മമത ബാനര്ജിക്ക് കനത്ത് തിരിച്ചടി; നടിയും രാജ്യസഭാ എംപിയുമായ കോയല് മല്ലിക് രാജിവച്ചു
Kolkkatha, 16 ജൂലൈ (H.S.) പശ്ചിമബംഗാള്‍ ഭരണം നഷ്ടമായതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. നടിയും തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപിയുമായ കോയല്‍ മല്ലിക് എന്നറിയപ്പെടുന്ന രുക്മിണി മല്ലിക് രാജ്യസഭാംഗത്വം രാജ
koel


Kolkkatha, 16 ജൂലൈ (H.S.)

പശ്ചിമബംഗാള്‍ ഭരണം നഷ്ടമായതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. നടിയും തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപിയുമായ കോയല്‍ മല്ലിക് എന്നറിയപ്പെടുന്ന രുക്മിണി മല്ലിക് രാജ്യസഭാംഗത്വം രാജിവച്ചു. രാജ്യസഭാ ചെയര്‍മാനും വൈസ് പ്രസിഡന്റുമായ സി.പി. രാധാകൃഷ്ണന് അയച്ച രാജിക്കത്തില്‍ അടിയന്തര പ്രാബല്യത്തോടെ രാജ്യസഭാംഗത്വം രാജിവയ്ക്കുന്നതായി മല്ലിക് പറഞ്ഞു.

'രാജ്യസഭാംഗത്വത്തില്‍ നിന്ന് ഞാന്‍ ഇതിനാല്‍ രാജിവയ്ക്കുന്നു. ദയവായി അത് ഉടനടി അംഗീകരിക്കുക,' എന്ന് കത്തില്‍ പറയുന്നു. രാജ്യസഭാംഗമെന്ന നിലയിലുള്ള തന്റെ കാലാവധിയില്‍ എല്ലാവിധ സഹായവും സഹകരണവും നല്‍കിയ രാജ്യസഭാ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി ചെയര്‍മാനോടും എല്ലാ ഉദ്യോഗസ്ഥരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും കോയല്‍ കത്തില്‍ കുറിച്ചു.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2026 ഏപ്രിലില്‍ മല്ലിക്കിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. ബംഗാളില്‍ കോയലിന്റെ ജനപ്രീതി മുതലെടുക്കാനുള്ള പാര്‍ട്ടിയുടെ ശ്രമമായാണ് ഈ തീരുമാനം വീക്ഷിക്കപ്പെട്ടത്. ഉപരിസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാഷ്ട്രീയ പ്രചാരണങ്ങളിലും പൊതുജന സമ്പര്‍ക്ക പരിപാടികളിലും അവര്‍ സജീവമായി പങ്കെടുത്തു. ബംഗാളി ചലച്ചിത്ര മേഖലയിലെ കോയലിന്റെ സ്വാധീനവും കുടുംബ പശ്ചാത്തലവും കാരണം അവരുടെ രാഷ്ട്രീയ പ്രവേശനം വളരെയധികം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നടന്‍ രഞ്ജിത് മല്ലിക്കിന്റെ മകളാണ് കോയല്‍ മല്ലിക്ക്.

മുതിര്‍ന്ന ടിഎംസി നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രിയുമായ മദന്‍ മിത്ര മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത ടിഎംസി വിഭാഗത്തില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് കോയലിന്റെ തീരുമാനം.

അസംബ്ലിയിലെ തന്റെ മുറി മാറ്റുക മാത്രമാണ് ചെയ്തത് എന്ന് വിമത ടിഎംസിയില്‍ ചേര്‍ന്ന ശേഷം മദന്‍ മിത്ര പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനങ്ങളാണ് മിത്ര ഉന്നയിച്ചത്. സംഘടന ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ കേന്ദ്രീകരിച്ചാണെന്നും അദ്ദേഹം ആരോപിച്ചു.

'അഭിഷേക് ബാനര്‍ജിയോട് ആറുമാസമോ ഒരു വര്‍ഷമോ മാറിനില്‍ക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നമുക്ക് പാര്‍ട്ടി കെട്ടിപ്പടുക്കാം, അതിനുശേഷം നിങ്ങള്‍ക്ക് തിരിച്ചെത്തി സ്ഥാനം ഏറ്റെടുക്കാമല്ലോ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു; എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. താന്‍ പാര്‍ട്ടി വിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി തകരുകയാണ്. ആ വഞ്ചി മുങ്ങിക്കഴിഞ്ഞു. ആളുകള്‍ മരിക്കുന്നു. എന്നിട്ടും, മറ്റുള്ളവര്‍ മരിച്ചാലും അഭിഷേകിനെ രക്ഷിക്കണം എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. അല്ലെങ്കില്‍ അത്തരമൊരു തീരുമാനത്തിലേക്ക് പാര്‍ട്ടി നിര്‍ബന്ധിതമാവുകയായിരുന്നു. ഇത് അങ്ങേയറ്റം ദുഃഖകരമാണ്.'എന്ന് മിത്ര പറഞ്ഞു.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് വന്‍ പരാജയം നേരിട്ടതിനെത്തുടര്‍ന്ന് ടിഎംസി ആഭ്യന്തര ഭിന്നതകളുമായി മല്ലിടുകയാണ്. പാര്‍ട്ടിയുടെ പരാജയത്തിന് തൊട്ടുപിന്നാലെ പുറത്താക്കപ്പെട്ട എംഎല്‍എ ഋതബ്രത ബാനര്‍ജി മമത ബാനര്‍ജിയുടെ നേതൃത്വത്തെ വെല്ലുവിളിക്കുന്ന ഒരു വിഭാഗത്തിന്റെ മുഖമായി ഉയര്‍ന്നുവന്നതോടെയാണ് ടിഎംസിക്കുള്ളില്‍ കലാപം ആരംഭിച്ചത്.

നേരത്തെ, മൂന്ന് ടിഎംസി എംപിമാരായ സുഷ്മിത ദേവ്, പ്രകാശ് ചിക് ബരായ്ക, സുഖേന്ദു ശേഖര്‍ റേ എന്നിവര്‍ ഉപരിസഭയില്‍ നിന്ന് രാജിവച്ച് ബിജെപിയിലേക്ക് പോയി. ബിജെപിയിലേക്ക് മാറിയതിന് മണിക്കൂറുകള്‍ക്ക് ശേഷം ഈ മൂന്ന് നേതാക്കളെയും ഉപരിസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തി.

---------------

Hindusthan Samachar / Sreejith S


Latest News