Enter your Email Address to subscribe to our newsletters

Ernakulam , 17 ജൂലൈ (H.S.)
വയനാട് കള്ളാടി മണ്ണിടിച്ചിലിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ. ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ച സംഭവിച്ചുവെന്ന് അമിക്കസ് ക്യൂറി കെഎസ്ഡിഎംഎ (സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി) ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറിയെന്നും റിപ്പോർട്ട്. കള്ളാടി മണ്ണിടിച്ചിൽ ദുരന്തമുണ്ടായത് മുന്നറിയിപ്പുകൾ അവഗണിച്ചതു മൂലമെന്നാണ് ഹൈക്കോടതിയിൽ നൽകിയ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.
അഞ്ച് തവണയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. അപകടം ഒഴിവാക്കാൻ മണ്ണുകൂമ്പാരം ഉടൻ നീക്കണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു. മുന്നറിയിപ്പുകൾ അവഗണിച്ചത് ദുരന്തത്തിന് കാരണമായി. അഞ്ച് തവണ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിയിട്ടും മണ്ണ് നീക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതാണ് ഈ ദുരന്തത്തിൻ്റെ പ്രഥമിക കാരണം.
ദുരന്ത സാധ്യതയുള്ള ഏത് നിർമ്മാണവും പരിശോധിക്കാൻ അതോറിറ്റിക്ക് അധികാരമുണ്ടെന്നിരിക്കെ
ദുരന്തനിവാരണ നിയമത്തിന് വിരുദ്ധമായ നിലപാടാണ് കെ എസ് ഡി എം എ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി സ്വീകരിച്ചതെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വിമർശിച്ചു. പരിസ്ഥിതി അനുമതിയുള്ള പദ്ധതിയായതിനാൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഡിഎംഎ ഫയൽ മടക്കുകയാണ് ചെയ്തത്. ജൂൺ 3-ലെ കെഎസ്ഡിഎംഎ യുടെ ഈ തീരുമാനം പിൻവലിക്കണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
കരാർ കമ്പനിയുടെ സുരക്ഷാവീഴ്ച്ചകളും നിയമ ലംഘനവും പരിശോധിക്കണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുണ്ട്. പാരിസ്ഥിതികാനുമതിയുള്ള പദ്ധതിയിലെ മണ്ണ് നിക്ഷേപ വ്യവസ്ഥകൾ ലംഘിച്ചോയെന്ന് അന്വേഷിക്കണം. തൊഴിലാളികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോയെന്നും പരിശോധിക്കണം. തുരങ്ക നിർമ്മാണം സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ നിർത്തിവയ്ക്കാനും ശുപാർശയുണ്ട്.
കൂടാതെ അപകടകരമായ മണ്ണുകൂമ്പാരം ശാസ്ത്രീയമായി നീക്കാൻ സമയബന്ധിത പദ്ധതി വേണം.
അപകട സാധ്യതയുള്ള മേഖലയിലെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം. മുന്കാല ചരിത്രം പരിശോധിച്ച് വേണം കരാര് നല്കാന്. പരിസ്ഥിതി ലോല പ്രദേശത്ത് നകരാര് നല്കുമ്പോള് പരിശോധന വേണം. കൃത്യമായ പശ്ചാത്തലവും കര്ശന മേല്നോട്ടവും വേണമായിരുന്നുവെന്നും അമികസ് ക്യൂറി വ്യക്തമാക്കി. കരാർ കമ്പനിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടിയ്ക്കൊപ്പം ദുരന്തസാധ്യതയുള്ള പദ്ധതികൾക്ക് 'ഡിസാസ്റ്റർ ഇംപാക്ട് അസസ്മെൻ്റ്' നിർബന്ധമാക്കണമെന്നും അമിക്കസ് ക്യൂറി ശുപാർശ ചെയ്തു. ഹൈക്കോടതി സ്വമേധയായെടുത്ത ഹർജിയിലാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR