Enter your Email Address to subscribe to our newsletters

Trissur , 17 ജൂലൈ (H.S.)
വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സീനിയർ പുരുഷ ടീം ജമ്മു & കശ്മീരിലേക്ക് തിരിക്കുന്നു. ശ്രീനഗറിൽ വെച്ച് നടക്കുന്ന പര്യടനത്തിൽ ജമ്മു & കശ്മീർ സീനിയർ പുരുഷ ടീമുമായി രണ്ട് മൾട്ടി-ഡേ പരിശീലന മത്സരങ്ങളിലാണ് കേരളം മാറ്റുരയ്ക്കുന്നത്. ജൂലൈ 23 മുതൽ 29 വരെ ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളിൽ വിഷ്ണു വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മുവിനെതിരെയാണ് മത്സരം എന്നത് ഈ പരിശീലന പരമ്പരയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങളിലും കഠിനമായ പിച്ച് കണ്ടീഷനുകളിലും കളിച്ച് മികച്ച പരിചയസമ്പത്ത് നേടാൻ കളിക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ ഈ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.
ടീം സ്ക്വാഡ്: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് പി. നായർ, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഭിജിത്ത് പ്രവീൺ വി., കൃഷ്ണ പ്രസാദ്, ആദിത്യ ആനന്ദ് സർവതെ, അനുരാജ് ജെ. എസ്., നിധീഷ് എം. ഡി., ആസിഫ് കെ. എം., പവൻ രാജ്, വിശ്വേശ്വർ സുരേഷ് എന്നിവരടങ്ങുന്ന 14 അംഗ സ്ക്വാഡിനെയാണ് പര്യടനത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള ക്രിക്കറ്റ് ലീഗിന് (KCL) മുന്നോടിയായി ആരാധകർക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'കെസിഎൽ ഫാൻ ലീഗ്' ടൂർണമെന്റിലേക്ക് തൃശൂർ ഒരുങ്ങുന്നു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ വൻ വിജയത്തിന് ശേഷമാണ് കെസിഎൽ ഫാൻ ലീഗ് തൃശൂരിലേക്ക് എത്തുന്നത്. തൃശ്ശൂരിലെ കുട്ടനെല്ലൂർ സ്പോർട്ടേക്കർ ഇന്ത്യ സ്പോർട്സ് കോംപ്ലക്സിൽ വച്ച് 18, 19 തീയതികളിലാണ് ആവേശകരമായ മത്സരങ്ങൾ അരങ്ങേറുന്നത്.
തൃശൂർ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 32 ടീമുകൾ മാറ്റുരയ്ക്കുന്ന സോഫ്റ്റ് ടെന്നീസ് ബോൾ ടൂർണമെന്റിൽ വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ പങ്കെടുക്കുന്ന മുഴുവൻ കായികതാരങ്ങൾക്കും കേരള ക്രിക്കറ്റ് അസോസിയേഷന്റെ സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.
ജില്ലാതലത്തിൽ ചാമ്പ്യന്മാരാകുന്ന ടീം കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിജയികൾ സംസ്ഥാനതലത്തിൽ ഏറ്റുമുട്ടും. സംസ്ഥാനതല ഫൈനലിൽ കിരീടമണിയുന്ന ടീമിന് 30,000 രൂപയും കെസിഎൽ ഫാൻ ലീഗ് ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കാം.
മത്സരങ്ങൾക്ക് പുറമെ കാണികൾക്കായി 'വോയിസ് ഓഫ് കെസിഎൽ' കമന്ററി മത്സരം, ഫാസ്റ്റ് ബൗളിംഗ് ചലഞ്ച്, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന പ്രത്യേക ഗെയിം സോണുകൾ എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR