Enter your Email Address to subscribe to our newsletters

New delhi, 16 ജൂലൈ (H.S.)
സോനം വാങ്ചുക്കിന്റെ നിരാഹാരസമരം 18ാം ദിവസത്തിലേക്ക് കടന്നു. വിദ്യാഭ്യാസരംഗത്ത് വ്യത്യസ്തമായ സംഭാവനകള്‍ നല്‍കിയ പ്രതിഭ സ്വന്തം ജീവന്‍പോലും അവഗണിച്ചു നടത്തുന്ന സമരവും യുവാക്കള്‍ക്ക് വേണ്ടിയാണ്. ഇതിന് യുവാക്കളുടെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെയുമെല്ലാം പിന്തുണ ലഭിച്ചിട്ടും കുലുക്കമില്ലാത്തത് കേന്ദ്രസര്‍ക്കാരിനു മാത്രം. എന്നാല്‍, വാങ്ചുക്കിനോട് കാണിക്കുന്ന ഈ അവഗണനയ്ക്ക് തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രം മറുപടിനല്‍കേണ്ടിവരുമെന്ന് തീര്‍ച്ച.
തുടര്‍ച്ചയായി നടക്കുന്ന പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വമേറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയുക എന്ന ഒറ്റ ആവശ്യമാണ് വാങ്ചുക്കും അദ്ദേഹത്തിന്റെ സമരത്തിന് നേതൃത്വം നല്‍കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയും (സി.ജെ.പി.) മുഖ്യമായും ഉന്നയിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ ഇതിനകം ജന്തര്‍മന്തറിലെത്തി സമരത്തിന് പിന്തുണ നല്‍കിക്കഴിഞ്ഞു. പതിനെട്ട് ദിവസത്തെ നിരാഹാരം ഒന്‍പത് കിലോഗ്രാം കുറച്ചെങ്കിലും വാങ്ചുക്കിന്റെ പോരാട്ടവീര്യത്തിന് ഒട്ടും കുറവില്ല.
ബുധനാഴ്ച മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. പ്രശാന്ത് യദോറാവു പഡോലെയും സമരവേദിയിലെത്തിയത് ശ്രദ്ധേയമായി. ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെ ഒട്ടേറെ എം.പി.മാര്‍ സമരവേദിയിലെത്തി പാറ്റകള്‍ക്ക് പിന്തുണപ്രഖ്യാപിച്ചു. തിങ്കളാഴ്ച നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ തങ്ങളുടെ അണികളും പങ്കെടുക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചു.
പതിനെട്ടു ദിവസമായി ജന്തര്‍മന്തറില്‍ നിരാഹാരം തുടരുന്ന സോനം വാങ്ചുക്കിന് ഉചിതമായ ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. സാമൂഹികപ്രവര്‍ത്തകനും അഭിഭാഷകനുമായ രാകേഷ് കുമാര്‍ സെയ്നി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രത്തോടും ഡല്‍ഹി സര്‍ക്കാരിനോടും ഹൈക്കോടതി മറുപടിതേടിയത്. വാങ്ചുക്കിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തെ ഉടന്‍തന്നെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S