Enter your Email Address to subscribe to our newsletters

Ernakulam , 17 ജൂലൈ (H.S.)
മതപരമായ ചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കരുതെന്ന ഡിജിപിയുടെ സർക്കുലർ താത്ക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്റ്റേ .
മതപരമായ ചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു ഡിജിപി രാവാഡ ചന്ദ്രശേഖർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
ഇതിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. പിഎസ് മഹേന്ദ്രകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമണിഞ്ഞ് പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 1നാണ് ഡിജിപി സർക്കലുർ ഇറക്കിയത്. സർക്കുലറിലെ വിഷയങ്ങൾ വിശദമായി പരിശോധിച്ച് വാദം കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതിയുടെ സ്റ്റേ നടപടി.
തിരുവിതാംകൂർ - കൊച്ചി രാജവംശ കാലം മുതൽ നിലനിന്നിരുന്ന ആചാരമാണ് പല ക്ഷേത്ര ഉത്സവച്ചടങ്ങുകളിലും പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമണിഞ്ഞ് പങ്കെടുക്കുക എന്നതെന്ന് ഹർജിക്കാരൻ്റെ അഭിഭാഷകൻ വാദിച്ചു. പിന്നീട് മതപരമായ ചടങ്ങുകളിൽ ഔദ്യോഗിക വേഷത്തിലെ പൊലീസ് സാന്നിധ്യം അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.
ഡിജിപിയുടെ സർക്കുലർ ചരിത്രപരവും നിയമപരവുമായ കാര്യങ്ങൾ പരിശോധിക്കാതെയാണെന്നാണ് ഹർജിക്കാരൻ്റെ വാദം. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ അടക്കം വാദം വിശദമായി കേൾക്കാനും ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്. കേസ് ഓഗസ്റ്റ് 17ന് കോടതി വീണ്ടും പരിഗണിക്കും.
അതേസമയം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിവിധ ചടങ്ങുകൾ, വൈക്കം, ഏറ്റുമാനൂർ ക്ഷേത്രങ്ങളിൽ പൊലീസ് നൽകി വരുന്ന ഗാർഡ് ഓഫ് ഹോണർ എന്നിവയെ ബാധിക്കുന്ന തരത്തിലാണ് ഡിജിപിയുടെ സർക്കുലറെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR