കള്ളാടി മണ്ണിടിച്ചിലിൻ്റെ പ്രത്യാഘാതം വയനാട്ടിലെ വിനോദസഞ്ചാര മേഖലയെയും ഗുരുതരമായി ബാധിക്കുന്നു
Wayanad , 17 ജൂലൈ (H.S.) കള്ളാടി മണ്ണിടിച്ചിലിൻ്റെ പ്രത്യാഘാതം വയനാട്ടിലെ വിനോദസഞ്ചാര മേഖലയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ദുരന്തത്തിന് പിന്നാലെ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ ടൂറിസത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധ
kalladi Landslide


Wayanad , 17 ജൂലൈ (H.S.)

കള്ളാടി മണ്ണിടിച്ചിലിൻ്റെ പ്രത്യാഘാതം വയനാട്ടിലെ വിനോദസഞ്ചാര മേഖലയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ദുരന്തത്തിന് പിന്നാലെ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ ടൂറിസത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിലായി. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ ഈ തിരിച്ചടിക്ക് ആക്കം കൂട്ടിയെന്നാണ് ടൂറിസം മേഖലയിലെ വിലയിരുത്തൽ.

കള്ളാടി മണ്ണിടിച്ചിൽ ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ വയനാട് മുഴുവൻ അപകട മേഖലയാണെന്ന തെറ്റിദ്ധാരണ വ്യാപകമായി പ്രചരിച്ചു. ഇതോടെ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന നിരവധി ടൂർ പാക്കേജുകൾ റദ്ദാകുകയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് കുത്തനെ കുറയുകയും ചെയ്തു. ടൂറിസ്റ്റ് ടാക്സികൾ, ബസുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഭക്ഷണശാലകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി ടൂറിസത്തെ ആശ്രയിക്കുന്ന എല്ലാ മേഖലകളിലും തിരിച്ചടി പ്രകടമാണ്. നിരവധി വാഹനങ്ങൾ സർവിസ് നിർത്തി ഷെഡുകളിലായപ്പോൾ, ദിവസവേതന തൊഴിലാളികളും ഡ്രൈവർമാരും വരുമാനമില്ലാത്ത അവസ്ഥയിലായി.

മാധ്യമങ്ങളുടെ പങ്ക്

''ഇപ്രാവശ്യവും മാധ്യമങ്ങൾ മണ്ണിടിച്ചിൽ വാകത്തകള് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴത്തെ ക്യാൻസലേഷൻ പേർസൻ്റേജ് നോക്കിയാൽ മെയ് മാസത്തിൽ 85 ശതമാനവും, ജൂണിൽ 55 ശതമാനവുമാണ്. ജൂലൈയിൽ നല്ല ബുക്കിങുകൾ ഉണ്ടായിരുന്നു. എന്നാൽ മാധ്യമ പ്രചാരണം മൂലം ബുക്കിങ് പേർസൻ്റേജ് 10 ശതമാനത്തിലേയ്ക്ക് ഇടിഞ്ഞു. ഇപ്പോൾ വയനാട് എന്ന് കേൾക്കുമ്പോൾ പേടിയാണ് എല്ലാർക്കും. കേരളത്തിൽ ഉള്ളവർ പോലും ഇവിടേയ്ക്ക് വരാൻ പേടിക്കുകയാണ്. പ്രത്യേകിച്ച് മഴക്കാലത്ത്. മഴയുണ്ടോ, മണ്ണിടിച്ചിൽ വരുമോ, ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് വയനാട്ടിലേയ്ക്ക് വരുന്നത് എന്നെല്ലാം ആളുകൾ ചോദിക്കുന്നു.

വയനാടിനെ താങ്ങി നിർത്തുന്നത് ടൂറിസമാണ്. അത് ഇല്ലാതായാൽ സാമ്പത്തിക സ്ഥിതി എന്താകും. ഇങ്ങനെ പോയാൽ വയനാട് ടൂറിസം ഇല്ലാതെ പോകും. മുൻപ് നടന്ന ദുരന്തം ഒക്കെ ജനങ്ങൾ മറന്ന് വന്നപ്പോഴാണ് വീണ്ടും അടുത്ത ദുരന്തം വന്നെത്തിയത്. മാധ്യമങ്ങൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ആളുകളിൽ ഭീതിയുളവാക്കാൻ വഴിയൊരുക്കുകയും ചെയ്തു. ദുരന്തം നടന്നത് വയനാട്ടിലെ ഒരു മൂലയിലാണ്. എന്നാൽ മാധ്യമങ്ങൾ പറയുന്നത് വയനാട് എന്നാണ്. ആയതിനാൽ മാധ്യമങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണിത്. വയനാട്ടിൽ മണ്ണിടിച്ചിൽ എന്ന് പറയുന്നതിന് പകരം ആ പ്രദേത്തെ മാത്രം പറയാൻ ശ്രദ്ധിക്കുക'', എന്ന് ഡബ്ല്യൂടിഒ പ്രസിഡൻ്റ് സുനിൽകുമാർ എംജെ പറയുന്നു.

വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്

എടയ്ക്കൽ ഗുഹ, കുറുവാദ്വീപ്, പൂക്കോട് തടാകം, കാന്തൻപാറ വെള്ളച്ചാട്ടം, കറലാട് തടാകം തുടങ്ങി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദർശകർക്കും വലിയ കുറവുണ്ടായതായി മേഖലയിലുള്ളവർ പറയുന്നു. വയനാട് സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമാണെന്ന സന്ദേശം ശക്തമായി പ്രചരിപ്പിച്ച് സഞ്ചാരികളുടെ വിശ്വാസം വീണ്ടെടുക്കാൻ സർക്കാർ അടിയന്തര പ്രചാരണ പരിപാടികൾ ആരംഭിക്കണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ ആവശ്യം. ജില്ലയുടെ സമ്പദ്വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന വിനോദസഞ്ചാര മേഖലയെ വീണ്ടും സജീവമാക്കാൻ അടിയന്തര ഇടപെടലുകൾ വേണമെന്നാണ് ആവശ്യം. തെറ്റിദ്ധാരണകൾ മാറ്റി വയനാടിൻ്റെ യഥാർഥ സുരക്ഷാ സാഹചര്യം ജനങ്ങളിലെത്തിച്ചാൽ മാത്രമേ ടൂറിസം മേഖല പഴയ നിലയിലേക്ക് തിരിച്ചെത്താനാകൂ എന്നും വ്യക്തമാക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News