Enter your Email Address to subscribe to our newsletters

Kollam , 17 ജൂലൈ (H.S.)
മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്. നീണ്ടകര സ്വദേശിയായ ഗിരീഷ് ഹരിലാലാണ് പിടിയിലായത്. 14 ഗ്രാം എംഡിഎംഎ ഇയാളില് നിന്നും കണ്ടെടുത്തു. ബെംഗളൂരുവില് നിന്നും കടത്തി കൊണ്ടുവന്ന മയക്ക് മരുന്നാണ് പിടികൂടിയത്.
കൊല്ലം റൂറൽ പൊലീസിൻ്റെ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയിലാണ് ഇയാള് വലയിലായത്. സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണ്. മയക്കുമരുന്ന് കടത്ത് ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇയാളില് നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
രഹസ്യവിവരത്തെ തുടർന്ന് കുടുക്കി
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ നിന്ന് ട്രെയിനിൽ എത്തിയ ഗിരീഷ് ഹരിലാലിനെ നിരീക്ഷണത്തിലാക്കി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതി പിന്നീട് ബസിൽ കൊല്ലത്തേക്ക് യാത്ര തിരിക്കുകയായിരുന്നു. യാത്രയ്ക്കിടെയാണ് കൊല്ലം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചത്. പരിശോധനയിൽ 14 ഗ്രാം എംഡിഎംഎ കണ്ടെത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദീർഘകാലമായി മയക്കുമരുന്ന് കടത്തിൻ്റെ കണ്ണിയെന്ന് സംശയം
പ്രാഥമിക അന്വേഷണത്തിൽ ഗിരീഷ് ഹരിലാൽ ദീർഘകാലമായി മയക്കുമരുന്ന് കടത്ത് സംഘത്തിൻ്റെ ക്യാരിയറായി പ്രവർത്തിച്ച് വരികയാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്ന ശൃംഖലയുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്. പിടിച്ചെടുത്ത എംഡിഎംഎയുടെ ഉറവിടവും വിതരണ ശൃംഖലയുമാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിൽ തൂഫാൻ; പരിശോധന ശക്തമാക്കി പൊലീസ്
കേരള പൊലീസിൻ്റെ തൂഫാൻ്റെ ഭാഗമായിട്ടുള്ള ഒരു അറസ്റ്റ് ആണ് ഇതും. കേരള പൊലീസ് ലഹരി മാഫിയയ്ക്കെതിരെ ആരംഭിച്ച പുതിയ പദ്ധതിയാണ് 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്'. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുമായി സഹകരിച്ച് ജൂൺ 1ന് നിലവിൽ വന്ന ഈ കർമ്മപദ്ധതി, സംസ്ഥാനത്തെ സിന്തറ്റിക് ഡ്രഗ്സുകളുടെയും മയക്കുമരുന്നുകളുടെയും വ്യാപനം പൂർണമായി തുടച്ചുനീക്കാൻ ലക്ഷ്യമിടുന്നതാണ്.
പദ്ധതിയുടെ പ്രധാന സവിശേഷത ലഹരി വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാൻ പ്രത്യേക ആപ്പുകളും വാട്സ്ആപ്പ് ചാറ്റ്ബോട്ടുകളും ഉൾപ്പെടുന്ന സംവിധാനം ഇതിൽ ഉൾപ്പെടുന്നു എന്നതാണ്. മയക്കുമരുന്ന് മാഫിയകളുടെ ഉറവിടം കണ്ടെത്താനും അവരെ വേരോടെ പിഴുതെറിയാനും പ്രത്യേക പൊലീസ് ഇൻ്റലിജൻസ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത പരിശോധനകളും വിവര കൈമാറ്റങ്ങളും ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിൻ്റെ ഭാഗമായി നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായാണ് ബെംഗളൂരുവിൽ നിന്ന് 14 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ടുവന്ന യുവാവിനെ കൊല്ലം റൂറൽ പൊലീസിൻ്റെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR