Enter your Email Address to subscribe to our newsletters

Thiruvananthapuram , 17 ജൂലൈ (H.S.)
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. ഇന്നലെയും സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 560 രൂപ കുറഞ്ഞ് 1,04,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയായി. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങുന്നവർക്ക് വിലക്കുറവിൻ്റെ ഈ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കും.
വിവിധ കാരറ്റിലുള്ള സ്വർണവിലയിലും ഇന്ന് വിലകുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 10,735 രൂപയും പവന് 85,880 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 8,365 രൂപയിലെത്തി. ഒരു പവന് 66,920 രൂപയാണ് നിരക്ക്. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപയുടെ കുറവോടെ 5,395 രൂപയായി. ഒരു പവൻ സ്വർണത്തിന് 43,160 രൂപയാണ് രേഖപ്പെടുത്തിയത്.
വെള്ളിവില
സ്വർണത്തോടൊപ്പം വ്യാപാര മേഖലയിൽ ദിനംപ്രതി വെള്ളിക്കും ആവശ്യക്കാർ ഏറെയാണ്. വിവാഹ സീസണുകളിൽ വെള്ളിക്ക് ഡിമാൻഡ് കൂടുതലാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 230 രൂപയാണ് വിപണി വില. 10 ഗ്രാം വെള്ളിക്ക് 2,300 രൂപയാണ് ഇന്നത്തെ നിരക്ക്.
പണിക്കൂലിയും നികുതിയും
സംസ്ഥാനത്ത് സ്വർണാഭരണങ്ങൾക്ക് വില ഈടാക്കുന്നത് സ്വർണവില, പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്കിങ് ചാർജ് എന്നിവ ചേർത്താണ്. ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന ആഭരണത്തിൻ്റെ ഡിസൈനുകളും നിർമാണവും അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. മെഷീൻ ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ആൻ്റിക്, കട്ടിങ് ഡിസൈനുകളുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലായിരിക്കും.
വിലക്കയറ്റത്തിന് പിന്നിലെ ഘടകങ്ങൾ
ആഗോള വിപണിയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് വർധിച്ചതും ഡോളറിൻ്റെ മൂല്യത്തിലെ ചാഞ്ചാട്ടവും രാജ്യാന്തര സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ തിരിയുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്.
ഇന്ത്യയിലെ ആഭ്യന്തര ഉപയോഗത്തിനായുള്ള സ്വർണം പ്രധാനമായും വിദേശ രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് എല്ലാക്കാലത്തും സ്വർണത്തിന് ആവശ്യക്കാർ കൂടുതലായതിനാൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിൽ പ്രകടമാകുന്ന വിലമാറ്റങ്ങൾ ആഭ്യന്തര വിപണിയിലും നേരിട്ട് പ്രതിഫലിക്കുന്നതിനാൽ കേരളത്തിലെ സ്വർണവിലയിലും വർധന രേഖപ്പെടുത്തുകയാണ്.
അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയെ സാരമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം. കൂടാതെ പശ്ചിമേഷ്യൻ പ്രതിസന്ധികളും യുദ്ധസമാനമായ സാഹചര്യങ്ങളും മറ്റ് ലോക രാഷ്ട്രങ്ങളിലെ പ്രശ്നങ്ങളും സ്വർണവിലയെ നിരന്തരം സ്വാധീനിക്കുന്നു. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സമാനമായ ആഗോള സാമ്പത്തിക കാരണങ്ങൾ സ്വർണവിപണിയെ വരും നാളുകളിലും നല്ലരീതിയിൽ സ്വാധീനിച്ചേക്കാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR