹത്തിന്റെ പ്രായം വച്ച് ഓരോരുത്തര്‍ പോയി ഓരോന്ന് ചോദിക്കും. അദ്ദേഹത്തിന് എന്റെ പേരുപോലും അറിയില്ല. ഒത്തിരി ജോലിയുള്ളതുകൊണ്ട് അങ്ങേര്‍ക്കൊക്കെ മറുപടി പറഞ്ഞ് സമയം കളയാനാകില്ല. അതുകൊണ്ട് മറുപടി പറയുന്നില്ല.' വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.

എം എം മണിയുടെ ഭീഷണിപ്പെടുത്തുന്ന ശൈലിയിലുള്ള പ്രസംഗവും അതിന് മന്ത്രി ഷിബു ബേബി ജോണ്‍ നല്‍കിയ പരിഹാസ രൂപേണയുള്ള മറുപടിയും ഭരണ പ്രതിപക്ഷ ഭേദമന്യേ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇടുക്കിയിലെ ഭൂമി തര്‍ക്കങ്ങളില്‍ സിപിഎം സമരം കടുപ്പിക്കുമ്പോള്‍, ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്ന സൂചനയാണ് വനംവകുപ്പിന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. വരും ദിവസങ്ങളില്‍ ഈ വാക്‌പോര് കൂടുതല്‍ ശക്തമാകാനാണ് സാധ്യത.

---------------

Hindusthan Samachar / Sreejith S


Latest News