പ്ലീഡർ നിയമന വിവാദം: അലോഷ്യസ് സേവ്യറിനെതിരെ കടുത്ത വിമർശനവുമായി കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി
Thiruvananthapuram , 17 ജൂലൈ (H.S.) രുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും മുഖ്യമന്ത്രി വി. ഡി. സതീശനുമെതിരെ ഉയർന്ന വിവാദങ്ങൾക്കിടെ കെഎസ് യുവിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ
പ്ലീഡർ നിയമന വിവാദം: അലോഷ്യസ് സേവ്യറിനെതിരെ കടുത്ത വിമർശനവുമായി കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി


Thiruvananthapuram , 17 ജൂലൈ (H.S.)

രുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും മുഖ്യമന്ത്രി വി. ഡി. സതീശനുമെതിരെ ഉയർന്ന വിവാദങ്ങൾക്കിടെ കെഎസ് യുവിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കടുത്ത വിമർശനവുമായി സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുബാസ് അലോഷ്യസിനെതിരെ ആഞ്ഞടിച്ചത്.

കാമ്പും കരുത്തും ഉള്ള രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന മഹത്തായ പാരമ്പര്യം പേറുന്ന ഒരു പ്രസ്ഥാനത്തെ ചിലർ സ്വന്തം സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് മുബാസ് ഫേസ്ബുക്കിൽ കുറിച്ചു. അലോഷ്യസ് സേവ്യറിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുബാസിന്റെ വിമർശനം. മുഖ്യമന്ത്രിയെയോ കെപിസിസി നേതൃത്വത്തെയോ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാത്തവരാണ് ഇപ്പോൾ പൊതുമധ്യത്തിൽ സംഘടനയ്ക്കും നേതൃത്വത്തിനുമെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്ലീഡർ നിയമനത്തിന്റെ പാപഭാരം മുഴുവനും മുഖ്യമന്ത്രി വി. ഡി. സതീശന്റെ തലയിൽ കെട്ടിവെയ്ക്കാനാണ് ചിലർ ശ്രമിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ കെഎസ് യു ഔദ്യോഗികമായി ഇതുവരെയും ഒരു ലിസ്റ്റും സർക്കാരിന് നൽകിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ലോയേഴ്സ് കോൺഗ്രസ് നൽകിയ ലിസ്റ്റിനെക്കുറിച്ച് മിണ്ടാത്തവരാണ് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാൻ വ്യഗ്രത കാണിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തെ പോലെയല്ല ഇപ്പോഴത്തെ ഭരണമെന്നും, ഏതൊരു സാധാരണക്കാരനും കാണാനും ആശങ്കകൾ അറിയിക്കാനും അവസരമുള്ള ഒരു മുഖ്യമന്ത്രിയാണ് ഇന്നുള്ളതെന്നും മുബാസ് ഓർമ്മിപ്പിച്ചു. എന്നിട്ടും ഗൗരവമേറിയ ഒരു വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ പൊതുപരിപാടി നടക്കുന്നിടത്ത് സകല മാധ്യമങ്ങളെയും സാക്ഷ്യം നിർത്തി മുന്നിൽ ചെന്ന് നിൽക്കുകയല്ല ചെയ്യേണ്ടിയിരുന്നത്. പ്ലീഡർ നിയമന വിവാദമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ നേരിൽ കാണാൻ തയ്യാറാകാതിരുന്നവർ, അദ്ദേഹം പരസ്യമായി മറുപടി നൽകിയപ്പോൾ മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് നാടകീയമായി ശ്രമിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സംഘടനയോ പ്രവർത്തകരോ പ്രവർത്തക വികാരമോ പ്രശ്നപരിഹാരമോ ഒന്നുമല്ല ഇവരുടെ പ്രഥമ പരിഗണന. വെറും വ്യക്തി താല്പര്യങ്ങൾക്കും അനാവശ്യ മാധ്യമ ശ്രദ്ധയ്ക്കും വേണ്ടി മുഖ്യമന്ത്രിയെയും സർക്കാരിനെയും ഇരുട്ടിൽ നിർത്താനാണ് ചിലർ ശ്രമിക്കുന്നത്. കെഎസ് യു എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പതാക ഇത്തരം ഗൂഢ ലക്ഷ്യങ്ങൾക്ക് തണലൊരുക്കില്ലെന്നും, കേരളത്തിലെ സാധാരണക്കാരായ മുഴുവൻ കെഎസ് യു പ്രവർത്തകരുടെയും ചിലവിൽ ഇത് അനുവദിക്കില്ലെന്നും മുബാസ് വ്യക്തമാക്കി.

ഇപ്പോഴത്തെ ആശങ്കകളും വിവാദങ്ങളും ചിലരുടെ മോഹഭംഗങ്ങളിൽ നിന്ന് മാത്രം ഉദിച്ചുയർന്നതാണെന്നും അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അത് മനസ്സിലാകുമെന്നും പറഞ്ഞാണ് മുബാസ് ഓടക്കാലി തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയും കെഎസ് യു നേതൃത്വവും തമ്മിലുള്ള ഭിന്നത പരസ്യമായ സാഹചര്യത്തിൽ, സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ പ്രസിഡന്റിനെതിരെ ഉയർന്ന ഈ ആഭ്യന്തര കലഹം വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.

---------------

Hindusthan Samachar / Roshith K


Latest News