Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 ജൂലൈ (H.S.)
ലാട്ടറി ചരിത്രത്തിലെ റെക്കോര്‍ഡ് സമ്മാനത്തുകയുമായി 30 കോടി രൂപയുടെ തിരുവോണം ബംപര്‍ ഇന്ന് മുതല്‍. ഇന്ത്യയില്‍ തന്നെ ഇത്രയും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ഏക സംസ്ഥാനമായി കേരളം മാറുകയാണ്. മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് ഉച്ചയ്ക്ക് ടിക്കറ്റ് പ്രകാശനം നിര്‍വഹിക്കുന്നതോടെ ഈ വര്‍ഷത്തെ ഭാഗ്യപരീക്ഷണത്തിന് ഔദ്യോഗികമായി തുടക്കമാകും.
ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ചേംബറില്‍ നടക്കുന്ന ചടങ്ങിലാണ് ടിക്കറ്റിന്റെ ഔദ്യോഗിക പ്രകാശനം നിര്‍വഹിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റഴിക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപയുടെ ഏജന്‍സി കമ്മിഷന്‍ നല്‍കും. 500 രൂപയാണ് ടിക്കറ്റിന്റെ വില.
പ്രകാശനച്ചടങ്ങില്‍ നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അഞ്ജു കെഎസ്, അഡീഷണല്‍ ഡയറക്ടര്‍മാരായ ഷാജു പിഎ, അനില്‍കുമാര്‍ കെഎസ് തുടങ്ങിയവര്‍ പങ്കെടുക്കും. ജൂലൈ 20 തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വില്‍പന ഔദ്യോഗികമായി ആരംഭിക്കുന്നത്. ടിക്കറ്റ് വിലയില്‍ മാറ്റമില്ലാതെ 500 രൂപ തന്നെ തുടരും. അടിസ്ഥാന വിലയായ 357.14 രൂപയും 40 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏജന്റുമാര്‍ക്ക് നല്‍കാനായി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ആവശ്യകത അനുസരിച്ച് കൂടുതല്‍ പ്രിന്റ് ചെയ്യും. ടിഎ, ടിബി, ടിസി, ടിഡി, ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎല്‍ എന്നിങ്ങനെ 10 സീരീസുകളിലായാണ് ടിക്കറ്റുകള്‍ പുറത്തിറക്കുന്നത്.
ഒന്നാം സമ്മാനം 25 കോടിയില്‍നിന്ന് 30 കോടിയായി സര്‍ക്കാര്‍ ഉയര്‍ത്തിയപ്പോള്‍, 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമായി കുറച്ചു. ആകെ 125 കോടി 54 ലക്ഷം രൂപയാണ് ഭാഗ്യശാലികള്‍ക്കായി സമ്മാനത്തുകയായി നല്‍കുന്നത്. 2026 സെപ്റ്റംബര്‍ 26ന് തിരുവനന്തപുരത്താണ് മഹാബംപറിന്റെ നറുക്കെടുപ്പ് നടക്കുക.
സമ്മാനഘടനയുടെ പൂര്‍ണവിവരങ്ങള്‍
ഒന്നാം സമ്മാനം: 30 കോടി രൂപ (ഒരാള്‍ക്ക്).
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും രണ്ട് വീതം).
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും രണ്ട് വീതം).
നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നു വീതം).
അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നു വീതം).
ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്.
ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്.
എട്ടാം സമ്മാനം: 1000 രൂപ വീതം 1,24,200 പേര്‍ക്ക്.
ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്.
സമാശ്വാസ സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം ഒന്‍പത് പേര്‍ക്ക്.
അംഗീകൃത ഏജന്റുമാരില്‍നിന്നോ വില്‍പനക്കാരില്‍നിന്നോ നേരിട്ട് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രമേ വാങ്ങാവൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴിയോ ഡിജിറ്റല്‍ പേയ്മെന്റ് ലിങ്കുകളിലൂടെയോ ഉള്ള ഓണ്‍ലൈന്‍ ലോട്ടറി വില്‍പന പൂര്‍ണമായും വ്യാജവും നിയമവിരുദ്ധവുമാണെന്ന് ലോട്ടറി ഡയറക്ടറേറ്റ് കര്‍ശന മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ലോട്ടറിയിലൂടെ ലഭിക്കുന്ന തുക കാരുണ്യ ഉള്‍പ്പെടെയുള്ള വിവിധ ജനക്ഷേമ പദ്ധതികള്‍ക്കാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓണം ബംപറിന് ലഭിച്ച വന്‍ സ്വീകാര്യത ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.
---------------
Hindusthan Samachar / Sreejith S