Enter your Email Address to subscribe to our newsletters

Kozhikode , 17 ജൂലൈ (H.S.)
ബേപ്പൂരിന് സമീപം ചാലിയത്ത് കല്ലുമ്മക്കായ മോഷണം പതിവാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ നിരവധി കടകളിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ വില വരുന്ന കല്ലുമ്മക്കായകൾ മോഷണം പോയത്. ചാലിയം കടുക്ക ബസാർ കപ്പലങ്ങാടി ഇല്ലിക്കൽ ഫൈസലിൻ്റെ ഇല്ലിക്കൽ സീഫുഡ്സിലും കഴിഞ്ഞ ദിവസം മോഷണം നടന്നു. 70 കിലോയിലേറെ തൂക്കം വരുന്ന ഒരു ചാക്ക് കല്ലുമ്മക്കായയാണ് മോഷ്ടാവ് കൊണ്ടുപോയത്.
രാവിലെ കട തുറക്കാൻ എത്തിയ ഫൈസൽ നോക്കുമ്പോഴാണ് ചാക്കിൽ സൂക്ഷിച്ച കല്ലുമ്മക്കായ കാണാതായ വിവരം അറിയുന്നത്. ഉടൻതന്നെ ബേപ്പൂർ പൊലീസിൽ പരാതി നൽകി. ബേപ്പൂർ എസ്ഐ അർജുൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കടയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ മോഷ്ടാവ് കല്ലുമ്മക്കായ കൊണ്ടുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം കല്ലുമ്മക്കായയ്ക്ക് ഏറെ ഡിമാൻഡ് ഉള്ള സീസണാണ് ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസം. ഫൈസലിൻ്റെ ഇല്ലിക്കൽ സീ ഫുഡ്സിൽ നിന്നും കൊണ്ടുപോയ കല്ലുമ്മക്കായ മുന്തിയ ഇനത്തിൽ പെട്ടതും കിലോയ്ക്ക് മുന്നൂറ് രൂപയിൽ അധികം വില ലഭിക്കുന്നതുമാണ്. ഇത്തരം കല്ലുമ്മക്കായകൾ മറ്റ് ഇടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് പ്രധാനമായും ചെയ്യുന്നത്. കല്ലുമ്മക്കായ മോഷണം പോയതിലൂടെ 20,000 രൂപയിലേറെ നഷ്ടമാണ് ഫൈസലിന് ഉണ്ടായത്.
രണ്ടുമാസം മുമ്പും ഇതിന് സമാനമായ രീതിയിൽ ഫൈസലിൻ്റെ കടയിൽ കല്ലുമ്മക്കായ മോഷണം നടന്നിരുന്നു. അന്ന് ഒരു ലക്ഷം രൂപയിലേറെ വില വരുന്ന കല്ലുമ്മക്കായ നഷ്ടപ്പെട്ടു. കൂടാതെ ഫൈസലിൻ്റെ ഇല്ലിക്കൽ സീഫുഡ്സിനോട് ചേർന്നുള്ള മറ്റ് അഞ്ച് കടകളിലും ഇടക്കിടെ കല്ലുമ്മക്കായ മോഷണം നടക്കാറുണ്ട്. എല്ലാതവണയും പൊലീസിൽ പരാതി നൽകാറുണ്ടെങ്കിലും ഇതുവരെ മോഷ്ടാവിനെ പിടികൂടാൻ സാധിച്ചിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരാൾ തന്നെയാണ് സ്ഥിരമായി മോഷണം നടത്തുന്നതെന്ന കാര്യം വ്യക്തമായിട്ടുണ്ട്. മോഷണം പതിവായതോടെ ഇനി കാവൽ ഇരിക്കേണ്ടിവരുമോ എന്ന ചോദ്യമാണ് ചാലിയത്തെ കടുക്ക ബസാറിലുള്ള കല്ലുമ്മക്കായ വ്യാപാരികൾ ചോദിക്കുന്നത്.
ഇത്തരത്തിൽ മോഷണം പതിവാകുന്നതിനാൽ ഇനി എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് കല്ലുമ്മക്കായ വ്യാപാരികൾ. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഉടൻ മോഷ്ടാവിനെ അറസ്റ്റ് ചെയ്യണമെന്നും വ്യപാരികൾ ആവശ്യപ്പെടുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR