Enter your Email Address to subscribe to our newsletters

Kerala, 17 ജൂലൈ (H.S.)
തിരുവനന്തപുരം: കേരളത്തിൽ വലിയ തോതിലുള്ള വ്യവസായ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദത്തെ പൂർണ്ണമായും തള്ളി ടാറ്റ ഗ്രൂപ്പ് രംഗത്ത്. സംസ്ഥാനത്ത് വൻകിട കപ്പൽ നിർമ്മാണശാല (Shipbuilding Yard) ആരംഭിക്കാൻ ടാറ്റാ ഗ്രൂപ്പ് വരുന്നുവെന്ന പ്രഖ്യാപനമാണ് കമ്പനി അധികൃതർ നിഷേധിച്ചത്. ഇത്തരമൊരു പദ്ധതിയെക്കുറിച്ച് സർക്കാരുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്നും കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കൊന്നും നിലവിൽ പ്ലാനില്ലെന്നും ടാറ്റ വ്യക്തമാക്കിയതായി പ്രമുഖ ദേശീയ സാമ്പത്തിക മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്റെ ഭാഗമായി ടാറ്റയുമായി ധാരണയിലെത്തിയെന്നും വലിയ തൊഴിൽസാധ്യതകളുള്ള കപ്പൽ നിർമ്മാണ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള പ്രഖ്യാപനം. എന്നാൽ, കേരള സർക്കാരിനോട് ഇത്തരമൊരു പദ്ധതിയിൽ തങ്ങൾക്കുള്ള താല്പര്യം ഒരിടത്തും അറിയിച്ചിട്ടില്ലെന്നാണ് ടാറ്റ ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വൻകിട നിക്ഷേപങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ കമ്പനി തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയത് സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. പ്രതിപക്ഷവും ഈ വിഷയം സർക്കാരിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ്.
അതേസമയം, പദ്ധതിയെക്കുറിച്ചുള്ള വാർത്തകൾ ടാറ്റ ഗ്രൂപ്പ് നിഷേധിച്ചെങ്കിലും തങ്ങളുടെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് (CMO). ടാറ്റയുടെ പ്രതിനിധികളുമായി പദ്ധതി സംബന്ധിച്ച പ്രാരംഭഘട്ട ചർച്ചകൾ (Initial Discussions) നടന്നിട്ടുണ്ടെന്നും ഔദ്യോഗികമായ ചർച്ചകളുടെ വിശദാംശങ്ങൾ യഥാസമയം പുറത്തുവിടുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. പ്രാരംഭ ചർച്ചകൾ നടക്കുന്നത് സ്വാഭാവികമാണെന്നും അത് നിക്ഷേപത്തിന്റെ അന്തിമ തീരുമാനമായി കമ്പനികൾ ഉടൻ പ്രഖ്യാപിക്കാത്തത് വ്യവസായ ലോകത്തെ രീതിയാണെന്നുമാണ് സർക്കാരിനെ അനുകൂലിക്കുന്നവർ പറയുന്നത്.
സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും വൻകിട നിക്ഷേപങ്ങളെക്കുറിച്ചും വലിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ പുതിയ വിവാദം പുകയുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നടത്തിയ പ്രഖ്യാപനമായതുകൊണ്ട് തന്നെ ടാറ്റയുടെ ഈ തിരുത്ത് സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന വിമർശനം ശക്തമാണ്. വരും ദിവസങ്ങളിൽ പദ്ധതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകളോ കൃത്യമായ വിവരങ്ങളോ പുറത്തുവിട്ട് വിവാദങ്ങൾക്ക് തടയിടാനാകും മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുക.
---------------
Hindusthan Samachar / Roshith K