Enter your Email Address to subscribe to our newsletters

Mumbai , 17 ജൂലൈ (H.S.)
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ അട്ടിമറി സാധ്യതകൾ പ്രവചിച്ചുകൊണ്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ) നേതാക്കൾ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന എൻസിപി (എസ്പി) നേതാക്കളായ ജിതേന്ദ്ര ഔഹാദും ജയന്ത് പാട്ടീലുമാണ് ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയത്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസിലേക്ക് (എൻഡിഎ) ചേക്കേറാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക കൂടിക്കാഴ്ച നടന്നിരിക്കുന്നത്.
മുംബൈയിലെ ഷിൻഡെയുടെ ഔദ്യോഗിക വസതിയായ നന്ദൻവൻ ബംഗ്ലാവിലായിരുന്നു കൂടിക്കാഴ്ച. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയപരമായ പല സുപ്രധാന കാര്യങ്ങളും ചർച്ചയായതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിജെപി, ശിവസേന (ഷിൻഡെ വിഭാഗം), സുനേത്ര പവാറിന്റെ എൻസിപി എന്നിവരടങ്ങുന്ന ഭരണ സഖ്യമായ എൻഡിഎയിലേക്ക് എൻസിപി (എസ്പി) പ്രവേശിക്കുകയാണെങ്കിൽ ഉണ്ടായേക്കാവുന്ന അധികാര പങ്കാളിത്ത ക്രമീകരണങ്ങളെക്കുറിച്ച് നേതാക്കൾ തമ്മിൽ സംസാരിച്ചതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ഭാവിയിൽ ലഭിക്കാനിടയുള്ള മന്ത്രിസ്ഥാനങ്ങളെക്കുറിച്ചും വകുപ്പ് വിഭജനങ്ങളെക്കുറിച്ചും പ്രാഥമിക ചർച്ചകൾ നടന്നതായും വിവരമുണ്ട്.
എന്നാൽ, എൻഡിഎ പ്രവേശനത്തെക്കുറിച്ചും അജിത് പവാർ പക്ഷവുമായുള്ള ലയനത്തെക്കുറിച്ചുമുള്ള വാർത്തകൾ ജയന്ത് പാട്ടീലും ജിതേന്ദ്ര ഔഹാദും പൂർണ്ണമായും തള്ളിപ്പറഞ്ഞു. തങ്ങളുടെ മണ്ഡലങ്ങളിലെ വികസന കാര്യങ്ങളും പ്രാദേശിക പ്രശ്നങ്ങളും ചർച്ച ചെയ്യാനാണ് ഉപമുഖ്യമന്ത്രിയെ കണ്ടതെന്നാണ് നേതാക്കളുടെ ഔദ്യോഗിക വിശദീകരണം. ഒരു മുൻസിപ്പൽ കൗൺസിൽ പ്രസിഡന്റിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട വിഷയം ഷിൻഡെയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് എത്തിയതെന്നും, ഇതേ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും കണ്ടിരുന്നതായും അവർ വ്യക്തമാക്കി. 7,200 വോട്ടുകൾക്ക് വിജയിച്ച ഒരു കൗൺസിലർക്കെതിരെ സാംഗ്ലി കളക്ടർ എടുത്ത അയോഗ്യതാ നടപടി തെറ്റാണെന്നും, ഇത് തിരുത്തേണ്ടതുണ്ടെന്നും ജയന്ത് പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശരദ് പവാറിന്റെ പാർട്ടി എൻഡിഎ സഖ്യത്തിന്റെ ഭാഗമാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ സജീവമാണ്. വരാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ മണ്ഡല പുനർനിർണ്ണയ ബില്ലിനെ (delimitation bill) എൻസിപി (എസ്പി) പിന്തുണച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇതിന് പിന്നാലെ പാർട്ടിയിലെ പല മുതിർന്ന നേതാക്കളും ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയതും രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
എന്നാൽ ഈ വാർത്തകളെയെല്ലാം പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റും ബാരാമതിയിൽ നിന്നുള്ള ലോക്സഭാ എംപിയുമായ സുപ്രിയ സുലെ തള്ളിക്കളഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുന്ന തരത്തിലാണ് മണ്ഡല പുനർനിർണ്ണയ ബില്ലെങ്കിൽ അതിനെ എതിർക്കേണ്ട കാര്യമില്ലെന്നാണ് സുപ്രിയ സുലെ വ്യക്തമാക്കിയത്. അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ അണികൾക്കിടയിലും പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയിലും (MVA) വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും, പാർട്ടി അധ്യക്ഷൻ ശരദ് പവാർ, ജയന്ത് പാട്ടീൽ എന്നിവരുമായി ആലോചിച്ച ശേഷമാണ് താൻ ഈ കാര്യത്തിൽ വ്യക്തത വരുത്തുന്നതെന്നും സുപ്രിയ സുലെ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും, നിലവിലെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോൾ ഈ കൂടിക്കാഴ്ചകൾ വരാനിരിക്കുന്ന വലിയ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയായാണോ എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു.
---------------
Hindusthan Samachar / Roshith K