Enter your Email Address to subscribe to our newsletters

Kozhikode, 17 ജൂലൈ (H.S.)
കോഴിക്കോട്: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്ജിയില് സംസ്ഥാന സര്ക്കാരും വകുപ്പ് മന്ത്രിയും പാര്ട്ടിയുടെയും മുന്നണിയുടെയും പ്രഖ്യാപിത നയങ്ങള്ക്ക് വിരുദ്ധമായി നിലപാട് സ്വീകരിച്ചതില് മുസ്ലിം ലീഗിലും വിവിധ മുസ്ലിം സംഘടനകളിലും കടുത്ത അമര്ഷവും പ്രതിഷേധവും പുകയുന്നു. വഖഫ് ബോര്ഡില് ഇതര സമുദായങ്ങളില് പെട്ടവരെ അംഗങ്ങളാക്കുന്ന പുതിയ നിയമ വ്യവസ്ഥയ്ക്കെതിരെ ശക്തമായ നിയമപോരാട്ടവുമായി സുപ്രീം കോടതിയെ സമീപിച്ച മുസ്ലിം ലീഗ്, ഇപ്പോള് തങ്ങളുടെ നിലപാടില് നിന്ന് പിന്നാക്കം പോയെന്നാണ് സംഘടനകള്ക്കിടയില് ഉയരുന്ന പ്രധാന ആക്ഷേപം.
വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില് ബോര്ഡ് പുനഃസംഘടിപ്പിക്കുമെന്ന സര്ക്കാരിന്റെയും വഖഫ് വകുപ്പ് മന്ത്രിയുടെയും നിലപാടാണ് ലീഗിനുള്ളിലും അണികള്ക്കിടയിലും വലിയ അതൃപ്തിക്ക് കാരണമായിരിക്കുന്നത്. കേന്ദ്ര സര്ക്കാര് കൊണ്ടുവന്ന ഭേദഗതി നിയമപ്രകാരം ഇതര മതസ്ഥരായ രണ്ട് അംഗങ്ങളെ വഖഫ് ബോര്ഡില് ഉള്പ്പെടുത്തണമെന്ന വ്യവസ്ഥയെ പാര്ട്ടിയും വഖഫ് സംരക്ഷണ സമിതിയും നഖശിഖാന്തം എതിര്ത്തിരുന്നു. ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി ലീഗ് നേതൃത്വം സുപ്രീം കോടതിയില് ഹര്ജി നല്കുകയും ചെയ്തു.
എന്നാൽ, ഭേദഗതി നിയമം അനുശാസിക്കുന്ന രീതിയില് വഖഫ് ബോര്ഡ് പുനഃസംഘടിപ്പിക്കാന് തയ്യാറാണെന്ന് സര്ക്കാര് കോടതിയെ അറിയിച്ചതാണ് സംഘടനകളെ ചൊടിപ്പിച്ചത്. കേന്ദ്ര നിയമം നടപ്പിലാക്കാന് വഖഫ് വകുപ്പ് നേരിട്ട് സന്നദ്ധത പ്രകടിപ്പിച്ചത് ലീഗിന്റെ പ്രഖ്യാപിത രാഷ്ട്രീയ നയത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഒരുതരത്തില് കേന്ദ്ര സര്ക്കാരിന്റെ അജണ്ടകള്ക്ക് വഴങ്ങിക്കൊടുക്കുന്നതിന് തുല്യമാണെന്ന ആരോപണവും വിവിധ കോണുകളില് നിന്ന് ഉയരുന്നുണ്ട്.
വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും ബോര്ഡിന്റെ സ്വയംഭരണാധികാരവും സംരക്ഷിക്കാന് ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ച ലീഗ് നേതൃത്വം, ഇപ്പോള് നിലപാട് മാറ്റിയത് അണികളിലും വിശ്വാസികളിലും അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. വഖഫ് വിഷയത്തില് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന പ്രമുഖ മുസ്ലിം സംഘടനകളും ലീഗ് നേതൃത്വത്തിന്റെയും സര്ക്കാരിന്റെയും ഈ മലക്കംമറച്ചിലിനെതിരെ പരസ്യമായ വിയോജിപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.
വരും ദിവസങ്ങളില് പാര്ട്ടിക്കുള്ളിലും വഖഫ് സംരക്ഷണ സമിതികള്ക്കിടയിലും ഈ വിഷയം വലിയ രാഷ്ട്രീയ കോളിളക്കങ്ങള്ക്ക് വഴിതുറക്കുമെന്നുറപ്പാണ്. പാര്ട്ടിയുടെ അടിത്തറയായ മതസംഘടനകളുടെ വിശ്വാസം വീണ്ടെടുക്കാന് ലീഗ് നേതൃത്വം ഇനി എന്ത് ബദല് നീക്കമാണ് നടത്തുകയെന്നാണ് രാഷ്ട്രീയ കേരളം ഇപ്പോള് ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / Roshith K