അനസ്തീസിയക്ക് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവം: ജില്ലാ വിദഗ്ധ സമിതി യോഗത്തിൽ ഭിന്നാഭിപ്രായം; തീരുമാനം സംസ്ഥാനതല സമിതിക്ക് വിട്ടു
Kannur, 17 ജൂലൈ (H.S.) കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അനസ്തീസിയ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ജില്ലാതല മെഡിക്കൽ വിദഗ്ധ സമിതി യോഗത്തിൽ ഡോക്ടർമാർക്കിടയിൽ ഭിന്നാഭിപ്രായം. ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക
അനസ്തീസിയക്ക് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവം: ജില്ലാ വിദഗ്ധ സമിതി യോഗത്തിൽ ഭിന്നാഭിപ്രായം; തീരുമാനം സംസ്ഥാനതല സമിതിക്ക് വിട്ടു


Kannur, 17 ജൂലൈ (H.S.)

കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അനസ്തീസിയ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ജില്ലാതല മെഡിക്കൽ വിദഗ്ധ സമിതി യോഗത്തിൽ ഡോക്ടർമാർക്കിടയിൽ ഭിന്നാഭിപ്രായം. ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ചേർന്ന ജില്ലാതല സമിതിയിലെ അംഗങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതോടെ, വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാനതല സമിതിയിലേക്ക് മാറ്റി. സംസ്ഥാനതല മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും സംഭവത്തിൽ പൊലീസ് തുടർനടപടികളിലേക്ക് കടക്കുക.

പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ടാണ് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. കളിക്കുന്നതിനിടയിൽ ചുണ്ടിന് പരിക്കേറ്റ കുഞ്ഞിനെ തുന്നലിടാനായാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ജനറൽ അനസ്തീസിയ നൽകുകയായിരുന്നു. എന്നാൽ അനസ്തീസിയ നൽകി മിനിറ്റുകൾക്കകം കുഞ്ഞിന്റെ നില ഗുരുതരമാവുകയും ബോധരഹിതനാവുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലിരിക്കെ ജൂലൈ 10-ഓടെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചികിത്സാ പിഴവുണ്ടായെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തുകയും അനസ്തെറ്റിസ്റ്റ് ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അനസ്തീസിയ നൽകിയതിനെ തുടർന്ന് തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടുകയും ഇത് ബ്രെയിൻ ഡെത്തിലേക്ക് (Brain death) നയിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കൂടാതെ ചെറിയൊരു ചുണ്ടുപരിക്കിന് കുഞ്ഞിന് ജനറൽ അനസ്തീസിയ നൽകേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.

എന്നാൽ, കുഞ്ഞിന് അനസ്തീസിയ നൽകിയതിന് തൊട്ടുപിന്നാലെ അപ്രതീക്ഷിതമായി ഹൃദയാഘാതം (Cardiac Arrest) ഉണ്ടാവുകയായിരുന്നു എന്നും ഇത് മെഡിക്കൽ രംഗത്ത് അപൂർവ്വമായി സംഭവിക്കാവുന്ന ഒന്നാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് പയ്യന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മരണ കാരണം വ്യക്തമാക്കാൻ വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ ബോർഡിന്റെ സഹായം തേടിയത്.

ജില്ലാതല സമിതിയിൽ പങ്കെടുത്ത ഡോക്ടർമാരിൽ ചിലർ ചികിത്സാ പിഴവിലേക്ക് വിരൽ ചൂണ്ടിയപ്പോൾ, മറ്റു ചിലർ അത് ആശുപത്രി അധികൃതരുടെ വാദങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലാണ് വിലയിരുത്തിയത്. ഡോക്ടർമാർ രണ്ട് തട്ടിലായതോടെയാണ് കേസ് സംസ്ഥാന മെഡിക്കൽ ബോർഡിന്റെ പരിഗണനയ്ക്ക് വിടാൻ തീരുമാനിച്ചത്. സംസ്ഥാനതല സമിതിയുടെ കണ്ടെത്തലുകൾ കേസിൽ നിർണ്ണായകമാകും. കുഞ്ഞിന് നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നാണ് മാതാപിതാക്കളും ബന്ധുക്കളും വ്യക്തമാക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News