മുന്നറിയിപ്പില്ലാത്ത പവർകട്ടിനെ തുടർന്ന് ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് വീട്ടിൽ ചികിത്സയിലായിരുന്ന കിടപ്പുരോഗി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി.
Palakkad , 18 ജൂലൈ (H.S.) മുന്നറിയിപ്പില്ലാത്ത പവർകട്ടിനെ തുടർന്ന് ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് വീട്ടിൽ ചികിത്സയിലായിരുന്ന കിടപ്പുരോഗി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി. പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കേനാത്ത് പറമ്പ് കലിയങ്കണ്ടത്ത്
Medical negligence


Palakkad , 18 ജൂലൈ (H.S.)

മുന്നറിയിപ്പില്ലാത്ത പവർകട്ടിനെ തുടർന്ന് ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് വീട്ടിൽ ചികിത്സയിലായിരുന്ന കിടപ്പുരോഗി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി. പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കേനാത്ത് പറമ്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം കൃഷ്ണൻ (71) ആണ് മരിച്ചത്. വിവരം അറിയിക്കാൻ വിളിച്ച കുടുംബത്തോട് വീട്ടിൽ ഇൻവെർട്ടർ വാങ്ങി വയ്ക്കാനായിരുന്നു എന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ മറുപടി നൽകിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണനെ എട്ടുദിവസം മുൻപാണ് വീട്ടിലേക്ക് മാറ്റിയത്. ഒരു മിനിറ്റ് പോലും ഓക്സിജൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസൺട്രേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

വ്യാഴാഴ്ച രാത്രി രണ്ടുതവണയാണ് പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടത്. ആദ്യ തവണ 25 മിനിറ്റോളം വൈദ്യുതി പോയപ്പോൾ തന്നെ കൃഷ്ണൻ്റെ ശരീരത്തിലെ ഓക്സിജൻ നില 43ലേക്ക് താഴ്ന്നിരുന്നു. പിന്നീട് അർധരാത്രി 11.45ഓടെ വീണ്ടും വൈദ്യുതി നിലച്ചു. ഇതോടെ യന്ത്രത്തിൻ്റെ പ്രവർത്തനം പൂർണമായും നിലയ്ക്കുകയും ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ കൃഷ്ണൻ്റെ ശരീരത്തിലെ ഓക്സിജൻ അളവ് വളരെ വേഗം അപകടകരമായ രീതിയിൽ 39ലേക്ക് താഴുകയും ചെയ്തു.

ഈ അടിയന്തര സാഹചര്യത്തിൽ പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടൻ തന്നെ പാലക്കാട് കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച് വിവരം അറിയിച്ചു. എന്നാൽ തികച്ചും നിരുത്തരവാദപരവും മനുഷ്യത്വ രഹിതവുമായ മറുപടിയാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നും ഉണ്ടായതെന്ന് മരിച്ച കൃഷ്ണൻ്റെ മരുമകൾ സനിഷ്മ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും വീട്ടിൽ ഇൻവെർട്ടർ വാങ്ങി വയ്ക്കാനുമായിരുന്നു ഫോൺ എടുത്ത ജീവനക്കാരൻ്റെ മറുപടി. രോഗിയുടെ ദയനീയ അവസ്ഥ വിവരിച്ച് പരമാവധി സഹായം അഭ്യർഥിച്ചെങ്കിലും ഉദ്യോഗസ്ഥർ കൈമലർത്തുകയായിരുന്നു. രോഗിയുടെ ആരോഗ്യനില തീർത്തും മോശമായിരുന്നതിനാൽ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റാനും സാധിക്കുമായിരുന്നില്ല. ശരീരം അനക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.

രാത്രി 12.45ന് പ്രദേശത്ത് വൈദ്യുതി തിരിച്ചെത്തുകയും ഓക്സിജൻ കോൺസൺട്രേറ്റർ വീണ്ടും പ്രവർത്തിപ്പിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും കൃഷ്ണൻ്റെ നില അതീവ ഗുരുതരമായി മാറിയിരുന്നു. തുടർന്ന് രോഗിയെ വീട്ടിൽ സ്ഥിരമായി പരിചരിക്കുന്ന പാലിയേറ്റീവ് നഴ്സ് ചിത്ര അഭയിനെ കുടുംബാംഗങ്ങൾ വിവരം അറിയിച്ചു. എന്നാൽ ചിത്ര എത്തുമ്പോഴേക്കും കൃഷ്ണൻ്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. രാവിലെ ആറുമണിയോടെയാണ് മരണം സംഭവിച്ചത്. വൈദ്യുതി ഓഫിസിലേക്ക് വിളിച്ചപ്പോൾ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ പ്രതികരണം ഏറെ വേദനിപ്പിച്ചുവെന്ന് പാലിയേറ്റീവ് നഴ്സ് ചിത്ര അഭയ് തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. എല്ലാവർക്കും ഓക്സിജൻ സിലിണ്ടറും ഇൻവെർട്ടറും വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടാകില്ലെന്നും അധികാരികൾ ഈ നാടിനെ ഇരുട്ടിലാക്കുമ്പോൾ ആരും അറിയപ്പെടാതെ ഇതുപോലെ ജീവനുകൾ നഷ്ടപ്പെടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കുവൈറ്റിലുള്ള മകൻ മണികണ്ഠൻ നാട്ടിലെത്തിയ ശേഷം കൃഷ്ണൻ്റെ സംസ്കാരം നടക്കും. രഞ്ജിനിയാണ് മറ്റൊരു മകൾ. സനിഷ്മ, പ്രമോദ് എന്നിവർ മരുമക്കളാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള കെഎസ്ഇബിയുടെ വൈദ്യുതി നിയന്ത്രണവും ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റവുമാണ് കൃഷ്ണൻ്റെ ജീവനെടുത്തതെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് രാത്രിയും പകലും യാതൊരു പ്രഖ്യാപനവുമില്ലാതെ മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്. ഇത് വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളുടെ ജീവനാണ് അപകടത്തിലാക്കുന്നത്. സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

സർക്കാർ നിസ്സംഗത വെടിയണം: വീണ ജോർജ്

സംഭവം കൊവിഡ് കാലത്തെ ഓർമിപ്പിക്കുന്നതാണെന്ന് മുൻ ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. രണ്ടാം കൊവിഡ് തരംഗത്തിൻ്റെ തീവ്രമായ ഘട്ടത്തിൽ പോലും ഓക്സിജൻ കിട്ടാതെ കേരളത്തിൽ ആരും മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ആശുപത്രികളിൽ ഓക്സിജൻ ബെഡുകൾ ക്രമീകരിക്കുകയും വീടുകളിലെ കിടപ്പുരോഗികൾക്ക് ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഉറപ്പാക്കുകയും ചെയ്തിരുന്നു. ഓക്സിജൻ പ്രതിസന്ധിയില്ലാത്ത കേരളത്തിൻ്റെ കൊവിഡ് പ്രതിരോധം കണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിൻ്റെ റിപ്പോർട്ടർ അന്ന് തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു.

എന്നാൽ ഇന്ന് പവർ കട്ട് മൂലം ഓക്സിജൻ ലഭിക്കാതെ സംസ്ഥാനത്ത് മരണം സംഭവിച്ചിരിക്കുകയാണ്. മൂന്നുമാസം മുൻപുവരെ പവർ കട്ട് എന്തെന്ന് അറിയാതിരുന്ന പുതിയ തലമുറ ഇന്ന് ഒരു ദിവസം തന്നെ പലതവണ പവർ കട്ട് അനുഭവിക്കേണ്ടി വരികയാണ്. അതിൻ്റെ എല്ലാ പ്രത്യാഘാതങ്ങളും സമൂഹം നേരിടുകയാണെന്നും ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്ന ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ നിസ്സംഗത വെടിയണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News