തൃശിവപേരൂരില് 'ആനയൂട്ട്'
Thrissur , 17 ജൂലൈ (H.S.) കര്ക്കടക മാസത്തില് ഗജവീരന്മാരെ ഊട്ടുകയെന്ന പതിവ് കേരളത്തില് ഇത്തവണയും തെറ്റിയില്ല. പൂരങ്ങളുടേയും കരി വീരന്മാരുടേയും നാടായ തൃശൂരില് വടക്കുംനാഥ ക്ഷേത്രത്തില് ഈ കര്ക്കടക മാസത്തിലെ ആദ്യ ആനയൂട്ട് ഗംഭീരമായി നടന്നു. 41 കൊമ്പനാനക
ANAYOOTTU AT THRISSUR


Thrissur , 17 ജൂലൈ (H.S.)

കര്ക്കടക മാസത്തില് ഗജവീരന്മാരെ ഊട്ടുകയെന്ന പതിവ് കേരളത്തില് ഇത്തവണയും തെറ്റിയില്ല. പൂരങ്ങളുടേയും കരി വീരന്മാരുടേയും നാടായ തൃശൂരില് വടക്കുംനാഥ ക്ഷേത്രത്തില് ഈ കര്ക്കടക മാസത്തിലെ ആദ്യ ആനയൂട്ട് ഗംഭീരമായി നടന്നു. 41 കൊമ്പനാനകളും 9 പിടിയാനകളും പങ്കെടുത്ത ആനയൂട്ട് കാണാന് തൃശൂര് നിവാസികളും ആന പ്രേമികളും ഒഴുകിയെത്തി.

പതിനഞ്ചോ ഇരുപതോ ആനകള് പങ്കെടുക്കുന്ന പൂരമൊക്കെ തൃശൂരുകാര് ഏറെ കണ്ടിട്ടുള്ളതാണ്. ഇത്തവണ വടക്കുംനാഥന്റെ മുന്നില് ആനയൂട്ടില് പങ്കെടുത്ത് പ്രത്യേകതകള് ഏറെയുള്ള കൊതിയൂറും ഉരുളകള് സ്വീകരിക്കാന് പേരെടുത്ത തലയെടുപ്പുള്ള ഗജവീരന്മാരടക്കം എത്തിയിരുന്നു. മഴ തകര്ത്ത് പെയ്ത കറുത്ത കര്ക്കടക പുലരിയില് ആടയാഭരണങ്ങളൊന്നുമില്ലാതെ അവര് വടക്കുംനാഥന്റെ നടയില് നടന്നു നീങ്ങി. ഊഴം കാത്ത് നിന്ന് ചോറുരുളകള് ഏറ്റുവാങ്ങി. അപ്പോഴും തലയെടുപ്പു കൊണ്ട് അവര് ആരാധകരെ ആകര്ഷിച്ചു കൊണ്ടേയിരുന്നു.

എറണാകുളം ശിവകുമാർ, പാറമേക്കാവ് കാളിദാസൻ, പാമ്പാടി സുന്ദരൻ, പുതുപ്പള്ളി സാധു, പുതുപ്പള്ളി കേശവൻ, ബാസ്റ്റിൻ വിനയസുന്ദർ എന്നിവരടക്കം ആരാധക വൃന്ദങ്ങള് ഏറെയുള്ള 41 കൊമ്പൻ ആനകളും തിരുവമ്പാടി ലക്ഷ്മിക്കുട്ടി അടക്കമുള്ള പിടിയാനകളും ആനയൂട്ടിനെത്തിയിരുന്നു. തൃശൂര് വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിന് ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില് ആനയൂട്ട് നടക്കും.

500 കിലോഗ്രാം അരി ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ ചോറിൽ അഷ്ടചൂർണവും ഔഷധക്കൂട്ടുകളും ചേർത്താണ് ഓരോ ആനയ്ക്കും 10 ഉരുള വീതം നൽകിയത്. ഇതോടൊപ്പം ആപ്പിൾ, മുന്തിരി, കരിമ്പ്, പഴം, തണ്ണിമത്തൻ, കക്കിരിക്ക, ഓരോ ആനയ്ക്കും 10 പട്ട വീതം, കൂടാതെ 2,000 കിലോഗ്രാം പുല്ലും ഉൾപ്പെടുത്തിയ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയത്.

രാവിലെ അഞ്ച് മണിയോടെ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗണപതി ഹോമം ആരംഭിച്ചു. 10,008 നാളികേരം, 2,000 കിലോഗ്രാം അവിൽ, 2,000 കിലോഗ്രാം ശർക്കര, 350 കിലോഗ്രാം മലർ, 60 കിലോഗ്രാം എള്ള് എന്നിവ ഉപയോഗിച്ചാണ് ഹോമം നടത്തിയത്. തുടർന്ന് രാവിലെ 9.30-ഓടെ പ്രശസ്തമായ ആനയൂട്ട് ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രം മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ആദ്യ ഉരുള ആനയ്ക്ക് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികൾ, ദേവസ്വം അധികൃതർ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവർ ആനകൾക്ക് ഭക്ഷണം നൽകി ചടങ്ങിൽ പങ്കാളികളായി. വടക്കുംനാഥ ക്ഷേത്രത്തിലെ കർക്കടകം ഒന്നിലെ ആനയൂട്ട് ചടങ്ങ് പതിവുപോലെ ഭക്തരുടെയും ആനപ്രേമികളുടെയും വൻ പങ്കാളിത്തത്തോടെയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തോടെയും സമാപിച്ചു. വടക്കുംനാഥനെ വണങ്ങി പടിഞ്ഞാറേ ഗോപുരനട വഴിയാണ് ആനകൾ തിരുമുറ്റത്ത് എത്തിയത്. മന്ത്രി ഒജെ ജനീഷും, എംഎൽഎ ചാണ്ടി ഉമ്മനും രാജൻ പല്ലനും ചടങ്ങിൽ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News