Enter your Email Address to subscribe to our newsletters

Ernakulam , 17 ജൂലൈ (H.S.)
അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ കേരള ഹൈക്കോടതി രൂക്ഷവിമർശനം നടത്തി. സുപ്രീംകോടതിയും ഹൈക്കോടതിയും മുൻകൂർ ജാമ്യം തള്ളിയിട്ടും പ്രതിയെ പിടികൂടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, പൊലീസ് അന്വേഷണത്തെ ചോദ്യം ചെയ്തു. പൊലീസിന് രണ്ട് നീതിയാണോയെന്നും കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവുമെന്നും ഹൈക്കോടതി ചോദ്യമുയർത്തി.
പ്രതിയെ പിടിക്കാത്തതില് ഉത്തരവാദിത്വം എഡിജിപി എച്ച് വെങ്കിടേഷിനാണെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ്റെ ഭാഗത്തു നിന്നും വിമര്ശനമുണ്ടായl. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണ ചുമതല എച്ച് വെങ്കിടേഷിനായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തലവനെതിരായ ഹൈക്കോടതി വിമർശനം. എം കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ പരാതി വന്നാല് ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ചൂണ്ടിക്കാട്ടിയ ഹൈക്കോടതി അതൃപ്തി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാനും നിര്ദേശം നൽകി.
ബോഡി ബില്ഡര്മാരെ പൊലീസ് സേനയിൽ മാനദണ്ഡം ലംഘിച്ച് നിയമിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് നിതിൻ രാജ് കേസിൽ ഹൈക്കോടതി വിമർശനം. നിതിൻ രാജിൻ്റെ മരണം നടന്ന് 3 മാസം പിന്നിട്ടിട്ടും കേസിലെ ഒന്നാം പ്രതി ഡോ എം കെ റാമിനെ പൊലീസ് പിടികൂടാത്തതിൽ വ്യാപക വിമർശനം മുൻപും ഉയർന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ 10-നാണ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി നിതിൻ രാജ് അഞ്ചരക്കണ്ടിയിലെ കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
കോളജിലെ അധ്യാപകരിൽ നിന്നും കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും നിതിൻ രാജ് നേരിട്ടിരുന്നതായി കുടുംബം ആദ്യമേ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് വ്യാപകമായ വിദ്യാർഥി പ്രക്ഷോഭങ്ങളും ക്യാമ്പസിലും പുറത്തും അരങ്ങേറിയിരുന്നു. കടുത്ത ജനരോഷത്തെ തുടർന്ന് പ്രതിയായ ഡോ. റാമിനെ കോളേജ് മാനേജ്മെന്റ് പിന്നീട് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR