Enter your Email Address to subscribe to our newsletters

Thiruvananthapuram , 17 ജൂലൈ (H.S.)
സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിനും പേവിഷബാധയ്ക്കും ശാശ്വത പരിഹാരം കാണാന്, വികാരപരമായ പ്രതികരണങ്ങള്ക്കപ്പുറം ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനം അനിവാര്യമാണെന്ന് തൊഴില്, മൃഗസംരക്ഷണ, ക്ഷീരവികസന, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
'കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും' എന്ന വിഷയത്തില് കേരള വെറ്ററിനറി ആന്ഡ് അനിമല് സയന്സസ് സര്വകലാശാല, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്സില് എന്നിവ സംയുക്തമായി മണ്ണുത്തി വികെഐഡിഎഫ്ടി ഓഡിറ്റോറിയത്തില് സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ. മൃഗങ്ങളുടെയും മനുഷ്യന്റെയും ആരോഗ്യവും പരിസ്ഥിതിയും ഒരുമിച്ച് പരിഗണിക്കുന്ന 'വണ് ഹെല്ത്ത്' സമീപനത്തിലൂടെ, മൃഗസംരക്ഷണ-ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന് മന്ത്രി പറഞ്ഞു.
വളര്ത്തുനായകളുടെ രജിസ്ട്രേഷന്, ലൈസന്സിംഗ്, മൈക്രോചിപ്പിംഗ്, വാക്സിനേഷന്, വന്ധ്യംകരണം എന്നിവ കാര്യക്ഷമമാക്കാന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാനതലത്തില് ഒരു ഏകീകൃത ഡിജിറ്റല് പെറ്റ്മാനേജ്മെന്റ്സംവിധാനം വികസിപ്പിക്കുന്നത് സര്ക്കാര് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
ശാസ്ത്രീയ വന്ധ്യംകരണവും (എബിസി) കൂട്ടത്തോടെയുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പും തുടര്ച്ചയായി നടത്തി, 2030-ഓടെ പേവിഷബാധ മൂലമുള്ള മനുഷ്യമരണങ്ങള് പൂര്ണമായി ഇല്ലാതാക്കുക എന്ന ദേശീയ ലക്ഷ്യത്തിലേക്ക് കേരളം എത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. പരിഹാരം കേന്ദ്രീകരണത്തിലല്ല, വികേന്ദ്രീകരണത്തിലാണെന്നും, ഓരോ വാര്ഡും സ്വന്തം പ്രദേശത്തെ നായകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന, നിലവിലുള്ള സര്ക്കാര് വെറ്ററിനറി ആശുപത്രികളെ പ്രയോജനപ്പെടുത്തുന്ന വാര്ഡ്തല മാതൃകയാണ് പ്രായോഗികമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. ഇത് ഏതാനും വര്ഷത്തേക്കുള്ള പദ്ധതിയായല്ല, മറിച്ച് ഒരു നിരന്തര ഉത്തരവാദിത്തമായി കാണണമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് അനില് അക്കര അധ്യക്ഷത വഹിച്ചു. സര്വകലാശാലാ വൈസ്ചാന്സലര് പ്രൊഫ. (ഡോ.) കെ.എസ്. അനില് ആമുഖ പ്രസംഗം നടത്തി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര് ഡോ. കെ. സിന്ധു, സര്വകലാശാലാ ഡയറക്ടര് ഓഫ് അക്കാദമിക്സ് ആന്ഡ് റിസര്ച്ച് പ്രൊഫ. (ഡോ.) സി. ലത, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്സില് പ്രസിഡന്റ് ഡോ. കെ.ആര് ബിനു പ്രശാന്ത്, ഡയറക്ടര് ഓഫ് എന്റര്പ്രണര്ഷിപ്പ് പ്രൊഫ. (ഡോ.) ടി.എസ്. രാജീവ് എന്നിവര് സംസാരിച്ചു. ചടങ്ങിന് രജിസ്ട്രാര് പ്രൊഫ. (ഡോ.) സാബിന് ജോര്ജ് സ്വാഗതവും ഗ്രാമ പഞ്ചായത്ത് അസോസിയേഷന് ജനറല് സെക്രട്ടറി അഹമ്മദ് പുന്നക്കല് കൃതജ്ഞതയും അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR