Enter your Email Address to subscribe to our newsletters

Kochi, 17 ജൂലൈ (H.S.)
കൊച്ചി: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യു (KSU) ഉന്നയിച്ച ആക്ഷേപങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ രൂക്ഷവിമർശനം. പ്ലീഡർ നിയമനത്തിൽ കെഎസ്യുവിന് എന്താണ് കാര്യമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് ജിന്റോ ജോൺ രംഗത്തെത്തി. ഭരണകൂടങ്ങളുടെ അധികാരധാർഷ്ട്യത്തെ തുറന്നുകാട്ടുന്ന കടുത്ത പ്രതികരണമാണ് ജിന്റോ ജോൺ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പട്ടാഭിഷേകം കഴിഞ്ഞാൽ നൽകിയ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്ന് ജിന്റോ ജോൺ ഫെയ്സ്ബുക്ക് കുറിപ്പിൽ പരോക്ഷമായി പരിഹസിച്ചു. അധികാരത്തിന്റെ ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനമെന്നും അദ്ദേഹം കുറിച്ചു. ഭരണകൂടങ്ങൾ അധികാരത്തിന്റെ ധാർഷ്ട്യം കാണിക്കുമ്പോൾ, ആ ധാർഷ്ട്യത്തെ തുറന്നുകാട്ടുന്ന സത്യങ്ങൾ വിളിച്ചുപറയാൻ കുട്ടികൾ വേണമെന്നും ചോദ്യങ്ങൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സംഘടനയ്ക്ക് വേണ്ടി തെരുവിൽ അടി കൊള്ളുന്ന വിദ്യാർത്ഥി നേതാക്കളെ തള്ളിപ്പറയുന്ന നിലപാടിനെ ജിന്റോ ശക്തമായി എതിർത്തു. കെഎസ്യുക്കാരെ തല്ലുന്നവരെ ന്യായീകരിക്കാൻ തന്റെ നാവ് പൊന്തില്ല എന്ന് അദ്ദേഹം കടുത്ത ഭാഷയിൽ വ്യക്തമാക്കി. പാർട്ടിയുടെ ഉന്നത നേതാക്കളുടെ മക്കൾ പലരും സുരക്ഷിതമായി മാറിനിന്നപ്പോൾ, പ്രസ്ഥാനത്തിന് വേണ്ടിയും പാർട്ടിയുടെ നിലനിൽപ്പിന് വേണ്ടിയും തെരുവിൽ ഇറങ്ങി ചോര ചിന്തിയത് ഈ 'കാര്യമില്ലാത്ത' പിള്ളേരാണെന്ന് ആരും മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വന്ന വഴികളും കൈപിടിച്ചുയർത്തിയ മനുഷ്യരെയും കേവലം ചവിട്ടുപടികളായി മാത്രം കണ്ട് തള്ളിക്കളയുന്ന രീതി ശരിയല്ലെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട്.
സീനിയർ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യു ഉയർത്തിയ പ്രതിഷേധങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം സംസാരിച്ചത്. നിയമനത്തിൽ കെഎസ്യുവിന് എന്താണ് കാര്യമെന്ന ചോദ്യം പാർട്ടിക്കുള്ളിലെ വലിയൊരു വിഭാഗം കടുത്ത അമർഷത്തോടെയാണ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ജിന്റോ ജോൺ പരസ്യമായി മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രംഗത്തെത്തിയത്. അധികാരത്തിലെത്തിയ ശേഷം സ്വന്തം അണികളെയും വിദ്യാർത്ഥി പ്രസ്ഥാനത്തെയും വിസ്മരിക്കുന്ന ഉന്നത നേതൃത്വത്തിന്റെ ശൈലിക്കെതിരെയുള്ള യുവനേതാക്കളുടെ ശക്തമായ തിരുത്തലായിട്ടാണ് ഈ സോഷ്യൽ മീഡിയ പോസ്റ്റിനെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന കോൺഗ്രസിനും കെഎസ്യുവിനും ഇടയിൽ പുതിയ തർക്കങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K